കൊവിഡ് ബാധിച്ചു വിദേശങ്ങളിൽ മരണപ്പെടുന്ന പ്രവാസികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണം: നവയുഗം
ദമാം: കൊറോണ രോഗബാധയേറ്റ് ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലുള്ള കുടുംബത്തിന് ഇന്ത്യൻ സർക്കാർ ഇരുപത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കണമെന്ന് നവയുഗം സാംസ്ക്കാരിക വേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണ് രാജ്യത്തിന് പുറത്തുള്ള പ്രവാസികൾ നേടിക്കൊടുക്കുന്ന വിദേശനാണ്യം. ലോകബാങ്കിന്റെ കണക്കു പ്രകാരം കഴിഞ്ഞ വർഷം മാത്രം 80 ബില്യൺ അമേരിക്കൻ ഡോളറാണ് പ്രവാസികൾ ഇന്ത്യയിലേക്കയച്ചത്. ലോകത്തു തന്നെ ഏറ്റവുമധികം പ്രവാസിപണം ലഭിയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രവാസികൾ മൂലം ഇന്ത്യയിലേയ്ക്ക് വരുന്ന വിദേശ നിക്ഷേപങ്ങളും കോടികളാണ്.
മറ്റു രാജ്യങ്ങൾ, വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പൗരന്മാരെ മുഴുവൻ ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഏർപ്പെടുത്തി സ്വന്തം നാട്ടിലേയ്ക്ക് തിരികെ കൊണ്ടുപോയികഴിഞ്ഞിട്ടും, ഇന്ത്യൻ സർക്കാർ ഇപ്പോഴും ഒളിച്ചുകളി തുടരുകയാണ്. ഇത് വേദനാജനകമാണ്.
അടിയന്തരമായി നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഗർഭിണികളും, വൃദ്ധരും, മറ്റു രോഗങ്ങൾ ബാധിച്ചവരും അടക്കമുള്ള പ്രവാസികളെയെങ്കിലും നാട്ടിലേയ്ക്ക് മടക്കിക്കൊണ്ടു പോകാൻ യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളും, പ്രവാസി സംഘടനകളും കേരളം അടക്കമുള്ള സംസ്ഥാനസർക്കാരുകളും പലപ്രാവശ്യം അഭ്യർത്ഥിച്ചിട്ടും, കേന്ദ്രസർക്കാർ ഇതുവരെ അനുമതി പോലും നൽകിയിട്ടില്ല. കൊവിഡ് 19 ബാധിച്ച ഇന്ത്യൻ പ്രവാസികളുടെ എണ്ണം ദിവസവും വർദ്ധിച്ചു വരികയാണ്. ഇന്ത്യൻ എംബസ്സികളുടെ പ്രവർത്തനം ഫലപ്രദവുമല്ല. വേണ്ടത്ര ചികിത്സ ലഭിയ്ക്കാതെ കഷ്ടപ്പെടുന്ന ഇന്ത്യൻ പ്രവാസികളുടെ വിവരങ്ങളാണ് എന്നും പുറത്തു വരുന്നത്. അത് പോലെ തന്നെ മരണമടയുന്ന പ്രവാസികളുടെയും എണ്ണം കൂടി വരുന്നു. വലിയ സമ്പാദ്യമൊന്നുമില്ലാത്ത പ്രവാസികൾ കൊറോണ ബാധിച്ചു മരണമടഞ്ഞാൽ, അത്തരം മരണത്തോടെ നാട്ടിലെ അവരുടെ കുടുംബങ്ങൾ അനാഥമാകുന്ന അവസ്ഥയുണ്ട്. ഏക വരുമാനമാർഗ്ഗം ഇല്ലാതാകുന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടുകളിലേയ്ക്കും പ്രയാസങ്ങളിലേയ്ക്കും പ്രവാസി കുടുംബങ്ങൾ എത്തപ്പെടുന്നു.
അത്തരം കുടുംബങ്ങളെ സഹായിയ്ക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം ഇന്ത്യൻ സർക്കാരിന് ഉണ്ട്. കേന്ദ്ര സർക്കാർ സഹായത്തോടൊപ്പം വിദേശത്തു മരിക്കുന്ന മലയാളി പ്രവാസികൾക്ക് കേരള സർക്കാരും ആനുപാതികമായി സഹായധനം പ്രഖ്യാപിയ്ക്കണമെന്നും നവയുഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു വിദേശകാര്യ മന്ത്രാലയം അടക്കമുള്ള കേന്ദ്രസർക്കാർ വകുപ്പുകൾക്കും കേരള സർക്കാരിനും നിവേദങ്ങൾ നൽകുമെന്നും നവയുഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."