സ്വര്‍ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥനെതിരേ കൊഫെപോസ ചുമത്തും
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥന് സുനില്‍ ഫ്രാന്‍സിസിനെതിരേ കൊഫെപോസ ചുമത്തും. നടപടി ക്രമങ്ങളുടെ ഭാഗമായി ഡി.ആര്.ഐ കൊഫെപോസ ബോര്‍ഡിന് ഇക്കാര്യത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രാഥമിക അന്വേഷണം പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തില്‍ നടപടികള്‍ ആരംഭിക്കാനാണ് ഡി.ആര്.ഐയുടെ തീരുമാനം. ദുബൈയില്‍നിന്നും സ്വര്‍ണം കൊണ്ടുവന്ന മുവാറ്റുപുഴ സ്വദേശി ഖാലിദ് അദ്നാനെയും കൊഫെപോസയില് ഉള്‍പ്പെടുത്തുന്ന കാര്യം ഡി.ആര്.ഐയുടെ പരിഗണനയിലുണ്ടെന്നാണ് വിവരം.
ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വന്‍ തോതിലുള്ള സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായാല്‍ മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ. കൊഫെപോസ ചുമത്തിയാല്‍ രണ്ട് വര്‍ഷം ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയേണ്ടി വരും. പിടിയിലായ ഇരുവരെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ ഹവില്‍ദാറായി ജോലി ചെയ്തു വന്നിരുന്ന സുനില്‍ ഫ്രാന്‍സിസ്, ദുബൈയില്‍നിന്നും എമിറേറ്റ്സ് വിമാനത്തില്‍ എത്തിയ യാത്രക്കാരനായ ഖാലിദ് അദ്നാന് എന്നിവര്‍ വെള്ളിയാഴ്ചയാണ് ഡയരക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. ഒരു കോടി രൂപ വില വരുന്ന മൂന്ന് കിലോഗ്രാം സ്വര്‍ണമാണ് ഇവര്‍ നികുതിവെട്ടിച്ച് പുറത്ത് കടത്താന്‍ ശ്രമം നടത്തിയത്.
അറസ്റ്റിലായ ഇരുവരെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയിലാണ് ഇന്നലെ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."