കുന്നന്‍ വാഴയും വിസ്മൃതിയിലേക്ക്
തച്ചമ്പാറ: കുട്ടികള്‍ക്ക് പൊടിച്ചു നല്കുന്ന കുന്നന്‍ വാഴയും വിസ്മൃതിയിലേക്ക്. പണ്ട് കാലത്ത് കൃഷിയിടങ്ങളീല്‍ സുലഭമായിരുന്ന കുന്നന്‍ വാഴ ഇപ്പോള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. അടയ്ക്കാകുന്നന്‍ എന്ന പേരിലും അറിയപ്പെടുന്ന ഇത് നല്ല പോഷക സമ്പന്നമായ അപൂര്‍വ്വ ഇനം വാഴ കൂടിയാണ്.
കുട്ടികള്‍ക്ക് ഉണക്കി പൊടിച്ചു നല്‍കാന്‍ ഏറ്റവും നല്ലത് ഇതാണ്. പെട്ടെന്ന് ദഹിക്കുക, വിറ്റാമിന്‍, രോഗ പ്രതിരോധ ശക്തി, ശരീരകാന്തി തുടങ്ങിയവ കുന്നന്‍ കായയുടെ പ്രത്യേകതകളാണ്. ഇതിന്റെ മുക്കാല്‍ വിളവുള്ള കായകളാണ് ഉണക്കി പൊടിച്ച് കുട്ടികള്‍ക്ക് ആഹാരമായി നല്കുന്നത്. കറിക്കായും പഴമായും ഉപയോഗിക്കാം. ഓരോ കുലയിലും ഏഴോ, എട്ടോ വീതം പടലികള്‍ ഉണ്ടാകും. നല്ല കുലകള്‍ക്ക് 15 കിലോ വരെ തൂക്കം ഉണ്ടാകും. മൂപ്പുകാലം 15-16 മാസമാണ്. സൂക്ഷിപ്പ് ഗുണം കൂടുതലാണ്. കുന്നന്‍ വാഴകള്‍ വീട്ടുവളപ്പിലെ ചെറു വാഴയായി അധികം പരിചരണമില്ലാതെ നടാവുന്നതാണ്. അധികം കീട രോഗങ്ങള്‍ ബാധിക്കില്ലെന്നത് ഇതിന്റെ പ്രത്യേകതയാണ്. തച്ചമ്പാറയില്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ 22 മുതല്‍ നടക്കുന്ന ഞാറ്റുവേല ചന്തയില്‍ കുന്നന്‍ വാഴയുടെ പ്രദര്‍ശനം നടത്തും. പരിമിതമായ തോതില്‍ വിത്തും ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."