പങ്കിപ്പുറത്തെ യാത്രാ ദുരിതം മാറുന്നതും കാത്ത് നാട്ടുകാര്‍
ചങ്ങനാശേരി: മാടപ്പള്ളി പങ്കിപ്പുറം പ്രദേശത്തെ പ്രദേശവാസികള്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി യാത്രാദുരിതം അനുഭവിക്കുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ സമരപരിപാടികള്‍ ആരംഭിക്കുവാന്‍ ഒരുങ്ങുന്നു.ഇതുവഴിയുള്ള ഏക പി.ഡബ്ല്യൂ.ഡി റോഡായ നടയ്ക്കപ്പാടം വെങ്കോട്ട റോഡ് തകര്‍ന്നു കിടക്കുവാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം കഴിഞ്ഞു.
ഇതിനെതിരെ നാട്ടുകാര്‍ പലവട്ടം ഉത്തരവാദിത്വപെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെയും ആരും തിരിഞ്ഞു നോക്കുവാന്‍ പോലും തയ്യാറായില്ല. കൂടാതെ ഇപ്പോള്‍ കാലവര്‍ഷം ശക്തി പ്രാപിച്ചപ്പോള്‍ കാല്‍ നടക്കാര്‍ക്കുപോലും സഞ്ചരിക്കുവാന്‍ പറ്റാത്ത രീതിയില്‍ റോഡ് കുളമായി മാറി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
നിലവിലെ ടാറിംഗ് ഇളകി റോഡില്‍ നിറയെ കുഴികള്‍ ആയതിനാല്‍ രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്കും, കാല്‍നടക്കാരും അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. നടയ്ക്കപ്പാടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഉണ്ടായ റോഡ് അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ മണ്ണ് ഒഴുകി റോഡില്‍ ഇറങ്ങി യാത്രക്കാരും ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നതു നിത്യ സംഭവമാണ്.കൂടാതെ ഈ ഭാഗത്ത് റോഡില്‍ വലിയ വളവ് ഉള്ള ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന കലുങ്കിന്റെ ഓട അടഞ്ഞ് പോയതിനാല്‍ മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടി കിടക്കുന്നത് പതിവാകുന്നു. പി.ഡബ്ല്യൂ.ഡി ചങ്ങനാശേരി അസിസ്റ്റന്റ് എഞ്ചിനീയറെ കണ്ട് റെസിഡന്റ്‌സ് അസോസിയേഷന്‍ പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പി.ഡബ്ല്യൂ.ഡി ഓഫീസ് ഉഫരോധമുള്‍പ്പെടെയുള്ള സമരത്തിന് തയ്യാറാകുന്നതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."