മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസ് 16ലേക്ക് മാറ്റി
കോഴിക്കോട്: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കോഴിക്കോട്ടെ കേസ് യു.എ.പി.എ പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി മാര്‍ച്ച് 16ലേക്ക് മാറ്റി.
കോയമ്പത്തൂര്‍ ജയിലില്‍ വിവിധ കേസുകളില്‍ വിചാരണ തടവുകാരനായി കഴിയുന്ന രൂപേഷിനെതിരേ വളയം പൊലിസെടുത്ത കേസാണ് കോഴിക്കോട്ട് പരിഗണിക്കുന്നത്. ശനിയാഴ്ച കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ നിശ്ചയിച്ച് രൂപേഷിനെ പൊലിസ് ഹാജരാക്കിയെങ്കിലും യു.എ.പി.എ പ്രകാരം പ്രോസിക്യൂഷന് കേസ് നടത്താനുള്ള രേഖകള്‍ എത്താതിനെ തുടര്‍ന്നാണ് മാറ്റിയത്.
വിലങ്ങാട് വായാട് കോളനിയില്‍ ലഘുലേഖ വിതരണം ചെയ്ത് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നും മറ്റുമായി കുറ്റ്യാടി, വളയം, സ്റ്റേഷനുകളിലെടുത്ത നാല് കേസാണ് കോഴിക്കോട്ട് പരിഗണനയിലുള്ളത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍ ജയകുമാര്‍ ഹാജരായി. മൂന്നര വര്‍ഷത്തെ വിചാരണ തടവിനു ശേഷം സി.പി.ഐ മാവോയിസ്റ്റ് നേതാവും രൂപേഷിന്റെ ഭാര്യയുമായ ഷൈന നേരത്തെ ജയില്‍ മോചിതയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും പലയിടങ്ങളിലായി 17 കേസുകളാണ് ഷൈനയുടെ പേരിലുണ്ടായിരുന്നത്. ഈ 17 കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് ഷൈന പുറത്തിറങ്ങുന്നത്.
2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സി.പി.ഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെ കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."