ധൂര്‍ത്തിനു പരിധിയില്ല വന്‍തുക ശമ്പളത്തില്‍ വീണ്ടും കിഫ്ബിയില്‍ ഉപദേശകരെ നിയമിക്കുന്നു
തിരുവനന്തപുരം: വന്‍തുക ശമ്പളം നല്‍കി കരാര്‍ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ വീണ്ടും ഉപദേശകരെ നിയമിക്കുന്നു. അഞ്ച് ഉപദേശകര്‍ക്കായി അപേക്ഷ ക്ഷണിച്ച് കിഫ്ബി കഴിഞ്ഞ ദിവസം ഉത്തരവിറക്കി. പുതിയ സാഹചര്യത്തില്‍ കിഫ്ബിയുടെ പ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലായേക്കാവുന്ന ഘട്ടത്തിലാണ് വന്‍ ശമ്പളത്തില്‍ അഞ്ച് ഉപദേശകരെക്കൂടി നിയമിക്കാന്‍ തീരുമാനിച്ചത്.
സീനിയര്‍ പ്രൊജക്ട് അഡൈ്വസര്‍, പ്രൊജക്ട് അഡൈ്വസര്‍, ജൂനിയര്‍ പ്രൊജക്ട് അഡൈ്വസര്‍, സീനിയര്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍, ടെക്‌നിക്കല്‍ അഡൈ്വസര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനിലൂടെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം മുപ്പതാണ്. സീനിയര്‍ പ്രൊജക്ട് അഡൈ്വസര്‍ക്ക് ദിവസം 10,000 രൂപയാണ് ശമ്പളം. പ്രൊജക്ട് അഡൈ്വസര്‍ക്ക് ദിവസവേതനം 6,000 രൂപയും. ടെക്‌നിക്കല്‍ അഡൈ്വസര്‍ക്ക് 4,000 രൂപയും ജൂനിയര്‍ പ്രൊജക്ട് അഡൈ്വസര്‍, ടെക്‌നിക്കല്‍ അഡൈ്വസര്‍ തസ്തികകളില്‍ ദിവസം 2,500 രൂപയും വേതനം നല്‍കുമെന്നാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. അഞ്ചു മുതല്‍ 20 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ളവരെയാണ് ക്ഷണിച്ചിരിക്കുന്നത്.
കിഫ്ബിയുടെ ഓഫിസ് വാടക തന്നെ മാസം ഏഴു ലക്ഷം രൂപയാണ്. 42 സ്ഥിരം ജീവനക്കാര്‍ക്കു പുറമെ 117 കരാര്‍ ജീവനക്കാരും ഇപ്പോള്‍തന്നെ കിഫ്ബിക്കുണ്ട്. പത്തോളം കാറുകളും കിഫ്ബിക്കു വേണ്ടി ഓടുന്നു. ചീഫ് സെക്രട്ടറിയെക്കാളും ശമ്പളം വാങ്ങുന്ന രണ്ട് ഉദ്യോഗസ്ഥര്‍ കിഫ്ബിയിലുണ്ട്. മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ കെ.എം എബ്രഹാമും ചീഫ് പ്രൊജക്ട് എക്‌സാമിനറും ബി.എസ്.എന്‍.എല്ലിലെ മുന്‍ ഉദ്യോഗസ്ഥനുമായ വിജയദാസും മൂന്നു ലക്ഷത്തിലധികം രൂപ ശമ്പളമായി കിഫ്ബിയില്‍നിന്നു കൈപ്പറ്റുന്നുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട അവസരത്തിലാണ് കിഫ്ബി വന്‍ ശമ്പളത്തില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള പരസ്യം നല്‍കിയിരിക്കുന്നത്. അഞ്ചു തസ്തികകളിലേക്കുമായി നിയമനം നടന്നാല്‍ മാസം ഏഴര ലക്ഷം രൂപ കിഫ്ബിയില്‍ ശമ്പളം നല്‍കുന്നതിനു മാത്രമായി വീണ്ടും മാറ്റിവയ്‌ക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."