മാളവികയെ കൊണ്ടുപോകാന്‍ എത്തിയ പ്രദീപും ഭാര്യയും കാണുന്നത് തേങ്ങിക്കരയുന്ന ലുഖ്മാനുല്‍ സബയെ-മലപ്പുറത്തുനിന്ന് മതസൗഹാര്‍ദത്തിന്റെ പുതുഗാഥ
മഞ്ചേരി: ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതോടെ ജീവിതം ഇങ്ങനെ മാറുമെന്നോ, തങ്ങള്‍ക്ക് മൂന്നാമതൊരു മകള്‍കൂടി വരുമെന്നോ മഞ്ചേരി കോവിലകംകുണ്ട് പി. പ്രദീപും സഹധര്‍മിണി ഇ.ടി ബിന്ദുവും ഓര്‍ത്തിരിക്കില്ല. ജീവിതം വിസ്മയിപ്പിക്കുമെന്ന് പറയാറില്ലെ, അതാണ് അവരുടെ വീട്ടിലും സംഭവിച്ചത്.
മാളവികക്കും കീര്‍ത്തനക്കും കൂട്ടായി എത്തിയിരിക്കുകയാണ് ലുഖ്മാനുല്‍ സബ. സന്ധ്യമയങ്ങിയാല്‍ മാളവികയും കീര്‍ത്തനയും ഉമ്മറത്ത് വിളക്കുവയ്ച്ചു സന്ധ്യാനാമം ചൊല്ലിതുടങ്ങും. ഇതേസമയം ലുഖ്മാനുല്‍ സബ മഗ്‌രിബ് നിസ്‌ക്കരിച്ച് ഖുര്‍ആന്‍ പാരായണവും ആരംഭിക്കുന്നതോടെ പ്രദീപിന്റെ വീട്ടില്‍നിന്ന് മതസൗഹാര്‍ദത്തിന്റെ സുഗന്ധം പുറത്തേക്കൊഴുകും.
അല്ലാഹുവിനേയും ഈശ്വരനേയും ഒരേസമയം വിളിച്ചു പ്രാര്‍ഥിക്കുന്ന മതേതരവീട് ഇന്ന് നാട്ടുകാര്‍ക്ക് കൗതുകമല്ലാതായിരിക്കുന്നു.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ലക്ഷദ്വീപിലെ അഗത്തി സ്വദേശി മൂസക്കുട്ടിയോട അബ്ദുറഹിമാന്‍ - മറിയം ദമ്പതികളുടെ മകള്‍ ലുഖ്മാനുല്‍ സബ (19) മെഡിക്കല്‍ എന്‍ട്രന്‍സ് പഠനത്തിനായി മലപ്പുറത്തെത്തുന്നത്.
മഞ്ചേരി പൂക്കൊളത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു പഠനം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് 23ന് ഹോസ്റ്റല്‍ അടക്കുന്നതോടെയാണ് സബയുടെ ജീവിതവും മാറുന്നത്. കൂട്ടുകാരികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ എത്തിയതോടെ ലുഖ്മാനുല്‍ സബയുടെ ഹൃദയം തേങ്ങി. ഹോസ്റ്റല്‍ അടച്ചിരിക്കുന്നു, ലക്ഷദ്വീപിലേക്കുള്ള യാത്രാവഴികളും അടഞ്ഞുകഴിഞ്ഞു. ഇനിയെന്തുചെയ്യും...
മാളവികയെ കൊണ്ടുപോകാന്‍ എത്തിയ പ്രദീപും ഭാര്യയും കാണുന്നത് തേങ്ങിക്കരയുന്ന ലുഖ്മാനുല്‍ സബയെ. ആ കണ്ണുനീര്‍ ഇരുവരേയും ധീരമായ ഒരു തീരുമാനത്തിലേക്ക് നയിക്കുകയായിരുന്നു. ബിന്ദുവും മാളവികയും പ്രദീപും ചേര്‍ന്ന് സബയെ കോവിലകംകുണ്ടിലെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. അന്നുമുതല്‍ അവിടെ രാമകീര്‍ത്തനവും വിശുദ്ധ ഖുര്‍ആനിന്റെ മന്ത്രധ്വനികളും മുടക്കമില്ലാതെ ഉയരുന്നു.
റമദാന്‍ മാസപ്പിറ കണ്ടതോടെ എല്ലാവരും ലുഖ്മാനുല്‍ സബക്കൊപ്പം വ്രതാനുഷ്ടാനവും തുടങ്ങി. പുലര്‍ച്ചെ നാലിന് എഴുന്നേല്‍ക്കും. ഒരുമിച്ച് അത്താഴം കഴിക്കും.
വൈകിട്ട് മുന്നോടെ നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കാന്‍ തുടങ്ങും. ബാങ്കൊലി മുഴങ്ങുന്നതോടെ ബിന്ദു ഈത്തപ്പഴം നല്‍കി ലുഖ്മാനുല്‍ സബയെ നോമ്പുതുറപ്പിക്കും.
വീടിന്റെ ഉമ്മറത്ത് വിളക്കുവയ്ക്കുമ്പോള്‍ അംഗശുദ്ധി വരുത്തി ലുഖ്മാനുല്‍ സബ നിസ്‌കാരത്തിലേക്ക് പ്രവേശിക്കുകയായി. മാളവികയും കീര്‍ത്തനയും ഓം നമശിവായ നമ.. ഓം നാരായണ നമ... ഉരുവിടുമ്പോള്‍ തൊട്ടടുത്ത മുറിയില്‍നിന്ന് ആത്മശാന്തിയുടെ ഖുര്‍ആന്‍ വചനം ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."