കൊറോണ വൈറസ് മനുഷ്യനിര്‍മിതം തെളിവുണ്ടെന്ന് അമേരിക്ക
വാഷിങ്ടണ്‍: കൊറോണ വൈറസ് മനുഷ്യനിര്‍മിതമാണെന്നതിന് തെളിവുണ്ടെന്ന് വ്യക്തമാക്കി അമേരിക്ക. ഇത്തവണ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപല്ല ഈ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയാണ് വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതാണെന്നതിന് ശക്തമായ തെളിവുണ്ടെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഇതോടെ, വൈറസ് വ്യാപന വിഷയത്തില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തിപ്പെടുകയാണ്.
ഒരു മാധ്യമത്തിന്റെ അഭിമുഖത്തിനിടെയായിരുന്നു വൈറസ് വുഹാനില്‍ നിര്‍മിക്കപ്പെട്ടതാണെന്നതിനു തെളിവുണ്ടെന്ന് മൈക് പോംപിയോ പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതലെന്തെങ്കിലും പറയാന്‍ അദ്ദേഹം തയാറായില്ല. എന്നാല്‍, വൈറസ് മനുഷ്യനിര്‍മിതമല്ലെന്ന് അമേരിക്കന്‍ വിദഗ്ധരുടെ തന്നെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇപ്പോള്‍ അങ്ങനെ വിശ്വസിക്കാതിരിക്കാന്‍ തനിക്കു കാരണങ്ങളില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നേരത്തെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി തവണ ചൈനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. വുഹാനിലെ ലാബില്‍നിന്നാണ് വൈറസ് നിര്‍മിക്കപ്പെട്ടതെന്ന ആരോപണം ശരിവയ്ക്കുന്ന രീതിയില്‍ സംസാരിച്ചിരുന്ന അദ്ദേഹം, ഇക്കാര്യം അമേരിക്ക അന്വേഷിച്ച് കണ്ടെത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയായിരുന്നു. അമേരിക്കയിലെ രാഷ്ട്രീയത്തിലേക്കു ചൈനയെ വലിച്ചിഴയ്ക്കുകയാണെന്ന ആരോപണത്തിനു പിന്നാലെ, തന്നെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ചൈന ശ്രമിക്കുന്നെന്നു തിരിച്ചടിച്ചും ട്രംപ് രംഗത്തെത്തിയിരുന്നു.
എന്നാല്‍, വൈറസ് മനുഷ്യനിര്‍മിതമാണെന്നതിനു തെളിവില്ലെന്നു കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്ന ലോകാരോഗ്യ സംഘടന, ചൈനയിലെ വുഹാനിലെ മാര്‍ക്കറ്റിലെ മൃഗങ്ങളില്‍നിന്നാണ് ഇതു മനുഷ്യരിലേക്കു പടര്‍ന്നതെന്ന നിഗമനത്തില്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയെ വിമര്‍ശിച്ചും സംഘടനയ്ക്കുള്ള ഫണ്ട് നിര്‍ത്തിവച്ചും പകരം സംവിധാനം ആലോചിക്കുമെന്ന് വ്യക്തമാക്കിയും അമേരിക്ക രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."