ചില യാത്രക്കാര്‍ വിന്‍ഡോ തുറന്ന് പുറത്തേക്ക് നോക്കുമ്പോള്‍ വെളിച്ചം കാണും, അപ്പോള്‍ നോമ്പ് തുറക്കാന്‍ അവര്‍ വിസമ്മതിക്കും-ചീഫ് പൈലറ്റായ ക്യാപ്റ്റന്‍ ഷാജഹാന്റെ നോമ്പനുഭവം
രാജ്യാതിര്‍ത്തികള്‍ ഇല്ലാതെ ആകാശത്ത് വച്ചു നോമ്പ് പിടിക്കുകയും തുറക്കുകയും ചെയ്തുള്ള അനുഭവമാണ് പൈലറ്റുമാര്‍ക്കുള്ളത്. കരയിലെ സമയം പോലെ സൂക്ഷ്മമായിരിക്കണം എന്നില്ല ആകാശത്ത്. സൂര്യോദയവും അസ്തമയവും എല്ലാം വ്യത്യാസപ്പെട്ടിരിക്കും. ഇങ്ങനെ ആകാശത്ത് വച്ചുള്ള റമദാന്‍ അനുഭവം പങ്കുവെക്കുക ആണ് നേരത്തെ എയര്‍ ഇന്ത്യയിലും ഇപ്പോള്‍ ഇത്തിഹാദ് എയര്‍ വെയ്‌സിലും ചീഫ് പൈലറ്റ് ആയ ക്യാപ്റ്റന്‍ ഷാജഹാന്‍.
യാത്രക്കാര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും എന്റെ ജീവിതം എല്ലായ്പ്പോഴും യാത്രയായതിനാല്‍ റമദാനില്‍ മുടങ്ങാതെ നോമ്പ് അനുഷ്ഠിക്കാറുണ്ട്. പകല്‍ ദീര്‍ഘദൂര ഫ്‌ളൈറ്റുകളില്‍ നോമ്പ് മുറിക്കേണ്ടിവന്ന ദുരനുഭവവുവും എനിക്കുണ്ടായിട്ടുണ്ട്. രാത്രി ഫ്ളൈറ്റുകളില്‍ ആണെങ്കില്‍ കുറേക്കൂടി എളുപ്പമാണ്. ഭക്ഷണം മിതമായി കഴിക്കും. അല്ലെങ്കില്‍ ക്ഷീണം കൂടും. ലീവ് ദിവസങ്ങളില്‍ വീട്ടിലുള്ളപ്പോള്‍ മാത്രം ഇഫ്താറിന് ഇഷ്ടപ്പെട്ട ഭക്ഷണം നന്നായിട്ട് കഴിക്കും. തരിക്കഞ്ഞിയാണ് ഇഫ്താറില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം. വീട്ടിലാണെങ്കിലും യാത്രയിലാണെങ്കിലും അത്താഴം കഴിക്കാറുണ്ട്. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ ഭാര്യ തരിക്കഞ്ഞിയും പലഹാരങ്ങളും പായ്ക്കറ്റ് ചെയ്തു തരും. ഫ്ളൈറ്റില്‍ വച്ച് നോമ്പ് തുറക്കുമ്പോള്‍ മറ്റു ജീവനക്കാരുമായി പങ്കിട്ടു കഴിക്കും.
എയര്‍ കോ-പൈലറ്റ്സ് നല്ല രീതിയില്‍ ആസ്വദിച്ചു കഴിക്കാറുണ്ട്. പ്രത്യേകിച്ച് തരിക്കഞ്ഞി.
ഇഫ്താര്‍ സമയത്ത് നമ്മള്‍ ഏത് രാജ്യത്താണോയുള്ളത് അവിടുത്തെ സൂര്യാസ്തമന സമയത്ത് തുറക്കും. നോമ്പിന്റെ ദൈര്‍ഘ്യം ഏതു രാജ്യത്തേക്കാണോ നമ്മള്‍ യാത്ര ചെയ്യുന്നതെന്ന് അടിസ്ഥാനപ്പെടുത്തി മാറ്റങ്ങള്‍ വരും. ഉദാഹരണത്തിന് അബൂദബിയില്‍ നിന്നും കേരളത്തിലേക്കുള്ള ഫ്ളൈറ്റ് യാത്രയിലാണെങ്കില്‍ നോമ്പിന്റെ ദൈര്‍ഘ്യം കുറയും. യൂറോപ്യന്‍ ഫ്ളൈറ്റുകളില്‍ പടിഞ്ഞാറന്‍ ദിശയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ദൈര്‍ഘ്യം കൂടും. റമദാന്‍ ഇന്‍ ഫ്‌ളൈറ്റ് ടൈം കാല്‍കുലേറ്റര്‍ എന്ന ആപ്ലിക്കേഷനുണ്ട് ഞങ്ങള്‍ക്ക്. അതില്‍ പൈലറ്റ്സിന് സൂര്യോദയവും സൂര്യാസ്തമയവും കണക്കാക്കാന്‍ കഴിയും. അതില്‍ ഞങ്ങള്‍ ആ സമയത്ത് എവിടെയാണോയുള്ളത് അവിടുത്തെ വിമാന ലാറ്റിറ്റിയൂടും ലോഞ്ചിറ്റിയൂടും ഡേറ്റും എന്‍ട്രി ചെയ്താല്‍ നോമ്പ് സമയം വ്യക്തമാവും. അതില്‍ ചില കറക്ഷന്‍സ് അപ്ലൈ ചെയ്യേണ്ടതുണ്ട്.
അതായത് ഹൈറ്റിന്റെ കറക്ഷന്‍. ഉദാഹരണത്തിന് നമ്മള്‍ 10,000 അടിയാണെങ്കില്‍ രണ്ടു മിനുറ്റ് കറക്ഷന്‍ ചെയ്യണം. ഉദാഹരണത്തിന് 30,000 അടിയില്‍ പറക്കുകയാണെങ്കില്‍ ആറു മിനുറ്റ് കറക്ട് ചെയ്യണം. അപ്പോള്‍ അസ്തമയ സമയത്തില്‍ നിന്ന് ആറു മിനുറ്റ് കൂട്ടണം. ഇങ്ങനെ ഒരോ സ്ഥലത്തും ഇഫ്താര്‍, അത്താഴ സമയം കണ്ടുപിടിക്കാം. പിന്നീട് ഞങ്ങളത് വിമാനത്തിലെ സീനിയര്‍ എയറോസസിനെ വിളിച്ച് അറിയിക്കും. അവര്‍ 15 മിനുറ്റ് മുന്‍പ് ഫ്‌ളൈറ്റില്‍ അനൗണ്‍സ് ചെയ്യുകയും അതിനുവേണ്ട സൗകര്യം യാത്രക്കാര്‍ക്ക് ഒരുക്കുകയും ചെയ്യും. പലപ്പോഴായി ഞങ്ങള്‍ 30,000 അടിയിലൂടെ പറക്കുമ്പോള്‍ ഇഫ്താര്‍ സമയത്തും സൂര്യന്റെ വെളിച്ചം കാണാം. പക്ഷെ അത് അസ്തമയ ശേഷമുള്ള വെളിച്ചമാണ്. ചില യാത്രക്കാര്‍ വിന്‍ഡോ തുറന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഈ വെളിച്ചം കാണാറുണ്ട്. അപ്പോള്‍ നോമ്പ് തുറക്കാന്‍ അവര്‍ വിസമ്മതിക്കും. അത് പ്രത്യേകിച്ച് ഞങ്ങള്‍ക്ക് യൂറോപ്പ് സൈഡിലേക്ക് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ഒരു പ്രശ്നമാണത്. ഞങ്ങള്‍ ഉയരത്തിലായതിനാല്‍ സൂര്യപ്രകാശം അസ്തമയ ശേഷവും കുറച്ച് ഞങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. എന്നാല്‍ കിഴക്കന്‍ ദിശയിലേക്ക് പോകുമ്പോള്‍ ഈ പ്രശ്നം ഒട്ടുമില്ലതാനും.
നാട്ടില്‍ നിന്നും വന്നതിനു ശേഷം ഉമ്മയുടെയും ഉപ്പയുടെയും കൂടെ അപൂര്‍വമായി കിട്ടിയിരുന്ന ഇഫ്താര്‍ വേളകള്‍ മനസില്‍ വല്ലാതെ മായാതെ തങ്ങിക്കിടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."