ആരും അനാഥരല്ല...
പിതാവില്ലെന്നു കരുതി ഒരാള്‍ അനാഥനാകുന്നതെങ്ങനെയെന്നതാണ് എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തത്.. പിതാവില്ലാതായാല്‍ എങ്ങനെയാണ് നാഥനില്ലാതാവുക...? കോടാനുകോടി പിതാക്കളെ ഒന്നിച്ചണിനിരത്തിയാല്‍പോലും അവരെ വെല്ലുന്ന ഒരു നാഥന്‍ അയാള്‍ക്കില്ലേ. അയാളുടെ ഹൃദയനാഥന്‍. ഈ പ്രപഞ്ചത്തിനും അതിലെ സകലതിനും പകരം ആ നാഥന്‍ പോരേ..
അനാഥന്‍ എന്ന പ്രയോഗം അല്‍പം കടന്ന കൈയാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ തോന്നിപ്പോകുന്നു. വലിയ നാഥനുണ്ടെങ്കില്‍ ചെറിയ നാഥനില്ലെങ്കിലെന്ത്..? വലിയ നാഥനില്ലെങ്കിലല്ലേ സത്യത്തില്‍ അനാഥന്‍ എന്നു പറയേണ്ടതുള്ളൂ. അംബരചുംബിയായ കൊട്ടാരമുണ്ട് ഒരാള്‍ക്ക്. പുറമെ, വാടകയ്ക്കു കൊടുക്കുന്ന ഒരു ചെറ്റക്കുടിലുമുണ്ട്. ഒ
രിക്കല്‍ ശക്തമായ കാറ്റും മഴയും ആ കുടിലിനെ തകര്‍ത്തെറിഞ്ഞെന്നു കരുതുക. അവനെ പറ്റി ഇനി വീടില്ലാത്തവനെന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും...?
കോടികളുടെ ആസ്തിയുള്ളവന് പത്തുരൂപ നഷ്ടപ്പെട്ടാല്‍ അയാളെ ദരിദ്രന്‍ എന്നു വിളിക്കാമോ...?
അനാഥന്‍ എന്ന പ്രയോഗം ഞാന്‍ നാഥനില്ലാത്തവനാണെന്ന അപകടകരമായ ചിന്തയിലേക്കു വഴിയൊരുക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. നാഥനില്ലാത്തവനാണെന്നു വന്നാല്‍ എന്നെ നിയന്ത്രിക്കാനാരുമില്ല, ഞാന്‍ തികച്ചും സ്വതന്ത്രന്‍ എന്ന ബോധം ഉടലെടുക്കും. ആ ബോധമുണ്ടാകുന്നതുകൊണ്ടായിരിക്കുമോ 'അനാഥ'ക്കുട്ടികള്‍ പല അനര്‍ഥങ്ങളിലേക്കും അതിശീഘ്രം ഓടിയടുക്കുന്നത്..?
പിതാവ് പോയാലും ഞാന്‍ അനാഥനല്ല, മുകളില്‍ എല്ലാം കാണുകയും കേള്‍ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു നാഥന്‍ എനിക്കുണ്ടെന്ന ചിന്തയുടെ അഭാവമല്ലേ ശരിക്കും അവരെ താന്തോന്നികളാക്കുന്നത്..
നാഥനില്ലാത്ത അവസ്ഥ ഒന്നിനും എവിടെയുമില്ല. ഉണ്ടാവുകയുമില്ല. എല്ലാം നാഥന്റെ നിയന്ത്രണത്തിലും അധീനതയിലുമാണ്. അനാഥന്‍ എന്ന പ്രയോഗം തന്നെ ഒരുതരം നിരാശയില്‍നിന്നു ജന്മമെടുക്കുന്നതാണ്. എപ്പോഴും ഞാന്‍ സനാഥനാണെന്ന് പറഞ്ഞുനോക്കൂ.. ഞാനെവിടെ കുടുങ്ങിയാലും എന്റെ കൂടെ നാഥനുണ്ട് എന്ന് ചിന്ത മനസില്‍ വേരുറപ്പിച്ചുനോക്കൂ..
നിരാശകള്‍ സര്‍വതും പമ്പകടക്കും. പ്രതിസന്ധികള്‍ വരുമ്പോള്‍ ഞങ്ങളെല്ലാം അല്ലാഹുവിനുള്ളവരും അവനിലേക്കു മടങ്ങുന്നവരുമാണെന്നു പറയാനാണ് നമ്മുടെ ഹൃദയനാഥന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. നാഥന്‍ തന്നെ പറയുന്നു; നിങ്ങള്‍ നാഥനില്ലാത്തവരായി എന്ന് കരുതുകയേ ചെയ്യരുതെന്ന്..
പറവകള്‍ പോലും അടുക്കാന്‍ മടിച്ച അഗ്നികുണ്ഠത്തിലേക്കാണ് പ്രവാചകന്‍ ഇബ്‌റാഹീം വലിച്ചെറിയപ്പെട്ടത്. ജിബ്‌രീല്‍ മാലാഖ വന്നു വല്ല സഹായം വേണോ എന്നു ചോദിച്ചു. അപ്പോള്‍ മഹാന്റെ മറുപടി ചരിത്രം ഇങ്ങനെ രേഖപ്പെടുത്തി: ''നിന്റെ സാഹയമാണെങ്കില്‍ എനിക്കുവേണ്ടാ.. എനിക്കെന്റെ നാഥന്‍ മതി..!''
എന്താണിതിനര്‍ഥം...? തീകുണ്ഠത്തില്‍ കിടക്കേണ്ടിവന്നാലും നമ്മള്‍ അനാഥരാകില്ല. നാഥന്‍ നമ്മുടെ കൂടെ തീകുണ്ഠത്തിലുമുണ്ടാകും..! നമ്മുടെ പിതാവ് നമ്മുടെ കൂടെ തീകുണ്ഠത്തിലേക്കുവരുമോ..?
ഫറോവ യുടെ ശല്യത്തില്‍നിന്നു ഇസ്‌റാഈല്‍ ജനതയെ രക്ഷപ്പെടുത്താനായി മൂസാ പ്രവാചകന്‍ അവരെയും കൂട്ടി നാടുവിട്ടു. വിവരമറിഞ്ഞ ഫറോവയും കൂട്ടരും പിന്നാലെ കൂടി. അതുകണ്ട് ഭയക്രാന്തരായ ഇസ്‌റാഈല്യര്‍ വേഗം മുന്നോട്ടു നീങ്ങി. അപ്പോഴതാ മുന്നില്‍ ചെങ്കടല്‍. ചെകുത്താനും കടലിനും മധ്യേ എന്ന അവസ്ഥ. അവര്‍ പ്രവാചകനോട് പറഞ്ഞു: ''നാം ശത്രുവിന്റെ പിടിയിലകപ്പെട്ടതുതന്നെ...'' കനത്ത അനാഥ ബോധം.. അതുവഴി നിരാശ..
അന്നേരം പ്രവാചകന്‍ അവരെ തിരുത്തി: ''ഇല്ല, അതൊരിക്കലുമുണ്ടാകില്ല. എന്റെ നാഥന്‍ എന്റെ കൂടെത്തന്നെയുണ്ട്. എനിക്കവന്‍ സന്മാര്‍ഗദര്‍ശനം ചെയ്യും..''
എന്തൊരു സനാഥബോധം..! അദ്ദേഹത്തിനു നിരാശ ബാധിച്ചതേയില്ല. നാഥന്റെ നിര്‍ദേശപ്രകാരം അദ്ദേഹം വടി വെള്ളത്തിലടിച്ചു. അടിച്ചപ്പോള്‍ അതു പിളര്‍ന്നു. ഓരോ കടല്‍ പാളിയും ഭീമന്‍ മലകളെപോലെയായി. അവിടെ പ്രത്യക്ഷപ്പെട്ട ഇടവഴിയിലൂടെ സുരക്ഷിതരായി അവര്‍ മറുകര പറ്റി..
എന്താണിതിനര്‍ഥം...? ചെകുത്താന്റെയും കടലിന്റെയും മധ്യേ അകപ്പെട്ടാല്‍പോലും നാം അനാഥരാകില്ല. നാഥന്‍ വെള്ളത്തിലും നമ്മുടെ കൂടെയുണ്ടാകും..?
കടലില്‍ മത്സ്യ ത്തിന്റെ വയറ്റിലാണ് പ്രവാചകനായ യൂനുസ് നബി അകപ്പെട്ടത്. എന്നിട്ടും അനാഥബോധം പിടികൂടിയില്ല. നിരാശനായിരിക്കാതെ തന്റെ ഹൃദയനാഥനെ ഓര്‍ത്തു. അപ്പോള്‍ മത്സ്യവയറ്റിലും അവന്‍ കൂട്ടായി. ഒരു രോമത്തിനു പോലും പരുക്കുപറ്റാതെ രക്ഷപ്പെട്ടു.
ശത്രുക്കളുടെ മധ്യത്തില്‍വച്ചാണ് അന്ത്യപ്രവാചകനെ(സ്വ) അല്ലാഹു രക്ഷപ്പെടുത്തിയത്. ഹിജ്‌റവേളയില്‍ നബിതങ്ങളും സിദ്ദീഖ് തങ്ങളും സൗര്‍ ഗുഹയില്‍ ഒളിഞ്ഞിരിക്കുകയുണ്ടായി. ശത്രുക്കള്‍ ഗുഹുമുഖത്തെത്തിയിട്ടുണ്ട്. സിദ്ദീഖ് തങ്ങള്‍ ഭയന്നുവിറച്ചു. അനാഥബോധം അദ്ദേഹത്തെ മുച്ചൂടും കീഴടക്കിയപോലെ. നബിതങ്ങളെ ഭയം പിടികൂടിയതേയില്ല. കാരണം സനാഥബോധം. അവിടുന്ന് സിദ്ദീഖ്(റ)നെ ആശ്വസിപ്പിച്ചുകൊണ്ടുപറഞ്ഞു: ''ദുഃഖിക്കേണ്ട, അല്ലാഹു നമ്മുടെ കൂടെയുണ്ട്...''
ഏതു പ്രതിസന്ധിയിലകപ്പെട്ടാലും ഞാന്‍ അനാഥനല്ല എന്ന ബോധം രക്ഷയ്‌ക്കെത്തുമെന്നതിനു ചരിത്രത്തില്‍ ഇനിയുമിനിയും ഉദാഹരണങ്ങളേറെയുണ്ട്. ആ നാഥനില്‍ വിശ്വാസമുണ്ടെങ്കില്‍ നിരാശ വേണ്ടാ.. പരമാവധി പോയാല്‍ മരിക്കും. മരിച്ചാല്‍ നമ്മള്‍ പോകുന്നത് ഏതെങ്കിലും ഭീകരസത്വത്തിന്റെ അടുത്തേക്കല്ല, ആ നാഥന്റെ സമീപത്തേക്കുതന്നെയാണ്. വിശ്വാസിക്ക് ജീവിതവും മരണവും സമം. പ്രശാന്തിയും പ്രതിസന്ധിയും തുല്യം.
സന്തോഷത്തില്‍ കൂട്ടിനുണ്ടായ അതേ നാഥന്‍തന്നെയാണ് സന്താപത്തിലും തന്റെ കൂടെയുണ്ടാവുകയെന്ന് അവന്‍ വിശ്വസിക്കും.
അറിയുക: അനാഥരായി ആരുമില്ല. എല്ലാവരും സനാഥര്‍. അനാഥരാണെന്നു കരുതി നിലംവിടേണ്ട. നിരാശയിലിരിക്കുകയും വേണ്ടാ.. എപ്പോഴും സനാഥനാണെന്നു വിശ്വസിക്കുക. അപ്പോള്‍ ഇഷ്ടത്തില്‍ നിലംവിട്ടു ചാടില്ല. കഷ്ടത്തില്‍ നിരാശ ബാധിക്കുകയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."