റഷ്യയില്‍ അതിവേഗ വ്യാപനം
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനം ചില രാജ്യങ്ങളില്‍ നിയന്ത്രണവിധേയമായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍, മറ്റു ചില രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്നു. സ്‌പെയിന്‍, ഇറ്റലി എന്നിവയടക്കം നേരത്തെ പ്രതിസന്ധിയിലായിരുന്ന രാജ്യങ്ങള്‍ രോഗവ്യാപനം നിയന്ത്രണത്തിലായതായതിനെ തുടര്‍ന്നു വിവിധ നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ റഷ്യയടക്കം മറ്റു രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കുകയാണ്.
രണ്ടു ദിവസം മുന്‍പുവരെ ഒരു ലക്ഷത്തില്‍ താഴെ രോഗികളുണ്ടായിരുന്ന റഷ്യയില്‍ ഇന്നലെ രോഗികളുടെ എണ്ണം 1,34,687 ആയി വര്‍ധിച്ചു.
ഇന്നലെ മാത്രം പതിനൊന്നായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,280 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം 58 പേരാണ് റഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. നേരത്തെ, റഷ്യന്‍ പ്രധാനമന്ത്രിയടക്കം ഭരണതലപ്പത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ലോകത്താകെ കൊവിഡ് മരണസംഖ്യ 2,45,617 ആയി ഉയര്‍ന്നു. 35.16 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍, 11.34 ലക്ഷം പേര്‍ രോഗവിമുക്തരായിട്ടുണ്ട്. ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കുപ്രകാരം 2,38,628 പേര്‍ മരിക്കുകയും 33,49,786 പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് മുന്നില്‍. 11.65 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 67,552 പേര്‍ മരിച്ചു. ഇന്നലെ മാത്രം ആയിരത്തിലേറെ പേര്‍ മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. ബ്രിട്ടനിലും കൊവിഡ് വ്യാപനം ശക്തിയാര്‍ജിച്ചിരിക്കുകയാണ്.
1.82 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ച ഇവിടെ 28,131 പേരാണ് മരിച്ചത്. രണ്ടു ദിവസത്തിനിടെയാണ് ബ്രിട്ടനിലെ മരണസംഖ്യയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.
നിലവില്‍ മരണസംഖ്യയില്‍ അമേരിക്കയ്ക്കും ഇറ്റലിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബ്രിട്ടന്‍.
ഇറ്റലിയില്‍ 2.09 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിക്കുകയും 28,710 പേര്‍ മരിക്കുകയും ചെയ്തു. സ്‌പെയിനില്‍ 2.47 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 25,264 പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ 1.68 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 24,760 പേരാണ് മരിച്ചത്.
ഇവകൂടാതെ ജര്‍മനി, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്. ബ്രസീലിലും ഇറാനിലും രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്താണ്. അതേസമയം, ചൈനയില്‍ ഇന്നലെ രണ്ടുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ജര്‍മനിയില്‍ 6,812, തുര്‍ക്കിയില്‍ 3,336, ബ്രസീലില്‍ 6,761, ഇറാനില്‍ 6,203, ചൈനയില്‍ 4,633, കാനഡയില്‍ 3,566, ബെല്‍ജിയത്തില്‍ 7,844, പെറുവില്‍ 1,200, നെതര്‍ലാന്‍ഡ്‌സില്‍ 5,056, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,762, ഇക്വഡോറില്‍ 1,371, പോര്‍ച്ചുഗലില്‍ 1,043, മെക്‌സിക്കോയില്‍ 2,061, സ്വീഡനില്‍ 2,679, അയര്‍ലാന്‍ഡില്‍ 1,286 എന്നിങ്ങനെയാണ് മരണസംഖ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."