ഐ.എം.എയുടെ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ ജനരോഷം ശക്തമാകുന്നു
മലമ്പുഴ : ഡാമിനരികില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആശുപത്രി മാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ (ഇമേജ്) പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ മൊത്തം ആശുപത്രികളിലെ മാലിന്യം മലമ്പുഴ ഡാമിനരികിലുള്ള പ്ലാന്റില്‍ സംസ്‌കരിക്കുന്നത്
ഗുരുതരമായ ആരോഗ്യ ഭവിഷത്തുകള്‍ക്കിടവരുത്തുന്നെന്നാണ് പ്രദേശവാസികളുടെ ആരോപണം. മാലിന്യസംസ്‌കരണ പ്ലാന്റിന്റെ കപ്പാസിറ്റിയുടെ നാലും അഞ്ചും ഇരട്ടി മാലിന്യങ്ങള്‍ കേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്നതിനാല്‍ അത് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ പരിസരങ്ങളിലുള്ളവര്‍ക്ക് അസുഖങ്ങള്‍ പിടിപെടുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. മലമ്പുഴ ഡാമിലേക്ക് മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ നിന്നുള്ള പരിധിയില്‍ കവിഞ്ഞ മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതായും ഒരു വിഭാഗം ആരോപിക്കുന്നു.
നിരവധി കുടുംബങ്ങളുടെ കുടിവെള്ളശ്രോതസ്സായ ഡാമില്‍ ആശുപത്രി മാലിന്യങ്ങള്‍ കലരുന്നതുമൂലം വെള്ളത്തില്‍ മീനുള്‍പ്പെടെയുള്ളവ ചത്തുപൊന്തുന്നതായും നിരവധി പേര്‍ക്ക് അസുഖങ്ങളുണ്ടാകുന്നതായും പരിസരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം സംസ്ഥാനത്തെ മൊത്തം ആശുപത്രികളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഐ.എം.എ കേരളത്തില്‍ മലമ്പുഴയില്‍ മാത്രമാണ് പ്ലാന്റ് തുടങ്ങിയിട്ടുള്ളത്. മാലിന്യങ്ങള്‍ ക്രമാതീതമാകുമ്പോള്‍ അത് ദൂരസ്ഥലങ്ങളില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നതായും ആരോപണമുണ്ട്. ഇത്തരത്തില്‍ മാലന്യങ്ങള്‍ നിക്ഷേപിക്കുന്നത് കൊണ്ടുപോകുന്നത് കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
ഇമേജിലേക്കെത്തുന്ന മാലിന്യങ്ങളില്‍ നിന്ന് സിറിഞ്ചുകള്‍ വേര്‍തിരിച്ച് അവ കോയമ്പത്തൂരിലെ മറ്റൊരു കേന്ദ്രത്തില്‍കൊണ്ടു പോയി കഴുകി വൃത്തിയാക്കി വീണ്ടും പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നതായും ആരോപണമുയരുന്നുണ്ട്. മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിവാദമുയര്‍ന്നതോടെ ഐ.എം.എ പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ന്യായീകരിച്ച് രംഗത്തെത്തുകയും ക്രമാതീതമായി മാലിന്യങ്ങളുണ്ടാകുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണിതെന്ന് പറയുകും ചെയ്തിരുന്നു.
സര്‍ക്കാര്‍ തലത്തില്‍ സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ കൂടി ഇത്തരത്തില്‍ മാലിന്യസംസ്‌കരണകേന്ദ്രം തുടങ്ങുമെന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുകയും മാലിന്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയുമാണുണ്ടായത്.
പുതുശ്ശേരി പഞ്ചായത്തിലെന്ന് പറഞ്ഞ് മലമ്പുഴ അണക്കെട്ടിന് സമീപം ഐ.എം.എ മാലിന്യകേന്ദ്രം പ്രവര്‍ത്തിക്കുന്നതിനു പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണുള്ളതെന്ന ആരോപണവുമായി കേരള സംസ്ഥാന നദീതടജല സംരക്ഷണ സമിതി ഭാരവാഹികള്‍ രംഗത്തെത്തി. ഫാക്ടറിയില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ മലമ്പുഴ അണക്കെട്ടില്‍ കലര്‍ത്തുക വഴി കൂടുതല്‍ പേരെ രോഗികളാക്കുന്ന ഐ.എം.എ.യുടെ പ്ലാന്റ് ഉടന്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ജനകീയാവശ്യം ശക്തമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."