കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു
മഞ്ചേശ്വരം: കൊലപാതകം ഉള്‍പ്പെടെ ഒട്ടനവധി കേസുകളില്‍ പ്രതിയായ യുവാവിനു വെട്ടേറ്റു. പൈവളിഗെ ബായിക്കട്ട കളാരിയിലെ ജയറാം നോഡ (38)യ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് വീട്ടില്‍വച്ചാണ് സംഭവം. സമീപവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലിസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജയറാമിന്റെ സഹോദരന്‍ പ്രഭാകരന്‍ നോഡയാണ് യുവാവിനെ വെട്ടിയതെന്നാണ് സൂചന. ഇയാള്‍ക്കു വേണ്ടി മഞ്ചേശ്വരം സി.ഐ സിബി തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുടുംബപ്രശ്‌നമാണ് വധശ്രമത്തിനുപിന്നിലെന്നാണ് സൂചന. കൊലക്കേസ്, കവര്‍ച്ചക്കേസ് അടക്കം ഒട്ടനവധി കേസുകളില്‍ പ്രതിയാണ് ജയറാം.
ജയറാമിനെ വെട്ടുന്നത് തടയാന്‍ ചെന്ന സഹോദരീ ഭര്‍ത്താവ് ചന്ദ്രശേഖരനും പരുക്കേറ്റു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവ സമയത്ത് മാതാവും സഹോദരിയും സഹോദരീ ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നു. അടക്ക വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലിസിനു ലഭിച്ച വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."