റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിര്‍മാണം ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി
പുത്തന്‍ചിറ: കരിങ്ങോള്‍ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കരാറുകാരന്റെ അനാസ്ഥയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയും കാരണമായി പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും നിര്‍മാണം തുടങ്ങി ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല.
നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനുമായി ഏതാനും മാസം മുന്‍പാണ് കരിങ്ങോള്‍ചിറ ജനകീയ കൂട്ടായ്മ രൂപീകരിച്ചത്. മുന്‍പ് പല തവണ പാലം പണി പൂര്‍ത്തീകരിക്കാന്‍ തിയതി നിശ്ചയിച്ചിരുന്നെങ്കിലും അന്നൊന്നും പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഈ മാസം 30 ന് പാലം പണി പൂര്‍ത്തീകരിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ 30 നുള്ളില്‍ പാലം പണി പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ തയാറാക്കുമെന്ന് കരാറുകാരനും പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറും നാട്ടുകാര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കുന്നതിനുള്ള നീക്കം കരാറുകാരന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന വഖഫ് ഭൂമിക്ക് പകരം നല്‍കുന്ന പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഭൂമി കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഇല്ലാത്തതിനെതിരേയും പ്രതിഷേധമുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരേ കാര്യാലയങ്ങള്‍ക്ക് മുന്നില്‍ ഉപരോധ സമരം ആരംഭിക്കുമെന്ന് കൂട്ടായ്മയുടെ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
അപ്രോച്ച് റോഡിന്റെ പണികളാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. റോഡില്‍ നിരത്തുന്നതിനായി കോറി വെയ്സ്റ്റ് ഇറക്കിയിരുന്നു. എന്നാല്‍ ഇത് റോഡില്‍ നിരത്താതെയാണ് ഉറപ്പിക്കുന്നതിനായി റോഡ് റോളര്‍ കൊണ്ട് വന്നത്. പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറും കൂട്ടായ്മയുടെ പ്രവര്‍ത്തകരും ഗ്രാമപഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തിയിരുന്നു.
എന്നാല്‍ കരിങ്കല്‍ ചീളുകള്‍ നിരത്തുന്നതിനായി കരാറുകാരന്‍ തൊഴിലാളികളെ എത്തിച്ചിരുന്നില്ല. ഉത്തരവാദിത്വപ്പെട്ട കരാറുകാരന്‍ കൈമലര്‍ത്തിയതോടെ കരിങ്ങോള്‍ചിറ കൂട്ടായ്മയുടെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങി.
റോഡില്‍ കരിങ്കല്‍ ചീളുകള്‍ പാകി. റോഡ് റോളര്‍ ഉപയോഗിച്ച് ഒതുക്കി ബലപ്പെടുത്തുകയും ചെയ്തു. രാത്രി 9 മണിയോടെയാണ് പണികള്‍ പൂര്‍ത്തിയായത്. തുടര്‍ന്നും പാലം പണി സമരബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഇടപെടുമെന്ന് കരിങ്ങോള്‍ചിറ കൂട്ടായ്മയുടെ പ്രസിഡന്റ് മാങ്കപ്പാടത്ത് സാലി സജീറും വാര്‍ഡ് മെമ്പര്‍ പി.ഐ നിസാറും പറഞ്ഞു.
2011 ല്‍ ആരംഭിച്ച കരിങ്ങോള്‍ചിറ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിനായി 1.75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രദേശത്തെ കൃഷിയിടങ്ങളേയും ജലസ്രോതസുകളേയും ഉപ്പ് വെള്ള ഭീഷണിയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി റഗുലേറ്റര്‍ നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."