ഖുര്‍ആനുമായുള്ള സമാഗമം (4) മനുഷ്യനും ഭാഷയും
ഒട്ടേറെ സവിശേഷ ഗുണങ്ങളുള്ള ജീവി വര്‍ഗമാണ് മനുഷ്യന്‍. ഇതില്‍ ഭാഷ / വാങ്മയ രൂപങ്ങള്‍ മനുഷ്യനില്‍ മാത്രം പ്രധാനമാണ്. ഭാഷയുടെ ഉത്പത്തി മനുഷ്യോല്‍പത്തി പോലെ ശാസ്ത്രത്തിനെന്നും ഒരു പ്രഹേളികയാണ്. ഭാഷയുടെ കൃത്യമായ ഉറവിടം കണ്ടെത്താന്‍ മനുഷ്യന് ഇതുവരെ സാധിച്ചിട്ടില്ല. ശാസ്ത്രീയ ഗവേഷണ പഠനങ്ങളും തത്വശാസ്ത്രത്തിലെ അനുമാന സിദ്ധാന്തങ്ങളും ഭാഷയെക്കുറിച്ചു അന്വേഷിക്കുമ്പോള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും.
ഫലത്തില്‍ പരസ്പരം വ്യത്യസ്തത ഈ ഗവേഷണ പഠനങ്ങളിലും തത്വശാസ്ത്രാ അനുമാനങ്ങളിലും നമുക്ക് കണ്ടെത്താന്‍ കഴിയും. പരമ്പരാഗതമായ പല ഉറവിടങ്ങളില്‍ നിന്നുമാണ് ഭാഷകള്‍ ഉരുവപ്പെട്ടതെന്നു പറയുന്ന പഠനങ്ങളുണ്ട്. അഗമ്യമായ ഘടനകളടങ്ങിയ തലമുറാതിവര്‍ത്തിയായ കൈമാറ്റ വികാസങ്ങളിലൂടെയാണ് ഭാഷകള്‍ ഉരുവം കൊണ്ടെതെന്നാണ് തലമുതിര്‍ന്ന അമേരിക്കന്‍ ഭാഷാശാസ്ത്രജ്ഞന്‍ നോം ചോസ്‌കി വിവരിക്കുന്നത്.
ദീര്‍ഘ വര്‍ഷങ്ങളിലൂടെ ഗവേഷണ നിരീക്ഷണങ്ങള്‍ കൊണ്ട് മാത്രമേ ഇന്നു നാം കാണുന്ന ഭാഷയുടെ ഈ അഗമ്യ ഘടനകള്‍ നമുക്ക് കണ്ടെത്താന്‍ കഴിയൂ. ഇത്തരം ഒരുപാട് ശാസ്ത്രീയ ഗവേഷണങ്ങളും തത്വശാസ്ത്രാ സിദ്ധാന്തങ്ങളും ഈ മേഖലയില്‍ സുലഭമാണ്. ദെറീദ മുതല്‍ കാന്റ് വരെ ഒരുപാട് തത്വശാസ്ത്രജ്ഞര്‍ ഭാഷയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കാരണം ഭാഷകളും വാങ്മയ രൂപങ്ങളുമൊക്കെ മനുഷ്യമാത്ര സ്വഭാവങ്ങളാണ്. പരിശുദ്ധ ഖുര്‍ആനില്‍ മനുഷ്യന് ലഭിക്കുന്ന വാങ്മയ രൂപങ്ങളെക്കുറിച്ച് അല്ലാഹു സംസാരിക്കുന്നുണ്ട്. മനുഷ്യ സൃഷ്ടിയുടെ സമയത്ത് തന്നെ ഭാഷകളും അല്ലാഹു മനുഷ്യനില്‍ സന്നിവിശേഷിപ്പിച്ചിട്ടുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത്.
'ആദം നബിക്ക് അല്ലാഹു സകല വസ്തുക്കളുടെയും പേരുകള്‍ പഠിപ്പിക്കുകയും എന്നിട്ടവ മലക്കുകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച് നിങ്ങള്‍ സത്യവാദികളാണെങ്കില്‍ ഇവയുടെ പേരുകള്‍ എനിക്കു പറഞ്ഞു തരിക എന്നാവശ്യപ്പെടുകയും ചെയ്തു. അവര്‍ പ്രതികരിച്ചു നിന്റെ പരിശുദ്ധി ഞങ്ങള്‍ വാഴ്ത്തുന്നു! നീ പഠിപ്പിച്ചു തന്നതല്ലാതെ യാതൊരറിവും ഞങ്ങള്‍ക്കില്ലല്ലോ. നീ സര്‍വജ്ഞനും യുക്തിമാനും തന്നെ' (ബഖറ -30). പല വഴികളാലും വളരെ പ്രാധാന്യമുള്ള വാക്യമാണിത്.
മനുഷ്യ സൃഷ്ടി സമയത്തു തന്നെ മനുഷ്യനില്‍ അവന്റെ ഭാഷ സമ്മേളിച്ചു. ഒരു മനുഷ്യ ജീവിയെന്ന നിലക്ക് നമുക്കുള്ളില്‍ ഭാഷ എങ്ങനെയാണ് പ്രവര്‍ത്തനക്ഷമമാകുന്നത്. മനുഷ്യന്റെ പ്രജ്ഞ (രീിരെശീൗിലെ)ൈ യുടെയും അന്ത:പ്രജ്ഞ (ലെഹള രീിരെശീൗിലെ)ൈ യുടെയും മാധ്യമമായിട്ടാണ് ഭാഷ മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഭൂലോകത്ത് മനുഷ്യ വര്‍ഗത്തിനു മാത്രമേ ഈയൊരു സവിശേഷ ഗുണം കാണുന്നുള്ളൂ. പ്രജ്ഞയുടെയും അന്ത:പ്രജ്ഞയുടെയും മാധ്യമമായിട്ട് ഒരു ഭാഷ മനുഷ്യന് മാത്രമേ അല്ലാഹു സംവിധാനിച്ചുള്ളൂ. ഉദാഹരണത്തിനു പറയുകയാണെങ്കില്‍, സഫടികത്തില്‍ നോക്കുന്ന മനുഷ്യേതര വര്‍ഗത്തിന് തന്റെ പ്രതിബിംബം സ്ഫടികത്തില്‍ ദര്‍ശിക്കാനും തിരിച്ചറിയാനുമേ സാധിക്കൂ.
എന്നാല്‍ മനുഷ്യനത് ദര്‍ശിക്കാനും തിരിച്ചറിയാനും അതിനപ്പുറം അക്കാര്യം വാങ്മയ രൂപത്തിലാക്കാനും സാധിക്കും.
മനുഷ്യ സൃഷ്ടിയും പരിണാമവും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇസ്ലാം പറയുന്നത് ഇതാണ്. മനുഷ്യ സൃഷ്ടി നടന്നത് ഭാഷ, പ്രജ്ഞ, അന്ത:പ്രജ്ഞ എന്നീ സവിശേഷ ഗുണങ്ങളോടെയാണ്. ഈ സവിശേഷ ഗുണങ്ങള്‍ മനുഷ്യ മാത്രമാണ്. ഇതര ജീവിവര്‍ഗങ്ങളില്‍ അവ കാണാന്‍ സാധിക്കില്ല. മറ്റൊരു കാര്യം പരിണാമം ഇസ്ലാമിന് അന്യമല്ല. മനുഷ്യനെ സൃഷ്ടിച്ചു, ശേഷം രൂപം നല്‍കി എന്ന് ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ടല്ലോ.
വളരെ ലളിതവും അതേസമയം ഗഹനവുമായ വാക്യമാണിത്. സുപ്രധാനമായ നാല് കാര്യങ്ങള്‍ ഈ വാക്യത്തിലടങ്ങിയിട്ടുണ്ട്. ഒന്ന്, മനുഷ്യന് ലഭിച്ച ഭാഷയും സകല വസ്തുക്കളുടെയും നാമവും അല്ലാഹുവില്‍ നിന്ന് കരഗതമായതാണ്. മനുഷ്യന്‍ നിര്‍വചിക്കപ്പെടുന്നത് ഈ സവിശേഷ ഗുണത്താലാണ്. ഈ ജ്ഞാനവും ഭാഷയും കൊണ്ടാണ് മനുഷ്യന്‍ തന്റെ ചുറ്റുപാടുകളോടും പരിസരങ്ങളോടും സംവദിക്കുന്നതും ജ്ഞാനം സിദ്ധിക്കുന്നതും.
രണ്ട്, മാലാഖമാരും അല്ലാഹുവും തമ്മില്‍ സംസാരവും സംവാദവും നടക്കുന്നുണ്ട്. പക്ഷെ അത് നാം മനുഷ്യരുടെ ഭാഷയിലല്ലെന്നു മാത്രം. കാരണം മനുഷ്യന് നല്‍കിയ ഭാഷയെക്കുറിച്ച് അല്ലാഹു മാലാഖമാരോട് ആരാഞ്ഞപ്പോള്‍ അത് ഞങ്ങള്‍ക്കറിയില്ലെന്നാണ് മാലാഖമാര്‍ പ്രതിവചിച്ചത്. മനുഷ്യ ഭാഷക്കപ്പുറം ഒരുപാട് ഭാഷകള്‍ അല്ലാഹു സംവിധാനിച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. നാം കാണുന്ന കാല ദേശങ്ങള്‍ക്കിടയിലെ വ്യത്യസ്ത ഭാഷകള്‍ മാത്രമല്ല. അവ അല്ലാഹുവിന്റെ ദ്യഷ്ടാന്തങ്ങളാണു താനും. റൂം സൂക്തത്തില്‍ ഇരുപത്തിരണ്ടാം വാക്യത്തില്‍ അല്ലാഹു ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
മനുഷ്യേതര ജീവിവര്‍ഗങ്ങള്‍ക്കിടയില്‍ ഭാഷകള്‍ അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. മരങ്ങള്‍ക്ക് അവരുടെ ഭാഷയുണ്ട്. മത്സ്യങ്ങള്‍ക്ക് അവരുടെ ഭാഷയുണ്ട്. മനുഷ്യന് അദൃശ്യമായ ലോകത്തും ഭാഷയുണ്ട്. അല്ലാഹു മാത്രമാണ് ഇവയെല്ലാം അറിയുന്നത്. എന്നാല്‍ ഇതര ജീവിവര്‍ഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യനെ അല്ലാഹു സകല വസ്തുക്കളെക്കുറിച്ചുമുള്ള ജ്ഞാനം നല്‍കി ആദരിച്ചിട്ടുണ്ട്. മൂന്ന്, ആദിമ മനുഷ്യന്‍ ആദം നബിക്ക് സംഷ്ടാഗം നമിക്കാന്‍ അല്ലാഹു മാലാഖമാരോട് കല്‍പിച്ചതെന്തിനാണ്.
മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടത് മണ്ണുകൊണ്ടും മാലാഖമാര്‍ സൃഷ്ടിക്കപ്പെട്ടത് പ്രകാശം കൊണ്ടുമല്ലേ. മനുഷ്യനേക്കാള്‍ അല്ലാഹുവില്‍ മുഴുസമയ ആരാധനയിലും പ്രകീര്‍ത്തനങ്ങളിലും കഴിയുന്നവരാണല്ലോ മാലാഖമാര്‍. എന്നിട്ടും മാലാഖമാരോട് ആദം നബിക്ക് സാഷ്ടാഗം നമിക്കാന്‍ അല്ലാഹു കല്‍പിച്ചതെന്തിനാണ്. മാലാഖമാര്‍ക്കില്ലാത്ത ഭാഷ, ജ്ഞാനം എന്നീ സവിശേഷഗുണം കൊണ്ടാണിത്. മനുഷ്യന്‍ ഭാഷയും ജ്ഞാനവും ഉപയോഗിച്ചുതുടങ്ങുമ്പോള്‍ അതിന് തനതായ നിലമൊരുക്കുന്നത് മനുഷ്യനില്‍ അല്ലാഹു സന്നിവിശേഷിപ്പിച്ച സ്വാതന്ത്ര്യമാണ്. ചിന്താ സ്വാതന്ത്ര്യം.
ഈ ഗുണം മാലാഖമാര്‍ക്കില്ല. മനുഷ്യനും മാലാഖമാരും തമ്മിലെ ഒന്നാമത്തെ വ്യത്യാസമിതാണ്. രണ്ട്, മനുഷ്യനില്‍ ഭാഷയും ബുദ്ധിയും ഒന്നിക്കുമ്പോള്‍ അവന്‍ ജ്ഞാനിയാകുന്നു. ജ്ഞാനമാണ് മാലാഖമാരേക്കാള്‍ മനുഷ്യനെ ഉല്‍കൃഷ്ടനാക്കുന്നത്. ഈ ഗുണങ്ങള്‍കൊണ്ട് മനുഷ്യകുലത്തെ നാം ബഹുമാനിച്ചു എന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട്.
മൂന്ന്, വാക്യത്തിന്റെ അവസാനം മാലാഖമാര്‍ 'നീ പഠിപ്പിച്ചു തന്നതല്ലാതെ ഞങ്ങള്‍ക്കൊരറിവുമില്ല' എന്നു പറഞ്ഞു അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നുണ്ടല്ലോ. തങ്ങള്‍ക്കന്യമായ ജ്ഞാന ലോകം അല്ലാഹുവിനുണ്ട്. തങ്ങളുടെ കഴിവിന്റെ പരിമിധിയെ അംഗീകരിച്ച് അല്ലാഹുവിന്റെ പ്രതാപത്തെ പ്രഖ്യാപിക്കുകയാണ് മാലാഖമാര്‍ ചെയ്യുന്നത്.
ഇത് മനുഷ്യനിലും ഉണ്ടാകേണ്ട ഗുണമാണ്. മനുഷ്യന് അപ്രാപ്യമായ ലോകവും ജ്ഞാനവും അല്ലാഹുവിനടുക്കലുണ്ട്. ആ പരിമിതിയെ മനുഷ്യന്‍ അംഗീകരിക്കണം. ബൗദ്ധിക വിനയത്തോടുകൂടിയാണ് ബൗദ്ധിക പ്രതാപം മനുഷ്യന് കൈവരുന്നത്. അല്ലാഹു അക്ബര്‍ എന്നു പറയുന്ന നമുക്ക് നമ്മുടെ സംസാരങ്ങളില്‍ അല്ലാഹു അഅ്ലം എന്നു കൂടി പറയാന്‍ സാധിക്കണം. അത് സാധിക്കുകയാണെങ്കില്‍ നമ്മുടെ ജ്ഞാനാന്വേഷണ സപര്യയില്‍ നമ്മുടെ ബുദ്ധിയില്‍ നമുക്ക് കൂടുതല്‍ ആത്മവിശ്വാസവും അഭിമാനവും കൈവരുന്നതോടൊപ്പം നമുക്ക് അപ്രാപ്യമായ അല്ലാഹുവിന്റെ ജ്ഞാന ലോകത്തെ അംഗീകരിക്കാനും സാധിക്കും. ഇത് നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നമുക്കത് ഉറക്കെ പറയാന്‍ സാധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."