ആറു മാസത്തെ ശിക്ഷാ കലാവധി കഴിഞ്ഞു; പക്ഷെ സക്കീര്‍ ഹുസൈനു നാട്ടിലെത്താന്‍ സുമനസ്സുകള്‍ കനിയണം
ജിദ്ദ: ആറുവര്‍ഷം സഊദിയില്‍ വീട്ടുഡ്രൈവറായി ജോലി ചെയ്ത മലയാളി യുവാവ് നാട്ടില്‍ പോവാന്‍ സാധിക്കാതെ സുമനസ്സുകളുടെ സഹായം തേടുന്നു.
സ്‌പോണ്‍സറുമായുള്ള കേസ് ഒത്തുതീര്‍പ്പാവാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ തിരുവനന്തപുരം സ്വദേശി സക്കീര്‍ ഹുസൈനാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.
നിരന്തരം ട്രാഫിക് പിഴ വരുത്തുന്നു എന്നും വാഹനത്തിനു കേടുപാടുകള്‍ വരുത്തുന്നു എന്നും ടയര്‍ പഞ്ചറായ വാഹനം ഓടിച്ചു എന്നുമുള്ള നിരവധി കേസുകളായിരുന്നു ഇയാള്‍ക്കെതിരേ സ്‌പോണ്‍സര്‍ നല്‍കിയത്. തുടര്‍ന്ന് സ്‌പോണ്‍സറുടെ പരാതി മറികടക്കാന്‍ സ്‌പോണ്‍സറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ പൊലിസിനെ വിളിച്ചു കള്ളകേസില്‍ കുടുക്കുകയായിരുന്നു.
തന്റെ ഡ്രൈവര്‍ വീട്ടുകാരോട് മോശമായി പെരുമാറുന്നു എന്നും വാഹനം കേടാക്കി 20,000 റിയാല്‍ നഷ്ടം വരുത്തി എന്നുമാണ് പൊലിസില്‍ സ്‌പോണ്‍സര്‍ നല്‍കിയ കേസ്. തുടര്‍ന്ന് പൊലിസിനെകൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിലാക്കുകയും ചെയ്തു.
6 മാസം തടവും 70 ചാട്ടവാറടിയും നാടുകടത്തലുമാണ് കോടതി വിധിച്ച ശിക്ഷ. തടവും അടിശിക്ഷയും കഴിഞ്ഞിട്ടും സ്വന്തം സ്‌പോണ്‍സര്‍ പരാതിക്കാരന്‍ ആയതിനാല്‍ സ്‌പോണ്‍സറുടെ ഫൈനല്‍ സ്‌റ്റേറ്റ്‌മെന്റ് കൂടി കിട്ടിയാല്‍ മാത്രമേ സക്കീര്‍ ഹുസൈന് നാട്ടില്‍ പോകാന്‍ കഴിയുകയുള്ളൂ എന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് സ്റ്റേഷനില്‍ നിന്നും അറിയിയാന്‍ കഴിഞ്ഞത്.
എന്നാല്‍ സ്‌പോണ്‍സര്‍ നാട്ടില്‍ പോവാന്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് സക്കീര്‍ ഹുസൈന്‍ പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍) യുമായി ബന്ധപ്പെടുകയും പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറയും ചെയര്‍മാന്‍ ലത്തീഫ് തെച്ചിയും അടങ്ങുന്ന പ്ലീസ് ഇന്ത്യ ടീം സ്‌പോണ്‍സറുടെ വീട്ടില്‍ എത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ 20000 റിയാല്‍ എന്നുള്ളത് 5000 റിയാലാക്കി കുറച്ചു. 5000 റിയാല്‍ തന്നാല്‍ എക്്‌സിറ്റ് അടിച്ചു വിടാമെന്നും സ്‌പോണ്‍സറുമായി ധാരണയായി.
എന്നാല്‍ നാട്ടില്‍ വാടക വീട്ടില്‍ കഴിയുന്ന ഉമ്മയും ഭാര്യയും നാലുമക്കളും ഉള്ള സക്കീര്‍ ഹുസൈന്‍ ഒന്നര വര്‍ഷത്തോളമായി ജോലിയോ ശമ്പളമോ ഇല്ലാതെ നാട്ടില്‍ പണമയക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ സ്‌പോണ്‍സര്‍ക്ക് കൊടുക്കാന്‍ ഉള്ള പണത്തിനു സുമനസ്സുകളുടെ സഹായം തേടുകയാണിപ്പോള്‍.
ഇദ്ദേഹത്തെ സഹായിക്കാന്‍ താല്‍പര്യം ഉള്ള സുമനസ്സുകള്‍ പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ) സെക്രട്ടറി സൈഫുദ്ധീന്‍ എടപ്പാള്‍ 0502417945. ജോയിന്‍ സെക്രട്ടറി മന്‍സൂര്‍ കാരയില്‍ 0549882200 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."