പെരുമണ്‍ ദുരന്തം നടന്നിട്ട് 28 വര്‍ഷം
കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പെരുമണ്‍ തീവണ്ടി ദുരന്തം നടന്നിട്ട് 28 വര്‍ഷം പിന്നിടുന്നു.
105 പേര്‍ മരിക്കുകയും അനേകം കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയും ചെയ്ത ദുരന്തത്തിന്റെ നടുക്കം ഇന്നും പലരിലും വിട്ടുമാറിയിട്ടില്ല. ടൊര്‍ണാഡൊ എന്ന ചുഴലിക്കാറ്റു മൂലമാണ് അപകടമുണ്ടായതെന്ന് റയില്‍വേ കണ്ടെത്തിയെങ്കിലും ദുരന്ത കാരണം ഇന്നും ദുരൂഹമാണ്. ചുഴലിക്കാറ്റു മൂലമാണ് ട്രെയിന്‍ പാളത്തില്‍ നിന്നും അഷ്ടമുടിക്കായലിലേക്ക് പതിച്ചതെന്ന കണ്ടെത്തല്‍ ജനം വിശ്വസിച്ചിട്ടില്ല.
1988 ജൂലൈ എട്ടിനായിരുന്നു പെരുമണ്‍ തീവണ്ടി അപകടം. ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഐലന്റ ് എക്‌സ്പ്രസിന്റെ എട്ടു ബോഗികളാണ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞത്. ഉച്ചക്കു 12.56ന് 81 കി.മീ വേഗതയില്‍ പാഞ്ഞുവന്ന ട്രെയിന്‍ പാലത്തിലെത്തിയപ്പോള്‍ ബോഗികള്‍ കൂട്ടിയിടിച്ചു കായലിലേക്ക് മറിയുകയായിരുന്നു. എന്‍ജിനും തൊട്ടടുത്ത ഒരു ജനറല്‍ കംപാര്‍ട്ട്‌മെന്റും മാത്രമേ കായല്‍ കടന്നിരുന്നുള്ളു. പിന്നിലെ രണ്ട് കോച്ചുകളും മറിഞ്ഞില്ല. പരിചയമില്ലാത്ത ലോക്കോപൈലറ്റായിരുന്നു അന്ന് ട്രെയിന്‍ ഓടിച്ചിരുന്നതെന്നും പറയപ്പെടുന്നു. ആദ്യം അന്വേഷണം നടത്തി റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ സൂര്യനാരായണന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ റെയില്‍വെയുടെ അനാസ്ഥയാണ് അപകടകാരണമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് വന്ന അന്തിമ റിപ്പോര്‍ട്ടില്‍ ടൊര്‍ണാഡോ ചുഴലിക്കാറ്റ് ഐലന്റ് എക്‌സ്പ്രസിനെ കായലിലേക്ക് എറിയുകയായിരുന്നുവെന്നായി. പക്ഷേ ഒരു ചെറിയ കാറ്റ് പോലും അപകടസമയത്ത് പെരുമണില്‍ ഉണ്ടായിരുന്നില്ലെന്നാണ് തദ്ദേശവാസികള്‍ പറഞ്ഞത്. തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ അപകടകാരണം വീണ്ടും അന്വേഷിക്കുന്നതിനായി വ്യോമസേനയില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉന്നത ഉദ്യോഗസ്ഥന്‍ സി.എസ്. നായിക്കിനെ നിയമിച്ചു. അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ സേഫ്റ്റി കമ്മീഷണര്‍ സൂര്യനാരായണയുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതായിരുന്നു. റെയില്‍വേയുടെ തികഞ്ഞ അനാസ്ഥയാണ് അപകടത്തിനു ഇടവരുത്തിയതെന്ന റിപ്പോര്‍ട്ടാണ് അദ്ദേഹം നല്‍കിയത്.
മരിച്ചവരുടെ ബന്ധുക്കള്‍ ഇന്ന് രാവിലെ പെരുമണ്‍ കായല്‍ക്കരയിലെ സ്മൃതിമണ്ഡപത്തില്‍ എത്തും. പെരുമണ്‍ തീവണ്ടിദുരന്ത നിവാരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേയുടെ സ്ഥലത്ത് ചില സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ സ്മൃതിസ്തൂപവും പെരുമണ്‍ ജങ്കാര്‍കടവില്‍ പനയം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 105 പേരുടെ പേരുകള്‍ ശിലാഫലകത്തില്‍ കൊത്തി ഒരു സ്മൃതിമണ്ഡപവും നിര്‍മ്മിച്ചിട്ടുള്ളതാണ് ദുരന്തസ്മാരകമായിട്ടുള്ളത്. 1990 ല്‍ പെരുമണ്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 12 കിടക്കകളുള്ള ഒരു വാര്‍ഡ് നിര്‍മിച്ചെങ്കിലും അതും ഇതുവരെയും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.
ദുരന്തത്തില്‍ മരിച്ച റെയില്‍വേ കാന്റീന്‍ ജീവനക്കാരന്‍ എം. മുരളീധരന്‍പിള്ളയുടെ മാതാവ് എന്‍. ശാന്തമ്മ പുഷ്പാര്‍ച്ചനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണയോഗവും ഹോമിയോ മെഡിക്കല്‍ക്യാമ്പും നടക്കും. ഇരുപത്തിയെട്ടാം വാര്‍ഷിക ദിനാചരണം എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."