കോടോം-ബേളൂര്‍ പ്ലാസ്റ്റിക് മാലിന്യ മുക്ത പഞ്ചായത്താകുന്നു
രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യമുക്ത പഞ്ചായത്താകുന്നു. ഹരിതകര്‍മസേനയുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് രഹിത പഞ്ചായത്താക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് ശേഖരിച്ച് കൊണ്ടുപോകും. ആവശ്യം കഴിഞ്ഞ പ്ലാസ്റ്റിക് വസ്തുക്കള്‍ വൃത്തിയാക്കി ഓരോ വീട്ടുകാരും സ്ഥാപന ഉടമയും പേരെഴുതി സൂക്ഷിച്ചു വെക്കണം.
മാസത്തില്‍ രണ്ടുതവണ സേനാംഗങ്ങള്‍ ഇതുശേഖരിച്ചുകൊണ്ടുപോകും. ഓരോ മാസവും മാലിന്യശേഖരണത്തിന്റെ ചെലവിലേക്കായി വീടുകളില്‍ നിന്ന് 30ഉം വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് 50ഉം രൂപ വീതം നല്‍കുകയും വേണം. ഹരിത കേരള മിഷന്‍ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി 2017ല്‍ ഓരോ വാര്‍ഡില്‍ നിന്നും രണ്ടുപേര്‍ വീതം പഞ്ചായത്ത് തലത്തില്‍ 38 ഹരിത സേനാംഗങ്ങളെ തിരഞ്ഞെടുത്ത് പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ പരിശീലനം നല്‍കിയിരുന്നു.
ഇവരെ ഉപയോഗിച്ചാണ് വീടുകളിലും സ്ഥാപനങ്ങളിലുമുള്ള മാലിന്യങ്ങള്‍ ശേഖരിക്കുക. ഇവ വാര്‍ഡ് കേന്ദ്രത്തിലും പിന്നീട് എഴാംമൈല്‍ പോര്‍ക്കളത്ത് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി പഞ്ചായത്തിന് അനുവദിച്ച തരംതിരിവ് കേന്ദ്രത്തിലുമെത്തിക്കും.
ഇവിടെനിന്നു മാലിന്യങ്ങള്‍ തരം തിരിച്ച് ആദ്യഘട്ടത്തില്‍ ജില്ലയിലെ പ്ലാസ്റ്റിക് പുനരുപയോഗ കേന്ദ്രങ്ങള്‍ക്ക് കൈമാറും. ഭാവിയില്‍ പഞ്ചായത്ത് തലത്തില്‍ തന്നെ പുനരുപയോഗ കേന്ദ്രവും തുടങ്ങാനാണ് തീരുമാനം. ഇത് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനുമാകും. നിലവില്‍ ഓരോ മാസവും മാലിന്യ ശേഖരണത്തിന്റെ ചെലവിലേക്കായി ഈടാക്കുന്ന തുക പ്രത്യേക ബാങ്ക് അക്കൗണ്ടിലൂടെ കുടുംബശ്രീ സി.ഡി.എസ് മുഖേന വാഹന വാടക, ഹരിത സേനാംഗങ്ങളുടെ വേതനം എന്നിവയ്ക്ക് ഉപയോഗിക്കും.
പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച പ്ലാസ്റ്റിക് തരംതിരിവ് കേന്ദ്രത്തിന്റെയും ഹരിത കര്‍മസേനാംഗങ്ങളുടെ പ്ലാസ്റ്റിക് ശേഖരണ പ്രവൃത്തിയുടെയും ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ജില്ലാ ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."