ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: രവി പൂജാരിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം
കൊച്ചി: നടി ലീനാ മരിയാ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി സലൂണിന് നേരേ വെടിയുതിര്‍ത്ത കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായ രവി പൂജാരിയെ ഇന്ത്യയ്ക്ക് കൈമാറുമ്പോള്‍ ക്രൈംബ്രാഞ്ചിന് കസ്റ്റഡിയില്‍ വാങ്ങാനും ചോദ്യം ചെയ്യാനും ഇതു സഹായകമാകും. വിവാദമായ വെടിവയ്പ് കേസ് കഴിഞ്ഞ മാസമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു രവി പൂജാരിയുടെ ശ്രമമെന്നും കൊച്ചിയിലെ ചിലര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കൊച്ചിയില്‍ കൂടുതല്‍ ആളുകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു ഉദ്ദേശം. മംഗളൂരുവിലെ അധോലോക സംഘാംഗങ്ങളെയാണ് ഇതിനായി ഏര്‍പ്പാടാക്കിയത്. പെരുമ്പാവൂരിലെ ഒരു ഗുണ്ടയ്ക്കും ഇതുമായി ബന്ധമുണ്ട്. നടിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ഇയാള്‍ തന്നെയാണ് വിദേശത്ത് നിന്നുകൊണ്ട് വെടിവയ്ക്കാന്‍ പദ്ധതി തയാറാക്കിയത്. തന്റെ പേരെഴുതിയ കടലാസ് ഇവിടെ വയ്ക്കാനും നിര്‍ദേശിച്ചു. കുറ്റപത്രം എറണാകുളം സെഷന്‍സ് കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. ഗൂഢാലോചനാ കുറ്റം ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.
ഡിസംബര്‍ 15ന് വൈകിട്ടാണ് കടവന്ത്രയിലെ യുവജനസമാജം റോഡില്‍ സ്ഥിതി ചെയ്യുന്ന നടിയുടെ 'ദ നെയില്‍ ആര്‍റ്റിസ്ട്രി' ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിയുതിര്‍ത്തത്. ഇവരെ തിരിച്ചറിയാനായിട്ടില്ലെങ്കിലും രണ്ടും മൂന്നും പ്രതികളായി ചേര്‍ത്തിട്ടുണ്ട്.
നടിയെ ഫോണില്‍ വിളിച്ചു നിരന്തരമായി ഭീഷണിപ്പെടുത്തിയതു രവി പൂജാരിയാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം തയാറാക്കിയത്. 25 കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ലീനാ മരിയാ പോളിന്റെ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."