മലയാളികളെ കൊണ്ടുവരുന്നതില്‍ ഏകോപനമില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ ഏകോപനമില്ലെന്നും സര്‍ക്കാര്‍ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍കൂട്ടി കാര്യങ്ങള്‍ ആവിഷ്‌ക്കരിക്കാനും ആസൂത്രണം ചെയ്യാനും കഴിഞ്ഞിട്ടില്ല. ചെക്ക് പോസ്റ്റുകളില്‍ ആളുകള്‍ കൂടിക്കിടക്കുകയാണെന്നും സര്‍വത്ര ആശയക്കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃരാജ്യത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളേയും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണം. അതിന് മുന്‍ഗണന തിരുമാനിക്കാം. എന്നാല്‍ മറ്റുള്ളവരെ കൊണ്ടുവരികയേ ഇല്ലെന്ന നിലപാട് പറ്റില്ല.
സംസ്ഥാനത്ത് ധൂര്‍ത്തും അഴിമതിയും വ്യാപകമാണ്. അതിനെയെല്ലാം ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഓഡിറ്റില്ലാത്തത് കിഫ്ബിയില്‍ എന്തും ആവാം എന്നതാണ് നില. സംസ്ഥാനത്ത് 1.70 കോടി വാടക കൊടുത്ത് ഹെലികോപ്റ്റര്‍ കൊണ്ടുവന്നതിനെയും മുഖ്യമന്ത്രി ന്യായീകരിക്കുന്നു. മോദിയുടെ മന്‍കീബാത്തിന്റെ ദൃശ്യാവിഷ്‌ക്കരണമാണ് നാം മുന്നോട്ട് എന്ന പരിപാടി. ഇരുപതിനായിരം കോടിയുടെ കൊവിഡ് പാക്കേജിനെക്കുറിച്ച് മുഖ്യമന്ത്രി ഇപ്പോള്‍ മിണ്ടുന്നില്ല.
ഡാറ്റാ അനോണിമൈസ് ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചോയെന്നും സ്പ്രിംഗ്‌ളര്‍ നേരത്തെ എടുത്ത ഡാറ്റാ തിരികെ വാങ്ങിയോ എന്നുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ വസ്തുതകള്‍ വ്യക്തമാക്കണം. കേന്ദ്രം സംസ്ഥാനത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."