മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തിന് മുന്‍പേ സമാന്തര ഉദ്ഘാടനത്തിനെത്തിയ എം.പിയെ പൊലിസ് തടഞ്ഞു
കൊട്ടാരക്കര: ഏനാത്ത് ബെയ്‌ലി പാലം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പ്രതിഷേധ സൂചകമായി സമാന്തര ഉദ്ഘാടനത്തിനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് പാലത്തിലേക്ക് കടക്കാനായില്ല. പാലത്തിന് 50 മീറ്റര്‍ അകലെ പൊലിസ് കയറുകെട്ടി തിരിച്ച ഭാഗത്തെത്തി പാലം വീക്ഷിച്ച ശേഷം കൊടിക്കുന്നില്‍ മടങ്ങുകയായിരുന്നു.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് കൊടികുന്നില്‍ അനുയായികളുമായി ഏനാത്ത് എത്തിയത്. തന്നെ അറിയിക്കാതെ ഉദ്ഘാടനം തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനത്തിന് കൊടികുന്നില്‍ എത്തുമെന്ന വാര്‍ത്ത പ്രചരിച്ചതോടെ തടയാന്‍ എല്‍.ഡി.എഫ് യുവജനസംഘടനകളും തയാറെടുത്തിരുന്നു. ഇതോടെ സ്ഥലത്ത് സംഘര്‍ഷ സാധ്യത ഉണ്ടായി. ഇതിനെ തുടര്‍ന്ന് ഇരു കരകളിലുമായി പൊലിസിനെ വിന്യസിക്കുകയും ആളുകള്‍ കടക്കാതിരിക്കാന്‍ പാലത്തില്‍ ബാരിക്കേഡ് ഉയര്‍ത്തുകയും ചെയ്തു.
12 മണിയോടെ കൊടിക്കുന്നില്‍ എത്തിയെങ്കിലും ബലം പ്രയോഗിച്ച് കടക്കാന്‍ ശ്രമിച്ചില്ല. ഉദ്ഘാടനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആണന്നും, പാര്‍ലമെന്റ് നടന്നുകൊണ്ടിരിക്കെ ഉദ്ഘാടനം തീരുമാനിച്ചത് തന്നെ ഒഴിവാക്കാനാണന്നും പ്രതികരിച്ച ശേഷം തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞ ശേഷം മടങ്ങി. ഈ സമയം പാലത്തില്‍ കൂടി നാട്ടുകാരെയും മറ്റുള്ളവരേയും കടത്തിവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."