വിദ്യാര്‍ഥികള്‍ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണം: ഗവര്‍ണര്‍
പെരിയ (കാസര്‍കോട്): വിദ്യാഭ്യാസം ഡിഗ്രി നേടുന്നത് കൊണ്ട് അവസാനിക്കേണ്ടതല്ലെന്നും സമൂഹത്തിന് അനിവാര്യമായ സമയത്ത് ഉപകരിക്കുന്നതാകണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. പെരിയ കേന്ദ്ര സര്‍വകലാശാല ആസ്ഥാനത്ത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ലൈബ്രറികളിലും ഡാറ്റാബേസിലും ഒതുങ്ങാതെ സമൂഹത്തെ കണ്ണ് തുറന്നുകാണാനും മനസിലാക്കാനും ശ്രമിക്കണം. ഭരണഘടനയുടെ ആമുഖവും പൗരന്റെ മൗലിക കര്‍ത്തവ്യങ്ങളും വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും കൈപുസ്തകങ്ങളായി പഠിപ്പിക്കണം. ആക്രമണോത്സുകമായ കലാലയ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു. ദേശീയഗാനത്തേയും ദേശീയപതാകയേയും ആദരിക്കാനും സ്ത്രീകളെയും കുട്ടികളെയും പ്രകൃതിയെയും സംരക്ഷിക്കാനും സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പുവരുത്താനും ഭരണഘടന വിഭാവനം ചെയ്യുന്നു.
ഭരണഘടനയുടെ ആമുഖവും മൗലിക കടമകളും ചുമതലകളും പ്രചരിപ്പിക്കാന്‍ സന്നദ്ധ സംഘടനകളും രംഗത്തുവരുന്നുണ്ട്. സാക്ഷരതയില്‍ മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരക്കുറവ് മനസിലാക്കിയാണ് കേരളത്തിലെ മികച്ച സര്‍വകലാശാലകള്‍ക്ക് ചാന്‍സലറുടെ പുരസ്‌കാരം നല്‍കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രൊഫ. എസ്.വി ശേഷഗിരി റാവു അധ്യക്ഷനായി. ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എസ്.എ ബാരി, പ്രോ വൈസ് ചാന്‍സലര്‍ കെ. ജയപ്രസാദ്, പരീക്ഷാ കണ്‍ട്രോളര്‍ മുരളീധരന്‍ നായര്‍, കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, രജിസ്ട്രാര്‍ എ. രാധാകൃഷ്ണന്‍ സംസാരിച്ചു. 16 ഗവേഷണ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 790 വിദ്യാര്‍ഥികളാണ് ബിരുദദാനത്തിന് അര്‍ഹരായത്. ഇതില്‍ 694 പേര്‍ ബിരുദദാനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."