അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റിന് സബ്‌സിഡി നല്‍കിയേക്കും
നടപടി പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന്
ന്യൂഡല്‍ഹി: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാ ചാര്‍ജ് ഈടാക്കുന്നത് വിവാദമായതോടെ സബ്‌സിഡി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചനയെന്ന് റിപ്പോര്‍ട്ട്. 85 ശതമാനം തുക കേന്ദ്രവും ബാക്കി 15 ശതമാനം തുക സംസ്ഥാനവും സബ്‌സിഡിയായി നല്‍കാനാണ് ആലോചനയെന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാനായി ശ്രാമിക് എക്‌സ്പ്രസ് എന്ന പ്രത്യേക ട്രെയിനുകളാണ് റെയില്‍വേ ഏര്‍പ്പെടുത്തിയത്. ഇതില്‍ യാത്ര ചെയ്യുന്നതിന് ചാര്‍ജ് വാങ്ങി തങ്ങള്‍ക്ക് കൈമാറണമെന്ന് മെയ് രണ്ടിന് റെയില്‍വേ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തുക കോണ്‍ഗ്രസ് നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമിയും സര്‍ക്കാര്‍ നീക്കത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചു. തുടര്‍ന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി താന്‍ സംസാരിച്ചെന്നും നാട്ടിലേക്കു മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് ചാര്‍ജ് ഈടാക്കില്ലെന്ന് അദ്ദേഹം അറിയിച്ചതായും സ്വാമി വ്യക്തമാക്കി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാനം വഹിക്കുമെന്ന് വ്യക്തമാക്കി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തൊഴിലാളികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്നും സോണിയാ ഗാന്ധി തെറ്റിദ്ധരിച്ചതാണെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലെത്താനായി 30ലധികം ശ്രാമിക് ട്രെയിനുകളാണ് റെയില്‍വേ ഏര്‍പ്പെടുത്തിയത്. ജാര്‍ഖണ്ഡ്, യു.പി, ബിഹാര്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ശനിയാഴ്ച മുതല്‍ ഈ ട്രെയിന്‍ സര്‍വിസ് ആരംഭിക്കുകയും ചെയ്തിരുന്നു. തൊഴിലാളികള്‍ക്കു പുറമെ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍ എന്നിവര്‍ക്കും ഇതില്‍ യാത്രചെയ്യാന്‍ അനുവദമുണ്ട്. എട്ട് ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെയാണ് ഒരു സര്‍വിസില്‍ നിന്നും റെയില്‍വേയ്ക്ക് ലഭിക്കുന്നത്. നോണ്‍ സ്റ്റോപ്പ് ട്രെയിനായതിനാല്‍ ടിക്കറ്റ് നിരക്കിനും റിസര്‍വേഷന്‍ നിരക്കിനും പുറമെ 20 രൂപയാണ് യാത്രക്കാരില്‍ നിന്ന് അധികമായി ഈടാക്കുന്നത്.
കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് കര്‍ണാടക സര്‍ക്കാര്‍ ബസ് ചാര്‍ജ് ഈടാക്കിയതിനെതിരേ കര്‍ണാടക കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. തൊഴിലാളികളുടെ യാത്രാ ചാര്‍ജായി ഒരു കോടി രൂപ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ അധികൃതര്‍ക്ക് നല്‍കുകയും ചെയ്തു. അതോടെ അടിയന്തരമായി വിഷയത്തിലിടപെട്ട മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു.
റെയില്‍വേയെ തള്ളി കേന്ദ്രം
ന്യൂഡല്‍ഹി: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് ചാര്‍ജ് ഈടാക്കുമെന്ന റെയില്‍വേയുടെ നിലപാട് തള്ളി കേന്ദ്ര സര്‍ക്കാര്‍. നിയമപ്രകാരം ചെലവിന്റെ 85 ശതമാനം റെയില്‍വേയും 15 ശതമാനം സംസ്ഥാനങ്ങളും വഹിക്കും. എന്നാല്‍ അതിഥി തൊഴിലാളികളില്‍ നിന്ന് ചാര്‍ജ് വാങ്ങാന്‍ സംസ്ഥാനങ്ങളോട് പറഞ്ഞിട്ടേയില്ല- കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ അകപ്പെട്ട അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്കു മടങ്ങാനായി ബസുകളും ട്രെയിനും ഉപയോഗിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."