നിപാ ഓര്‍മകള്‍ക്ക് രണ്ടാണ്ട്; സങ്കടക്കടലില്‍ സഹനത്തിന്റെ തുഴയെറിഞ്ഞ് മുത്തലിബും ഉമ്മയും
പേരാമ്പ്ര: ദുരന്തമുഖത്ത് പതറരുതെന്ന് പറയുകയല്ല; ജീവിച്ചു കാണിക്കുകയാണ് പന്തിരിക്കരയിലെ മുത്തലിബും ഉമ്മ മറിയവും. രണ്ടുവര്‍ഷം മുന്‍പ് നിപാ വൈറസ് ദുരന്തം വിതച്ചപ്പോള്‍ ഇവര്‍ക്കു നഷ്ടമായത് ഉറ്റവരുടെ നാലു ജീവനുകള്‍. കണ്ണീരോര്‍മകളിലും ഈ ഉമ്മയും മകനും പകര്‍ന്നു നല്‍കുന്നത് സഹനത്തിന്റെ വലിയ പാഠങ്ങളാണ്.
2018 മെയ് അഞ്ചിനാണ് പന്തിരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടി സാബിത്ത് പനി ബാധിച്ച് മരിക്കുന്നത്. ദിവസങ്ങള്‍ക്കു ശേഷം സഹോദരന്‍ സാലിഹും മരണത്തിനു കീഴടങ്ങി. ജ്യേഷ്ഠാനുജന്മാരുടെ വിയോഗത്തില്‍ നാട് നടുങ്ങി നില്‍ക്കുമ്പോഴാണ് നിപാ വൈറസാണ് രോഗകാരണമെന്ന് കണ്ടെത്തുന്നത്. അതിനടുത്ത ദിവസം സാലിഹിന്റെ ഉപ്പയുടെ സഹോദരന്റെ ഭാര്യ മറിയവും മരിച്ചു.
എല്ലാ പ്രാര്‍ഥകളെയും വിഫലമാക്കി 22ന് സാബിത്തിന്റെ ഉപ്പ മൂസ മുസ് ലിയാരും കോഴിക്കോട്ടെ ആശുപത്രിയില്‍ വച്ച് വിടപറഞ്ഞു. ഇതോടെ പേരാമ്പ്രയും പരിസര പ്രദേശങ്ങളും ഭീതിയിലായി. അങ്ങാടികളും നിരത്തുകളും വിജനമായി.
പരിശോധനാ ഫലം പുറത്തുവന്നതോടെ മൂന്നുപേര്‍ക്കും നിപാ സ്ഥിരീകരിച്ചു. എന്നാല്‍ സാബിത്തിന്റെ മരണകാരണം നിപായാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതും ഇതേ രോഗമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനിലാണ് മൂസ മുസ്‌ലിയാരെ ഖബറടക്കിയത്. മറ്റുള്ളവരെ ആവടുക്ക ഖബര്‍സ്ഥാനിലും.
പന്തിരിക്കരക്കു സമീപം സൂപ്പിക്കടയില്‍നിന്ന് കുറച്ചകലെ മദ്‌റസ സ്റ്റോപ്പിനു സമീപം കുയ്യണ്ടം പുത്തനിടത്തില്‍ പുതുതായി വാങ്ങിച്ച വീട്ടിലാണ് മറിയവും മുത്തലിബും ഇപ്പോള്‍ താമസിക്കുന്നത്. നാലുമക്കളായിരുന്നു മറിയത്തിന്. ഒരു മകന്‍ മുഹമ്മദ് സാലിം 2013ല്‍ വാഹനാപകടത്തില്‍ മരിച്ചു. ആ വേദന മറക്കുന്നതിന് മുന്‍പാണ് മറ്റു രണ്ട് മക്കളെയും ഭര്‍ത്താവിനെയും വിധി കൊണ്ടുപോയത്.
സാലിഹ് സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചിരുന്നു. നികാഹ് കഴിഞ്ഞ് വിവാഹത്തിനു ഒരുങ്ങുമ്പോഴാണ് ജീവന്‍ പൊലിഞ്ഞത്. സാലിഹിന്റെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം ഇപ്പോഴും അംഗീകരിച്ചിട്ടില്ല.
കുടുംബത്തിന്റെ ഏക അത്താണിയായ മുത്തലിബിനു ഒരു ജോലി എന്ന ആവശ്യത്തോടും സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പേരാമ്പ്ര ജബലുന്നൂര്‍ അറബിക് കോളജില്‍ ബി.എ അവസാന വര്‍ഷ വിദ്യാര്‍ഥിയായ മുത്തലിബ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ 'ഫൈസി' ബിരുദ പഠനത്തിനു പോകാനുള്ള തയാറെടുപ്പിലാണ്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനോടയിലെ ലിനിയടക്കം പിന്നീട് നിപായില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍. ഉറ്റവരുടെ ചേതനയറ്റ ശരീരം പോലും പലര്‍ക്കും കാണാന്‍ കഴിഞ്ഞില്ല.
കേരളത്തെ പിടിച്ചുലച്ച നിപാ ദുരന്തത്തിനു രണ്ടാണ്ട് തികയുമ്പോഴും ആരോഗ്യ വകുപ്പ് എല്ലായിടത്തും ജാഗ്രതയോടെയുണ്ട്. വവ്വാലുകളില്‍ തുടര്‍ പരിശോധനക്കായി ഇടയ്ക്കിടെ വിദഗ്ധസംഘവും ഇവിടെ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
നിപാ വൈറസിനെ കുറിച്ച് ഗവേഷണം നടത്തുന്നവരും ഡോക്യുമെന്ററി എടുക്കുന്നവരും ഈ കുടുംബത്തെയാണ് ആദ്യം തേടിയെത്തുന്നത്. ആറുപേര്‍ ഒന്നിച്ചിരുന്ന് നോമ്പുതുറന്ന മേശക്ക് ചുറ്റും ഇപ്പോള്‍ രണ്ടുപേര്‍ മാത്രം.
നിപായുടെ നടുക്കം മാറാത്ത വീട്ടിലിരുന്ന് ഇവര്‍ പ്രാര്‍ഥിക്കുകയാണ്; കൊവിഡ് മഹാമാരിയില്‍നിന്ന് ലോകം മോചിതമാകട്ടെയെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."