പെണ്ണുങ്ങളുടെ ലോകം
കെ.ജി ജോര്‍ജിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ(8 12 ഇന്റര്‍കട്ട്‌സ്) ഭാഗമായതിന്റെ വലിയ സന്തോഷത്തിലാണിപ്പോള്‍ കഥാകൃത്ത് ഷാഹിന കെ. റഫീഖ്. സിനിമയും എഴുത്തും ഒരുമിച്ചു കൊണ്ടുപോകുന്നതിനൊപ്പം സാഹിത്യ ചര്‍ച്ചാവേദികളിലും ഷാഹിന സജീവ സാന്നിധ്യമായി നില്‍ക്കുന്നുണ്ട്. ചെറിയ ചെറിയ കഥകളിലൂടെ, ഒത്തിരി കാര്യങ്ങള്‍ പറയുകയാണ് ഷാഹിന 'ലേഡീസ് കൂപ്പെ അഥവാ തീണ്ടാരി വണ്ടി' എന്ന കഥാസമാഹാരത്തില്‍. എന്റെ നോട്ട് ബുക്ക് എന്ന കുഞ്ഞിക്കഥയിലൂടെ, എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോള്‍ വിവാഹിതയാകേണ്ടി വന്ന ഒരു കുഞ്ഞിന്റെ ആത്മഗതങ്ങളിലൂടെ, വെറും ഒന്നര പേജിന്റെ ദൈര്‍ഘ്യത്തില്‍, വായനക്കാരെ പൊള്ളിക്കുന്നുണ്ട് ആ കഥ. ഏതാനും ചില കഥകള്‍ ഭ്രമാത്മകമായി പറഞ്ഞുപോകുന്നുണ്ട്. ഒരുപക്ഷേ എഴുത്തുകാരിക്കും അതേ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാള്‍ക്കും മാത്രം അനുഭവവേദ്യമാകുന്ന ആസ്വാദ്യതയുടെ പരിമിതി ആ കഥകള്‍ക്കുണ്ടെന്നു തോന്നി.
മാളുവിന്റെ ലോകം, പാതിവേവ്, ഗാന്ധര്‍വം, പാചകവിധി, ഗസലുകള്‍ കേട്ട് മഴ വെള്ളത്തില്‍ കടലാസു തോണികള്‍ ഉണ്ടാക്കുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന 'കാഗസ് കി കശ്തി' തുടങ്ങിയ കഥകളില്‍, സ്ത്രീയുടെ സ്വയമെന്നോണമുള്ള ചില പാകപ്പെടുത്തലുകള്‍, അവയെ നിരാകരിക്കല്‍, സമരസപ്പെടല്‍, സ്വതന്ത്രയാക്കപ്പെടല്‍ തുടങ്ങിയ പ്രക്രിയകളെ ലളിതമായി ആവിഷ്‌കരിച്ചിരിക്കുന്നു. 'ഐ.ഡി' എന്ന കഥ വായിച്ചുകഴിയുമ്പോള്‍ ഇങ്ങനെയൊക്കെ ഞാനും ചിന്തിച്ചിട്ടുണ്ടല്ലോ, അല്ലെങ്കില്‍ ഇങ്ങനെയൊക്കെപ്പറയുന്ന ഒരു കൂട്ടുകാരി എനിക്കുമുണ്ടായിരുന്നല്ലോ എന്നൊക്കെ തോന്നും. ഒരു ഹോസ്റ്റല്‍ മുറിയില്‍ താമസിക്കുന്ന പാറുവും നിക്കിയും തനുവുമെല്ലാം നമുക്കു ചുറ്റുമുള്ളവരെപ്പോലെ പരിചയം കാണിച്ചു നില്‍ക്കുന്നു.
മിക്ക കഥകളിലും മുഖ്യകഥാപാത്രങ്ങള്‍ സ്ത്രീകളാണെങ്കിലും പുരുഷന്മാരുടെ കഥകളും ഷാഹിന പറഞ്ഞിട്ടുണ്ട്. 'ഒരു പൈങ്കിളി കഥയും അനുബന്ധങ്ങളും' എന്ന കഥയിലെ സന്ദീപിനെ, കാമുകിയാല്‍ ഉപേക്ഷിക്കപ്പെട്ടു ദേവദാസ് മാതൃകയില്‍ നടക്കുന്നതിന്റെ പ്രായോഗികതയില്ലായ്മയുടെ പ്രതീകമായി കാണിച്ചു ചെറുതായൊന്നു പരിഹസിക്കുന്നുണ്ട്. അതോടൊപ്പം മറ്റൊരു പുരുഷനെ ഇഷ്ടമാണെന്നു തുറന്നുപറഞ്ഞ്, ജീവിതകാലം മുഴുവന്‍ സന്ദീപിനെ വഞ്ചിക്കാനാവില്ലെന്നു പറഞ്ഞു സ്വയം പിരിഞ്ഞുപോകുന്ന സ്ത്രീയെ എഴുതിക്കൊണ്ട്, പുതിയ ലോകത്തിന്റെ മാറുന്ന കാഴ്ചപ്പാടുകളെ മൃദുവായി രേഖപ്പെടുത്തുന്നുമുണ്ട്.
'പൂമ്പാറ്റകള്‍ പുഴുക്കളാകുന്നത് ' എന്ന ഒരു പേജുള്ള കഥ അവസാനിക്കുന്നതു ഭാര്യയെ നോക്കിനില്‍ക്കുന്ന ഭര്‍ത്താവിന്റെ ആന്മഗതത്തോടെയാണ്. അന്നേരം ചപ്പാത്തി വായിലിട്ടു ചവച്ചുകൊണ്ട് മധുസൂദനന്‍ രുക്മിണിയെ ഓര്‍ക്കുകയായിരുന്നു.
'ശവം! തിന്നുതിന്ന് പള്ളയും ചാടി ഇരിക്കുന്നു. ഇത്തിരിക്കൂടി നല്ല കണ്ടീഷനില്‍ ആയിരുന്നെങ്കില്‍ രണ്ട് കാശുണ്ടാക്കായിരുന്നു!'
'റിഗര്‍ മോര്‍ട്ടിസ് ' എന്ന കഥയുടെ ആഖ്യാനം മറ്റു കഥകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. ആണെന്നോ പെണ്ണെന്നോ ഉറപ്പിക്കാനാകാത്ത, ഒരു ആത്മാവ് കഥ പറയുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. തനിച്ചു താമസിക്കുന്ന ഒരാള്‍ മരിക്കുകയും അതു പുറംലോകം അറിയുകയും ചെയ്യുന്നതുവരെയുള്ള സംഭവങ്ങള്‍, സൂക്ഷ്മമായ വിവരണങ്ങളിലൂടെ ഷാഹിന അവതരിപ്പിച്ചിരിക്കുന്നു.
രാജ്‌മോഹന, അവളുടെ കുട്ടിക്കാലം, അച്ഛന്‍, അമ്മ, അവരുടെ പ്രണയം, അമ്മയുടെ ജല്‍പനങ്ങള്‍, അവളുടെ ഭ്രാന്തന്‍സ്വപ്‌നങ്ങള്‍, റിഹാനുമായുള്ള പ്രണയം തുടങ്ങി, കുറച്ചു വലിയ പശ്ചാലത്തത്തില്‍ പറഞ്ഞിരിക്കുന്ന പുസ്തകത്തിലെ ഒരേയൊരു കഥയാണ് 'ഭ്രാന്ത് '. ചെറിയ നര്‍മമെന്നോ സര്‍ക്കാസമെന്നോ പറയാവുന്ന ഒരു ശൈലി മിക്ക കഥകളിലും നിഴലിക്കുന്നുണ്ട്. 'ഫീലിങ് സാഡ് ' എന്ന കഥ ഒരു സോഷ്യല്‍ മീഡിയ സ്റ്റാറ്റസിനെ തന്നെ നര്‍മത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.
ഒരു ലേഡീസ് കംപാര്‍ട്ട്‌മെന്റിലെ സ്ഥിരം യാത്രികരായ ചില സ്ത്രീകളിലൂടെ ഒത്തിരി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്ന കഥയാണ് 'ലേഡീസ് കൂപ്പെ'. പല പ്രായത്തിലുള്ള, പല പരാധീനതകളുള്ള, സ്വാതന്ത്ര്യങ്ങളുള്ള, വീക്ഷണങ്ങളുള്ള സ്ത്രീകള്‍, അവരവരുടെ ജീവിതത്തെയും സമൂഹത്തെയും ഒക്കെ നോക്കിക്കാണുന്ന രീതി പുതുമ ഉണര്‍ത്തുന്നുണ്ട്. എങ്കിലും ആര്‍ത്തവം എന്ന പ്രശ്‌നം എല്ലാറ്റിലും ഉപരിയായി വിവരണത്തില്‍ വരുന്നതു ശ്രദ്ധിക്കാതിരിക്കാനായില്ല. വൈകിയോടിയെത്തിയ തീവണ്ടിയില്‍നിന്ന് ഉത്തരവാദിത്വങ്ങളുടെ ഭാരം താഴെവച്ചു സ്വാതന്ത്ര്യത്തിലേയ്‌ക്കെന്നവണ്ണം, ഒരു ദിവസത്തെ അവരവര്‍ക്കു വേണ്ടി മാത്രം ചെലവഴിക്കുമെന്നു പ്രതിജ്ഞയെടുത്ത് ഒരാര്‍പ്പുവിളിയോടെ പുറത്തേയ്ക്കിറങ്ങുന്ന പെണ്ണുങ്ങളെ ചൂണ്ടിക്കാണിച്ചു കഥ നിര്‍ത്തിയിരിക്കുന്നു.
ഷാഹിനയുടെ കഥാപാത്രങ്ങള്‍, പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങള്‍, സ്വയം തിരിച്ചറിഞ്ഞവരാണ്. അവരുടെ ചുറ്റുപാടുകള്‍, പരിമിതമായ സാഹചര്യങ്ങള്‍, പ്രണയം, സ്വാതന്ത്ര്യം തുടങ്ങിയവയെക്കുറിച്ചു വ്യക്തമായ ധാരണകളുണ്ടെങ്കിലും എന്തൊക്കെയോ പിറകോട്ടുവലിക്കുന്നുവെന്നു സ്വയം പറഞ്ഞുവയ്ക്കുന്നുണ്ട് അവര്‍. എങ്കിലും വിശാലമായ ഒരാകാശം സ്വപ്‌നം കാണുന്നതില്‍നിന്ന് അവര്‍ പിന്നോട്ടുപോകുന്നുമില്ല.
'രണ്ട് പല്ല് തേപ്പുകള്‍ക്കിടയില്‍, ഒരു വാതില്‍ തുറക്കലിനും അടയ്ക്കലിനുമിടയില്‍ ആവര്‍ത്തിക്കുന്ന രാപകലുകള്‍ക്കിടയില്‍ ജീവിച്ചുതീരുമായിരുന്ന എന്നെ വീണ്ടെടുക്കല്‍ ആയിരുന്നു എനിക്ക് എഴുത്ത് ' ഷാഹിനയുടെ തന്നെ വാക്കുകള്‍. ഉമ്മാമയുടെ ഖിസ്സകളും വാപ്പയുടെ പുസ്തകങ്ങളും ഒറ്റയ്ക്കിരിക്കാനിഷ്ടപ്പെട്ടിരുന്ന ഒരു പെണ്‍കുട്ടിയെക്കൊണ്ട് കഥകള്‍ എഴുതിച്ചു എന്നവര്‍ പറയുന്നു. റൂമിയുടെയും കമലാസുരയ്യയുടെയുമെല്ലാം കവിതകള്‍ കഥകളില്‍ ഇടംപിടിച്ചിരിക്കുന്നു. ഹോസ്റ്റല്‍ ജീവിതങ്ങളും പ്രണയവും സൗഹൃദവലയങ്ങളും യാത്രകളും ഷാഹിനയുടെ കഥാപാത്രങ്ങള്‍, ജീവിതത്തിന്റെ നേരുകളെ, തിരിച്ചറിവുകളെ രേഖപ്പെടുത്താന്‍ പാകമായ പശ്ചാത്തലമായി സ്വീകരിച്ചിരിക്കുന്നു.
ചില കാര്യങ്ങള്‍
ചുരുക്കിപ്പറയുന്നതാണ് ചന്തം
എഴുത്തില്‍ ഭാഷയുടെ ശുദ്ധി എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. സാധാരണക്കാരനു മനസിലാകുന്ന ലളിതമായ പദങ്ങള്‍ ഉപയോഗിച്ച് എഴുതുന്ന കവിതകളും കഥകളും ഏറെ ജനപ്രിയമാകാറുമുണ്ട്. ഇപ്പോള്‍ മലയാള കൃതികളുടെ പേരുകള്‍ തന്നെ ഇംഗ്ലീഷ് ആകുന്നത് സാധാരണമായിട്ടുണ്ട്. ഉള്ളടക്കത്തില്‍ താരതമ്യേന ഇംഗ്ലീഷ് പദങ്ങള്‍ കൂടുതലായി കണ്ടുവരുന്നും ഉണ്ട്. ഷാഹിനയുടെ കഥകളിലും സമകാലികരായ മറ്റ് എഴുത്തുകാരുടെ കൃതികളിലും കണ്ടുവരുന്ന ഈ പ്രവണതയെ എങ്ങനെയാണു വിശദീകരിക്കുന്നത്?
കാലത്തിനനുസരിച്ച മാറ്റങ്ങള്‍ ഭാഷയുടെ ഉപയോഗത്തിലും വരുമെന്നാണ് ഞാന്‍ കരുതുന്നത്. പല പുതിയ വാക്കുകള്‍ ഉണ്ടാവുന്നു, ചിലതു പ്രയോഗത്തില്‍ ഇല്ലാതെ വരുന്നു. ഞാന്‍ 'വവ്വാല്‍' എന്ന കഥ എഴുതിയിരിക്കുന്നതു രണ്ടുപേര്‍ തമ്മിലുള്ള ചാറ്റ് മെസേജ് എന്ന രീതിയിലാണ്. അതില്‍ സ്വാഭാവികമായും ഇംഗ്ലീഷ് വാക്കുകള്‍ കടന്നുവരുമല്ലോ. സന്ദര്‍ഭത്തിനനുസസരിച്ച് ഇങ്ങനെ സംഭവിക്കാറുണ്ട്.
'എന്റെ നോട്ടുബുക്ക് ' എന്ന കഥ രവീന്ദ്രനാഥ ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികത്തില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തിയ മത്സരത്തിന് ഇംഗ്ലീഷില്‍ എഴുതിയതാണ്. കഥ 'ലേഡീസ് കൂപ്പെ'യില്‍ മലയാളത്തിലുണ്ട്. വിവര്‍ത്തന കൃതികള്‍ മലയാളികളുടെ വായനാലോകത്തെ അതിരുകളില്ലാത്ത വിധം വ്യാപിപ്പിച്ചിട്ടുണ്ട്. 2016ല്‍ മാന്‍ ബുക്കര്‍ പ്രൈസ്, സമ്മാനര്‍ഹമാകുന്ന വിദേശഭാഷാ കൃതികള്‍ക്ക്(ഇംഗ്ലീഷിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ടവയ്ക്ക്) നല്‍കുന്ന സമ്മാനത്തുക എഴുത്തുകാര്‍ക്കും വിവര്‍ത്തകര്‍ക്കും തുല്യമായി പങ്കുവയ്ക്കുന്ന രീതിയില്‍, അന്നുവരെ നിലവിലിരുന്ന രീതികള്‍ പുതുക്കുകയുണ്ടായി. പരിഭാഷകര്‍ അത്രത്തോളം, എഴുത്തുകാരോളം, സൂഷ്മവും ബുദ്ധിപരവുമായ ഇടപെടലുകളാണു ഭാഷാന്തരത്തിലൂടെ ചെയ്യുന്നത് എന്നത് അംഗീകരിക്കലായിരുന്നു അത്. ഹാന്‍ കാങ്ങും, അവരുടെ സമ്മാനര്‍ഹമായ പുസ്തകം The Vegetarianന്റെ പരിഭാഷക ഡെബോറ സ്മിത്തും ചേര്‍ന്ന് ആ വര്‍ഷത്തെ സമ്മാനം പങ്കിട്ടെടുത്തു. ഏതൊരു ഭാഷയിലേക്കും വിവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈ സൂഷ്മത ആവശ്യമാണ്. എന്നാല്‍ മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തുന്ന കൃതികളില്‍ മിക്കതും മൂലകൃതിയുടെ ആത്മാവ് നഷ്ടപ്പെടുന്ന രീതിയിലാണെന്നു ചില വായനാനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈയൊരു വിഷയം ശ്രദ്ധിച്ചിട്ടുണ്ടോ?
മാര്‍കേസ് ഇത്രമേല്‍ നമുക്ക് പരിചിതമായിട്ടുണ്ടെങ്കില്‍ അതില്‍ വലിയൊരു പങ്ക് റബാസയ്ക്കും ഗ്രോസ്മാനും തീര്‍ച്ചയായുമുണ്ട്. ബംഗാളി സാഹിത്യത്തെ പരിചയപ്പെടുത്തിയതില്‍ സത്യാര്‍ഥിയോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നപോലെ. മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത കൃതികള്‍ അധികം വായിച്ചിട്ടില്ല, ഇംഗ്ലീഷിലാണു വായിച്ചിട്ടുള്ളത്. അതുകൊണ്ട് ഈ ചോദ്യത്തിനു കൃത്യമായ മറുപടി പറയാനാവില്ല.
മിക്ക കഥകളും വളരെ ഹ്രസ്വമായി പറഞ്ഞിരിക്കുന്നു. ചൂട്, കാഗസ് കി കശ്തി തുടങ്ങിയ കഥകള്‍ അര മുക്കാല്‍ പേജോളമേ വരൂ. എന്നാല്‍ വായിച്ചുകഴിയുമ്പോള്‍ വായനക്കാരില്‍ അവശേഷിപ്പിക്കുന്ന ഹാങ്ങ് ഓവര്‍ ചെറുതുമല്ല. ഈയൊരു ശൈലിയെപ്പറ്റി?
ചില കാര്യങ്ങള്‍ ചുരുക്കിപ്പറയുന്നതാണു കൂടുതല്‍ നന്നാവുക എന്നു തോന്നാറുണ്ട്. അത്തരത്തിലുള്ള കഥകള്‍ എഴുതാന്‍ ഇഷ്ടവുമാണ്.
സ്ത്രീ എഴുത്തുകളെ, പ്രതിരോധ സാഹിത്യമെന്ന രീതിയില്‍ വിശേഷിപ്പിച്ചുകാണാറുണ്ട്. പതിഞ്ഞുപോയ ചില അധികാര ശക്തികള്‍ക്കെതിരേയുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ് ഇത്തരം രചനകള്‍ എന്നു മലയാളത്തിലെ ഫെമിനിസ്റ്റ് എഴുത്തുകള്‍ രേഖപ്പെടുത്താന്‍ ശ്രമിക്കുന്നുമുണ്ട്. ഷാഹിനയുടെ മിക്ക കഥാപാത്രങ്ങളും ഇപ്പോഴുള്ള അവസ്ഥകളില്‍നിന്നു രക്ഷപ്പെട്ട്, പുതിയ ഒരാകാശം സ്വപ്‌നം കാണുന്നവരാണ്. എന്നാല്‍ ഒരു അദൃശ്യമായ അസ്വാതന്ത്ര്യത്തിന്റെ കരങ്ങള്‍ അവരെ പൊതിഞ്ഞുനില്‍ക്കുന്നതായിത്തന്നെയാണു പറഞ്ഞുനിര്‍ത്തുന്നത്. ഇതെന്തുകൊണ്ടാണ്?
നമുക്കുചുറ്റും കാണുന്നതും, മനസില്‍ പതിയുന്നതുമായ കാഴ്ചകളില്‍നിന്ന് അറിഞ്ഞോ അറിയാതെയോ കഥകളിലേക്കു കയറിവരുന്നതാവാം. മനസില്‍ ഒരു ഇറങ്ങിപ്പോക്ക് ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവായിരിക്കും എന്നാണു തോന്നിയിട്ടുള്ളത്. എന്നാല്‍ അവര്‍ അവരുടെ അവസ്ഥകളോടു താദാത്മ്യപ്പെട്ടു ജീവിക്കുന്നുമുണ്ട്.
ജേണലിസത്തില്‍ പി.ജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവുമുള്ള ഷാഹിനയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കുന്നതു മണിരത്‌നം സിനിമകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ്. എഴുത്തുകാരി, ചലച്ചിത്ര നിരൂപക, കോളമിസ്റ്റ് എന്നീ രീതിയില്‍ മാത്രമല്ല, ഡോക്യുമെന്ററി പ്രവര്‍ത്തകയായും ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളില്‍ മോഡറേറ്ററായും മലയാളി പ്രേക്ഷകര്‍ ഷാഹിനയെ കാണുന്നുണ്ട്. ഇങ്ങനെ വിവിധ റോളുകള്‍ കൈകാര്യം ചെയ്യുന്ന ഒരാളെന്നെ നിലയില്‍ സ്വയം എങ്ങനെ വിലയിരുത്തുന്നു?
മടിച്ചി! ഒറ്റയ്ക്കിരിക്കാനും സ്വപ്‌നം കാണാനും പുസ്തകം വായിക്കാനും പാട്ടുകേള്‍ക്കാനും സിനിമ കാണാനും യാത്ര പോവാനും ഇഷ്ടമുള്ള ഒരാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."