ഇംഗ്ലണ്ടില്‍ കുടുങ്ങിയ കപ്പലുകളില്‍നിന്ന് ഇന്ത്യക്കാരെ മാത്രം നാട്ടിലെത്തിച്ചില്ല
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കൊവിഡ് ലോക്ഡൗണ്‍ മൂലം അമേരിക്കയുടെ നാലു യാത്രാ കപ്പലുകളിലെ 40 മലയാളികളടക്കം 400 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങാനാവാതെ ഇംഗ്ലണ്ടിലെ സൗതാംപ്ടണ്‍ തീരത്ത് കപ്പലില്‍ കുടുങ്ങി.
കപ്പല്‍ കമ്പനി ഇന്ത്യയിലേക്ക് വിമാനമയച്ച് ജീവനക്കാരെ കൊണ്ടുവരാന്‍ അനുവാദം തേടിയെങ്കിലും കേന്ദ്രം അനുമതി നല്‍കാത്തതാണ് ജീവനക്കാരെ ദുരിതത്തിലാക്കിയത്.
കപ്പല്‍ ജീവനക്കാരനായ മലപ്പുറം മുതുവല്ലൂര്‍ പാലശ്ശേരി പറശ്ശീരി ലുബൈദ് ആണ് കപ്പലിലെ മറ്റുരാജ്യക്കാരെ മുഴുവന്‍ അതത് രാജ്യക്കാര്‍ കൊണ്ടുപോയപ്പോള്‍ ഇന്ത്യക്കാര്‍ മാത്രം കുടുങ്ങിയ വിവരം പുറംലോകത്ത് അറിയിച്ചത്.
അമേരിക്കയുടെ അപ്പോളോ കമ്പനിയുടെ മെക്‌സിക്കോ-ഇംഗ്ലണ്ട് റൂട്ടിലെ യാത്രാ കപ്പല്‍ ജീവനക്കാരാണ് കുടുങ്ങിയത്.
മെക്‌സിക്കോയില്‍നിന്ന് പുറപ്പെട്ട കപ്പല്‍ മുപ്പത്തിയേഴു ദിവസത്തെ യാത്രയ്ക്കു ശേഷമാണ് ഇംഗ്ലണ്ടിലെ സൗതാംപ്ടണ്‍ തീരത്ത് എത്തിയത്.
ഇതോടെയാണ് ലോക്ക്ഡൗണില്‍ പെട്ട് യാത്ര പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നത്.
കപ്പലിന്റെ ഉടമസ്ഥര്‍ ഇവരുടെ വിമാനത്തില്‍ ജീവനക്കാരെ ഇന്ത്യയില്‍ എത്തിച്ചു തരാന്‍ അനുമതി ചോദിച്ചെങ്കിലും കേന്ദ്ര ഗവണ്മെന്റ് അനുമതി നല്‍കിയിട്ടില്ല.
ഗോവയില്‍നിന്നുളളവരാണ് കപ്പല്‍ ജീവനക്കാരില്‍ കൂടുതലുളളത്. കപ്പലുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ വരെ പ്രയാസമാണ്.
കപ്പല്‍ ജീവനക്കാരെ വിമാന മാര്‍ഗം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൊണ്ടോട്ടി നിയോജക മണ്ഡലം എം.എല്‍.എ ടി.വി ഇബ്രാഹീം വിദേശകാര്യ സഹമന്ത്രി വി. മുരളീധരനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."