ഉദയക്കൊപ്പം അറക്കല്‍ കുടുംബവും; ഏഴ് യുവതികള്‍ക്ക് മംഗല്യസൗഭാഗ്യം
മാനന്തവാടി: ഉദയക്കൊപ്പം അറക്കല്‍ കുടുംബവും കൈകോര്‍ത്തതോടെ ഏഴ് യുവതികള്‍ക്ക് മംഗല്ല്യസൗഭാഗ്യം.
പ്രവാസി മലയാളി വ്യവസായി അറയ്ക്കല്‍ ജോയി മാതാവ് ത്രേസ്യാമ്മ ഉലഹന്നാന്റെ സ്മരണക്കായി ഉദയ ഫുട്‌ബോളിന്റെ ഭാഗമായി സംഘടിപ്പിച്ചതാണ് ഇന്നലെ അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ നടന്ന നാടിന്റെ ഉത്സവമായി മാറിയ സമൂഹ വിവാഹ ചടങ്ങ്. ജില്ലയില്‍ ആദ്യമായായിരിക്കും പ്രവാസി മലയാളി കുടുംബം ഏഴ് യുവതി-യുവാക്കള്‍ക്ക് മംഗല്ല്യ സൗഭാഗ്യത്തിന് കളമൊരുക്കിയത്. നിറഞ്ഞ സദസില്‍ രാവിലെ 9.30തോടെ ഹിന്ദു ആചാരപ്രകാരം കതിര്‍മണ്ഡപത്തില്‍ രണ്ട് യുവതികള്‍ക്ക് വരന്‍മാര്‍ വരണമാല്യം ചാര്‍ത്തി. ജോയി അറയ്ക്കലും സഹോദരന്‍ ജോണിയും ഇവരുടെ സഹേദരികളും കുടുംബാംഗങ്ങളും ചേര്‍ന്ന് താലിക്കെട്ടിയ ദമ്പതികള്‍ക്ക് പൂമാലയും ബൊക്കയും നല്‍കി ദമ്പതികളെ അനുഗ്രഹിച്ചു. തുടര്‍ന്ന് ദമ്പതികള്‍ ജോയിയുടെയും കുടുംബത്തിന്റെയും കാല്‍തൊട്ട് വന്ദിച്ചു. തുടര്‍ന്ന് സൈന്‍ ഡയരക്ടര്‍ റാഷിദ് ഗസാലി കൂളിവയലിന്റ നേതൃത്വത്തില്‍ നാല് മുസ്‌ലിം യുവതികളുടെ നിക്കാഹും നടന്നു.
ഇതേ വേദിയില്‍ ഒരു ക്രിസ്ത്യന്‍ യുവതിയും സുമംഗലിയായി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഉദാത്തമാതൃകയായ കൊയിലേരി ഉദയ വായനശാല നടത്തുന്ന ഉദയ ഫുട്‌ബോളിനോട് അനുബന്ധിച്ചാണ് ജീവകാരുണ്യ വിദ്യഭ്യാസ പാര്‍പ്പിട മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി വരുന്ന അറയ്ക്കല്‍ കുടുംബം ഇത്തരമൊരു സമൂഹ വിവാഹം സംഘടിപ്പിച്ചത്.
അറയ്കല്‍ കുടുംബം നേതൃത്വം നല്‍കി നടത്തിയ സമൂഹ വിവാഹം സമൂഹത്തിന് മാതൃകയാണെന്ന് പരിപാടിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ പി. ഷംസുദ്ദീന്‍ അധ്യക്ഷനായി. ജില്ലാ സ്‌പെഷല്‍ ജഡ്ജ് പി. സെയ്തലവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, വൈസ് പ്രസിഡന്റ് എ. പ്രഭാകരന്‍ മാസ്റ്റര്‍, നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, മുന്‍മന്ത്രി പി.കെ ജയലക്ഷ്മി, ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി കെ.എം ദേവസ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ദിലീപ് കുമാര്‍, ഗീത ബാബു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. തങ്കമണി, അനിഷ സുരേന്ദ്രന്‍, ഉഷ വിജയന്‍, കെ.സി റോസക്കുട്ടി, മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, ആത്മീയാചാര്യന്‍ ഡോ. പുനലൂര്‍ പ്രഭാകരന്‍, ഫാ. പോള്‍ മുണ്ടോലിക്കല്‍. ഉദയ വായനശാല ഭാരവാഹി കമ്മന മോഹനന്‍, കൈപ്പാണി ഇബ്രാഹീം, ജോസഫ് ഫ്രാന്‍സീസ് വടക്കേടത്ത് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."