പുതിയ ബസ് സ്റ്റാന്‍ഡ് കടമുറി ലേലം: കൗണ്‍സില്‍ യോഗത്തില്‍ ബഹളം
കാഞ്ഞങ്ങാട്: അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സിലെ മുറികളും സ്റ്റാളുകളും മറ്റ് അനുബന്ധ സാധനങ്ങളും അനുവദിച്ചുനല്‍കുന്നതിനുള്ള ബൈലോ ഭേദഗതിയെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബഹളം തുടര്‍ന്നതോടെ പത്തുമിനുട്ടിനുള്ളില്‍ യോഗനടപടികളും അജന്‍ഡകളും പാസാക്കി നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ യോഗത്തില്‍നിന്ന് ഇറങ്ങിപോയി.
2010 മെയ് 25 ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലെ 16-ാം നമ്പര്‍ തീരുമാനപ്രകാരം ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സിലെ മുറികള്‍ ലൈസന്‍സ് വ്യവസ്ഥയില്‍ നല്‍കുന്നത് സംബന്ധിച്ചുള്ള പൊതു വ്യവസ്ഥകളും നിബന്ധനകളും ഭേദഗതി ചെയ്യുന്ന വിഷയമാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രധാന അജന്‍ഡയായി വന്നത്. എന്നാല്‍ എന്തെല്ലാമാണ് ഭേദഗതി ചെയ്യുന്നതെന്നോ ഭേദഗതിക്കാധാരമായ വ്യവസ്ഥകള്‍ എന്തെല്ലാമെന്നോ അജന്‍ഡയില്‍ വ്യക്തമാക്കിയിട്ടില്ല.
ഭേദഗതി തീരുമാനത്തിന്റെ ഫയല്‍ നമ്പറോ മറ്റ് അനുബന്ധരേഖകളോ അജന്‍ഡയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമില്ല. യോഗം തുടങ്ങിയയുടന്‍ ബൈലോ ഭേദഗതിയിലെ അവ്യക്തത ചൂണ്ടിക്കാട്ടി യു.ഡി.എഫ്-ലീഗ് കൗണ്‍സിലര്‍മാര്‍ എഴുന്നേറ്റതോടെ യോഗം ബഹളമയമാവുകയായിരുന്നു.
നേരത്തെയെടുത്ത തീരുമാനങ്ങള്‍ മാറ്റാന്‍ കൗണ്‍സില്‍ യോഗത്തിനുമാത്രമേ അധികാരമുള്ളൂവെന്നും സ്ഥിരം സമിതി അംഗീകരിച്ച കാര്യങ്ങള്‍ കൗണ്‍സിലിലേക്ക് പാസാക്കിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്ന പ്രവണത നല്ലതല്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
ഒട്ടേറെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുറി അനുവദിക്കണമെന്ന അജന്‍ഡയും കടമുറികള്‍ ലേലം ചെയ്യാനുള്ള ബൈലോ അംഗീകരിക്കുന്ന വിഷയവും വന്നതോടെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."