ടാറിങ് നടത്തി ആഴ്ചകള്‍ക്കുള്ളില്‍ ഓര്‍ച്ച റോഡ് തകര്‍ന്നു
നീലേശ്വരം: ആഴ്ചകള്‍ക്ക് മുന്‍പ് ടാറിങ് നടത്തിയ റോഡ് തകര്‍ന്നു. ഓര്‍ച്ച പുഴയോരത്ത് കൂടി കടന്നുപോകുന്ന റോഡാണ് തകര്‍ന്നത്. ടാറിങ് ചെയ്യുമ്പോള്‍ തന്നെ നാട്ടുകാര്‍ കരാറുകാരനോട് അപാകത ചൂണ്ടിക്കാണിച്ചിരുന്നു.
ചെറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ തന്നെ ടാറിങ് ഇളകുന്നതായി ആളുകള്‍ പരാതി ഉയര്‍ത്തിയിരുന്നു. ടാറിങ് പൂര്‍ത്തിയായി കൂടുതല്‍ വാഹനങ്ങള്‍ റോഡിലൂടെ കടന്നുപോയതോടെ റോഡ് പൊട്ടിപ്പൊളിയുകയായിരുന്നു. ഓര്‍ച്ച 100 മീറ്റര്‍ റോഡാണ് ടാറിങ് നടത്തിയത്.
പുഴയോരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന റോഡാണിത്. ടാറിങ്ങിലെ വീഴ്ചകളും ടാര്‍ നന്നായി ഉപയോഗിക്കാത്തതും ചെറിയ കല്ലുകള്‍ ഉപയോഗിച്ച് റീസോളിങ് നടത്താത്തതുമാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് താഴ്ന്നു എന്ന പരാതിയെ തുടര്‍ന്നാണ് നഗരസഭാ ചെയര്മാന് കെ.പി ജയരാജന് നേരിട്ടെത്തി ടാറിങ് ഏര്‍പ്പാടാക്കിയത്. ആഴ്ചകള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നതുകാരണം കരാറുകാരനെതിരേ നടപടി എടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."