ഭാഗ്യവാനാണ് വിശ്വാസി
കുടുംബത്തിന് തവക്കുലിന്റെയും തഖ്‌വയുടേയും അനുഭവ പാഠങ്ങള്‍ പകര്‍ന്നു കൊടുക്കാനുള്ള അവസരമാണ് ലോക്ക്ഡൗണ്‍ കാലത്തെ റമദാന്‍.
പരീക്ഷണങ്ങളെക്കുറിച്ചു ചെറിയതോതിലെങ്കിലും ആകുലരാണ് നമ്മള്‍. സത്യവിശ്വാസിയെ സംബന്ധിച്ച് ഐഹിക ലോകം പാരത്രിക ജീവിതത്തിലെ നിതാന്ത വിജയത്തിനുള്ള കൃഷിഭൂമിയാണ്. നന്മവിതച്ചു പരീക്ഷണങ്ങളുടെ വെള്ളവും വളവും സമം ചേര്‍ത്തു വിശുദ്ധിയുടെ കാവലായി നിന്നു വിജയം കൊയ്‌തെടുക്കാനുള്ള ഭൂമിക മാത്രം. പരലോക ജീവിതത്തിനാവിശ്യമായ പാഥേയം സമാഹരിക്കുന്ന പഥികരാണ് നാം. വിശ്വാസത്തിന്റെ തീവ്രത കൂട്ടാന്‍ മാത്രമാണ് ഇത്തരം പരീക്ഷണങ്ങള്‍. ഒരോ പരീക്ഷണവും ദൈവത്തിലേയ്ക്കുള്ള പാതയില്‍ പറ്റിച്ചേര്‍ന്ന അഴുക്കുകളില്‍ നിന്നുള്ള ശുദ്ധീകരണത്തിനുള്ളതാണ്. ആ തിരിച്ചറിവുണ്ടായാല്‍ മുറുമുറുപ്പില്ലാതെ, അസ്വസ്ഥമാകാതെ, സധൈര്യം സമാധാനപൂര്‍വം മുന്നോട്ട് പോകാനാകും.
പലരൂപത്തിലുള്ള പരീക്ഷണങ്ങള്‍ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. വിഷമസന്ധിയില്‍ അകപ്പെടുന്ന പരീക്ഷണങ്ങളേക്കാള്‍ ഭീകരമത്രേ നന്മകള്‍ വാരിക്കോരി നല്‍കിയുള്ള പരീക്ഷണങ്ങള്‍. ആഗ്രഹിച്ച കാര്യങ്ങളുടെ സാധുതയും വിഭവ വിശാലതയും മനുഷ്യമനസ്സുകളെ ആലസ്യത്തിലാക്കുകയും ദാതാവിന്റെ ചിന്തകളെ കുടിയിറക്കുകയും ചെയ്യുന്നത് എത്രമാത്രം അപകടകരമാണ്! വിഭവങ്ങളുടെ ദൗര്‍ലഭ്യവും ജീവനാശവുമാണിന്ന് നമ്മുടെ ദുഃസ്വപ്നം. ദൗര്‍ലഭ്യത കൊണ്ടുള്ള പരീക്ഷണ മുറകള്‍ പ്രത്യക്ഷത്തില്‍ ദോഷവും വേദനാജനകവുമായി അനുഭവപ്പെട്ടേയ്ക്കാം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സുവിശേഷമത്രെ. തങ്ങള്‍ക്ക് വല്ല ആപത്തും സംഭവിച്ചാല്‍ (ആ ക്ഷമശീലര്‍) പറയുക: ഞങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണ്, അവനിലേക്ക് തന്നെ മടങ്ങുന്നവരുമാണ് എന്നായിരിക്കും. അവര്‍ക്കാണ് അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നത്. അവരാണ് സന്മാര്‍ഗം പ്രാപിച്ചവര്‍ '(വി.ഖു 2:155-157). മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നത്, പരീക്ഷണങ്ങള്‍ മനുഷ്യരെ വിനയാന്വിതാക്കാന്‍ വേണ്ടിയാണെന്നാണ്. സുഭിക്ഷതയും സുലഭിതയും നല്‍കുന്ന അഹന്തയും പൊങ്ങച്ചവും താന്‍പോരിമയും മിഥ്യസങ്കല്‍പങ്ങളും ഇല്ലാതാക്കാനും മനസ്സിനെ ശുദ്ധീകരിച്ച് നന്മകള്‍ പുറത്തെടുക്കാനും ഇതനിവാര്യമായി വരുന്നു.
ഓരോ പരീക്ഷണവും നമ്മെ ഉടച്ചുവാര്‍ക്കാനാണെന്ന വിശ്വാസത്തിലധിഷ്ഠിതമായ തിരിച്ചറിവാണ് വേണ്ടത്. ഇങ്ങനെ പരീക്ഷണങ്ങളോടുള്ള ഇസ്‌ലാമിക സമീപനം പരിചയപ്പെടുത്താനുള്ള അവസരമാണ് നമുക്ക് വന്നുഭവിച്ചിരിക്കുന്ന മഹാമാരി. മുന്‍പു കേട്ടുകേള്‍വിയില്ലാത്ത വിധം അപകടകരമാണങ്കിലും എല്ലാം അല്ലാഹുവില്‍ നിന്നാണ് എന്ന അടിസ്ഥാന തത്വം മനസിലാക്കുന്നതിലൂടെ യഥാര്‍ഥത്തില്‍ ഒരു വിശ്വാസിയുടെ ഹൃദയം ശാന്തമാകുന്നു എന്നതാണ് സത്യം. ലോകം നാശത്തിന്റെ വക്കിലാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കൊറോണയെന്ന ഇത്തിരിക്കുഞ്ഞനായ വൈറസ് സംഹാരതാണ്ഡവം തുടങ്ങിയിട്ടു മാസങ്ങളേറെയായി. ആയിരങ്ങളോ പതിനായിരങ്ങളോ ലക്ഷങ്ങളോ വരുന്ന മുനുഷ്യരല്ല ഈ ഇത്തിരി ഭീമനു മുന്നില്‍ അടിയറവു പറഞ്ഞു ഭീതിയുടെ നീഴലില്‍ ജീവിക്കുന്നത്. 150 ഓളം രാഷ്ട്രങ്ങളിലെ കോടിക്കണക്കിനു ജനങ്ങളാണ്. സാമൂഹ്യസമ്പര്‍ക്കം നിലച്ചു, ബിസിനസ് സമ്രാജ്യങ്ങള്‍ തകര്‍ന്നു, ആരാധനാലയങ്ങള്‍ക്കു താഴു വീണു, ലോകം ഭീതമായ നിശബ്ദതയിലേയ്ക്ക് കൂപ്പുകുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ പെട്ടന്നൊരു മാറ്റം അസംഭവ്യമാണ്. വൈറസ് വ്യാപനം തടയാന്‍ സാമൂഹികാകലം പാലിക്കലും ലോക്ക് ഡൗണ്ടും അനിവാര്യവുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വിശ്വാസിയുടെ ഹൃദയം താളം തെറ്റാന്‍ അവസരങ്ങള്‍ ഒരു പാടാണ്. താഴിട്ട ആരാധനലായങ്ങള്‍ ഒരു വേള അവനില്‍ അനാവശ്യ ചിന്തകളുടെ വേലിയേറ്റം സൃഷ്ടിച്ചേക്കാം. അവസരം മുതലെടുത്ത് കളം നിറഞ്ഞാടുന്ന യുക്തിവാദികളും നിരീശ്വരവാദികളുംപലതും ശരിയെന്നു സമര്‍ഥിക്കാന്‍ കോവിഡെന്ന തിരശ്ശീലയ്ക്കു പിന്നില്‍ സജീവമാണ്. ഈ ഘട്ടത്തില്‍ വിശ്വാസസംരക്ഷണം സത്യവിശ്വാസിക്ക് അനിവാര്യമാണ്. ഇത്തരം മഹാമാരികള്‍ അല്ലാഹുവിന്റെ പരീക്ഷണമാണെന്ന അടിസ്ഥാനതത്വമാണു നാം ആദ്യമായി മനസ്സില്‍ കുടിയിരുത്തേണ്ടത്. ഖുര്‍ആന്‍ ചോദിച്ചത് ' സത്യ വിശ്വാസിയാണെന്ന അധരമന്ത്രം മൂലം പരീക്ഷണ പാത്രമാകാതെ വിട്ടയക്കപ്പെടുമെന്ന് മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ'? (വി.ഖു 29:1) എന്നാണ്. പ്രവാചകന്റെ മൊഴിയിതാ: 'വിശ്വാസിയുടെ സര്‍വ്വ പ്രവര്‍ത്തികളുമെന്നെ അത്യത്ഭുതപരതന്ത്രനാക്കുന്നു. അവനു ഗുണം സംഭവിച്ചാല്‍ നാഥനെ സ്തുതിക്കുന്നു. അവനത് നന്മയായി ഭവിക്കുന്നു. അവനു ക്ലേശം വന്നാല്‍ അവന്‍ ക്ഷമിക്കുന്നു. അതും അവന് നന്മയായി ഭവിക്കുന്നു.'(ഹദീസ്). സകല പ്രാപഞ്ചിക വസ്തുതകളേയും മനസ്സിലാക്കാനും അതിലൂടെ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കാനുമുള്ള അവസരമായി ഈ പരീക്ഷണകാലത്തെ ഉപയോഗപ്പെടുത്താനും സാധിക്കണം. ആ തിരിച്ചറിവാണ് വര്‍ത്തമാന കാലം നല്‍കുന്ന സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."