കൊവിഡ്: രണ്ടാംഘട്ട പ്രതിരോധം റിവേഴ്‌സ് ക്വാറന്റൈന്‍ മാതൃകയില്‍
തിരുവനന്തപുരം: കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടത്തില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സ്വീകരിക്കാന്‍ വിദഗ്ധ സമിതി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.
കൊവിഡിന്റെ പുതിയ രോഗലക്ഷണമായി ജലദോഷപ്പനി കൂടി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഉള്‍പ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ ജലദോഷപ്പനി ഏതെങ്കിലും ആശുപത്രിയുടെ പരിധിയിലോ പ്രദേശത്തോ കുടുംബത്തിലോ കേന്ദ്രീകരിച്ച് കാണുകയാണെങ്കില്‍ കൊവിഡ് പരിശോധന നടത്തണമെന്നാണ് സംസ്ഥാന വിദഗ്ധ സമിതി ആരോഗ്യ സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശം.
ഗര്‍ഭിണികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍. കൊവിഡ് പ്രതിരോധരംഗത്തുള്ള പൊലിസുകാര്‍ , മാരക രോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്നുകഴിക്കുന്നവര്‍ എന്നിവരില്‍ ജലദോഷപ്പനി വന്നാല്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നാണ് നിര്‍ദേശം.
മേല്‍പറഞ്ഞ വിഭാഗത്തിലുള്ളവരിലേക്കും കുട്ടികളിലേക്കും രോഗം പടരാതിരിക്കാനുള്ള ജാഗ്രതയാണ് റിവേഴ്‌സ് ക്വാറന്റൈനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിദേശത്തുനിന്നും അയല്‍സംസ്ഥാനങ്ങളില്‍നിന്നും പ്രവാസികള്‍ എത്തുന്നതോടെ ലക്ഷണമില്ലാതെയുള്ള കൊവിഡ് വ്യാപന സാധ്യത കൂടി പരിഗണിച്ചാണ് പ്രതിരോധ ശക്തി കുറഞ്ഞവരില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്.
40 വയസില്‍ താഴെയുള്ളവരില്‍ ആയിരം പേരില്‍ രണ്ടു പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഹൃദ്രോഗം, പ്രമേഹം, കരള്‍ അസുഖം, അര്‍ബുദം എന്നിവയുള്ളവരിലാണ് വൈറസ് അപകടകാരിയാകുന്നത്.
കേരളത്തിലെ 40 ലക്ഷം വയോജനങ്ങളില്‍ 11 ശതമാനം പേര്‍ ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരാണ്. ഇവര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ കൂടുതല്‍ നിരീക്ഷണം നല്‍കുക.
ഇതിന്റെ ഭാഗമായാണ് വയോധികരും പത്തുവയസില്‍ താഴെയുള്ള കുട്ടികളും ചികില്‍സാ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."