അഹല്യക്കുമുന്നിലെ യുവതിയുടെ സമരം പിന്തുണയുമായി മനുഷ്യാവകാശ പ്രവര്‍ത്തകരെത്തി
പാലക്കാട്: അകാരണമായി പിരിച്ചു വിട്ടതിനെതിരേ അഹല്യ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കഴിഞ്ഞ പത്തു ദിവസമായി സമരം നടത്തി വരുന്ന ലൈബ്രേറിയന്‍ മിഷക്ക് നിയമ സഹായം നല്‍കാനും, സമരത്തിന് പിന്തുണ നല്‍കാനും നിയമസഹായവേദി ഉണ്ടാക്കാന്‍ ജില്ലയിലെ പൊതുപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും യോഗം തീരുമാനിച്ചു.
മിഷ അഹല്യ സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങളെയും,ആളുകളെയും തടസപ്പെടുത്തുന്നുവെന്നാരോപിച്ചു അഹല്യാ ഗ്രൂപ്പ് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതനുസരിച്ച് നാളെ ഹൈകോടതിയില്‍ ഹാജരാവാന്‍ മിഷക്ക് നോട്ടിസ് അയക്കുകയും ചെയ്തു.
കേസ് നടത്തുന്നതിനും, മറ്റും പണമില്ലാതെ വലയുന്ന മിഷക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ജിയാസ് ജലീല്‍ കോടതിയില്‍ ഹാജരാവാന്‍ തയാറായിട്ടുണ്ട്. ഞായാറാഴ്ച മിഷക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എത്തിയ സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തകരുമായി അഹല്യ ഗ്രൂപ്പ് ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഗാനം ചര്‍ച്ച നടത്താന്‍ തയാറായി. ഇന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ രണ്ടുകൂട്ടരേയും ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട് .ഈ ചര്‍ച്ചക്ക് ശേഷം തീരുമാനമെടുക്കാമെന്ന് ഗാനം പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.
രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം അഹല്യ ഗ്രൂപ്പിന്റെ പ്രശ്‌നമാക്കിയ നടപടിയും, സാമൂഹിക പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. അങ്ങിനെയെങ്കില്‍ ഒരാളെ മാത്രം ജോലിയില്‍ നിന്നും പിരിച്ചു വിട്ട നടപടി ശരിയായില്ലെന്നും ഇക്കാര്യത്തില്‍ ചെയര്‍മാന്‍ അടിയന്തിരമായി ഇടപെട്ടു പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാവണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ചര്‍ച്ചയില്‍ ബോബന്‍ മാട്ടുമന്ത, അജിത് കൊല്ലങ്കോട്, പ്രദീപ് നെമ്മാറ, ജ്യോതിഷ്പുത്തന്‍സ്, ബിനോയ് ജേക്കബ്, ബൈജുമാങ്ങോട്, ഹരിദാസ് മച്ചിങ്ങല്‍, മുഹമ്മദ് റാഫി, സതീഷ് മേപ്പറമ്പ്, മണികണ്ഠന്‍ മാങ്ങോട്, പ്രേംജിത്, സന്ധ്യ വിനോദ്, ആര്‍ .ഹരിദാസ് എന്നിവര്‍ സംബന്ധിച്ചു .പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ തയാറായില്ലെങ്കില്‍ കുടില്‍കെട്ടിയുള്ള സമരം ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ജോലിയില്‍ നിന്നും അകാരണമായി പിരിച്ചു വിട്ടതില്‍ പ്രതിക്ഷേധിച്ച് കഴിഞ്ഞ പത്തു ദിവസമായി അഹല്യ സ്ഥാപനങ്ങളുടെ കവാടത്തില്‍ ഒരു യുവതി ഒറ്റക്ക് രാപ്പകല്‍ സമരം നടത്തിയിട്ടും കേരളത്തിലെ വനിതാ സംഘടനകള്‍ ഒരക്ഷരം മിണ്ടുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. രാഷ്ടീയ നേതാക്കള്‍ ഇവരുടെയെല്ലാം വായടപ്പിച്ചതായും അവര്‍ ആരോപിച്ചു.
നാഴികക്ക് നാല്‍പതു വട്ടം നവമാധ്യമങ്ങളില്‍ സ്ത്രീ പീഡനത്തിനെതിരേ ശബ്ദിക്കുന്നവരും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."