സൈബര്‍ ഡോമുമായി സഹകരിക്കുമെന്ന് ദുബൈ പൊലിസ്
തിരുവനന്തപുരം: കേരളാ പൊലിസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഡോമുമായി സഹകരിക്കാന്‍ ദുബൈ പൊലിസ്. ലോകരാജ്യങ്ങള്‍ ഇന്ന് ഏറ്റവും ഭീഷണി നേരിടുന്ന സൈബര്‍ സെക്യൂരിറ്റി, സൈബര്‍ ക്രൈം കുറ്റാന്വേഷണം തുടങ്ങിയവയില്‍ സൈബര്‍ ഡോമുമായി സഹകരിക്കാനുള്ള സന്നദ്ധത ദുബൈ പൊലിസ് സൈബര്‍ ഡോം മേധാവി മനോജ് എബ്രഹാമിനെ അറിയിച്ചു.
പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ സൈബര്‍ ഡോം ആസ്ഥാനത്തെത്തിയ ദുബൈ പൊലിസ് ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയാണ് കേരളാ പൊലിസിനോട് സഹകരണം ആവശ്യപ്പെട്ടത്.
സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനും ഇതുപോലൊരു കേന്ദ്രം ദുബൈ പൊലിസില്‍ ആരംഭിക്കുന്നതിനുമായാണ് ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഡോം സന്ദര്‍ശിച്ചത്. സൈബര്‍ ഡോമിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മനോജ് എബ്രഹാം ഇവര്‍ക്ക് വിവരിച്ചുനല്‍കി.
തുടര്‍ന്നാണ് സൈബര്‍ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ ക്രൈം സോഫ്റ്റ്‌വെയര്‍ ഡെവല്പമെന്റ് എന്നിവയില്‍ കേരളാ പൊലിസിന്റെ സഹകരണം ആവശ്യപ്പെട്ടത്.
ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇതിലൂടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാനും ധാരണയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."