തലമുറകള്‍ക്ക് വായനയുടെ നന്മകള്‍ പകര്‍ന്ന് മുണ്ടന്‍കാവ് ശങ്കരവിലാസം ഗ്രന്ഥശാല
ആലപ്പുഴ: നാടെങ്ങും വായാനാദിനമാചരിക്കുമ്പോള്‍ ഒരു നൂറ്റാണ്ടിലേറെയായി വായനയുടെ ശീലം നാട്ടുകാര്‍ക്ക് പകര്‍ന്ന് നല്‍കിയ ഒരു ഗ്രന്ഥശാല അതിന്റെ 108-ാം പിറന്നാളാഘോഷത്തിനുള്ള ഒരുക്കത്തിലാണ്. ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് ശങ്കരവിലാസം ഗ്രന്ഥശാലയാണ് വരുന്ന ജൂലൈ 11ന് 108ാം വയസിലേക്ക് കടക്കുന്നത്.
വായനശാലയ്ക്ക് പറയാനുള്ളത് തലമുറകളുടെ കഥയും ചരിത്രവും. നാടുവാഴിയായിരുന്ന വഞ്ഞിപ്പുഴ തമ്പുരാന്റെ നിര്‍ദ്ദേശാനുസരണം തുടങ്ങിയ ഗ്രന്ഥശാലയാണ് പഴയ പ്രതാപത്തോടെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. 1910 ജൂലൈ 11ന് മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വര അയ്യരാണ് ഉദ്ഘാടനം ചെയ്തത്. ഗ്രന്ഥശാലയില്‍ നിലവില്‍ 18000ത്തില്‍പരം ഗ്രന്ഥങ്ങളുണ്ട്. അഞ്ചര സെന്റ് സ്ഥലത്ത് സ്വന്തം കെട്ടിടത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. വഞ്ഞിപ്പുഴ പേഷ്‌കാരായിരുന്ന ശങ്കരപിള്ള പേഷ്‌കാരുടെ നിര്‍ദ്ദേശാനുസരണം അന്നത്തെ തിരുവല്ല താലൂക്ക് തഹസില്‍ദാര്‍ മുണ്ടന്‍കാവ് തിരുവട്ടയില്‍ ഉണ്ണിത്താന്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലഭിച്ച ഭൂമിയിലാണ് ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നത്.
ഗ്രന്ഥശാലയുടെ വരവോടെ കലാസാഹിത്യ മേഖലകളില്‍ പ്രദേശത്തിന്റെ താല്‍പര്യം കൂടിയെന്നും ചരിത്രം. ചരിത്ര പുസ്തകങ്ങള്‍ മുതല്‍ ആധുനിക കവിതകള്‍ വരെ ചിട്ടയായ രീതിയില്‍ സൂക്ഷിച്ചുവയ്ക്കുന്നതാണ് ഗ്രന്ഥശാലയുടെ മുഖമുദ്ര. നോവലുകള്‍, ചെറുകഥാസമാഹാരങ്ങള്‍, നാടകങ്ങള്‍, കവിതകള്‍ തുടങ്ങീ വിഭാഗങ്ങളിലെ മനോഹരമായ പുസ്തകശേഖരവും ഗ്രന്ഥശാലയുടെ പ്രത്യേകതയാണ്. വീട്ടിലിരിക്കുന്ന അമ്മമാര്‍ക്ക് വായിക്കുവാന്‍ വീടുകളില്‍ പുസ്തകങ്ങള്‍ എത്തിച്ചിരുന്ന രീതിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രന്ഥശാല പിന്തുടര്‍ന്നിരുന്നത്. വൈകുന്നേരങ്ങളില്‍ നാട്ടിലെ യുവാക്കള്‍ ഒത്തുകൂടി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ച നടത്തുന്നതും പുസ്തക നിരൂപണം നടത്തുന്നതും ശങ്കരവിലാസം ഗ്രന്ഥശാല ഇപ്പോഴം പിന്തുടരുന്ന ശീലമാണ്.
1945 ഏപ്രില്‍ 30ന് അമ്പലപ്പുഴയില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘം രൂപീകരിക്കുവാനായി പി.എന്‍ പണിക്കര്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ശങ്കരവിലാസം ഗ്രന്ഥശാലയുടെ പ്രതിനിധി പങ്കെടുത്തിരുന്നു. ഗ്രന്ഥശാലയുടെ 100 ാം വാര്‍ഷികത്തിന് സുകുമാര്‍ അഴീക്കോടാണ് മുഖ്യാതിഥിയായി പങ്കെടുത്തത്. കടമ്മനിട്ട രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് അടക്കമുള്ള കവികളും സാഹിത്യ രംഗത്തു പ്രവര്‍ത്തിക്കുന്ന നിരവധി പ്രഗത്ഭരും ഗ്രന്ഥശാല സന്ദര്‍ശിച്ചിട്ടുണ്ട്. ആചാര്യ നരേന്ദ്രഭൂഷണ്‍ അടക്കമുള്ള സാഹിത്യ മേഖലയിലെ പ്രതിഭകള്‍ പ്രസിഡന്റുമാരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."