പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി
കോഴിക്കോട്: ഊര്‍ജ ഉപഭോഗം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സൗരോര്‍ജ പദ്ധതികള്‍ കേരളത്തിലെ ഊര്‍ജ ഉല്‍പാദന രംഗത്ത് മികച്ച മുന്നേറ്റം കൈവരിക്കാന്‍ കഴിയണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍.
ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ നിര്‍മിച്ച ബാച്ച്‌ലേഴ്‌സ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും 50 കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 491 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ മൂന്നു നിലകളിലായി 12 മുറികളില്‍ 24 പേര്‍ക്ക് വരെ താമസിക്കാനുള്ള സൗകര്യമൊരുക്കിയാണ് ബാച്ച്‌ലേഴ്‌സ് ഹോസ്റ്റല്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. കൂടാതെ 50 കെ.ഡബ്ല്യു സോളാര്‍ പവര്‍ പ്ലാന്റിലൂടെ സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ആകെ വൈദ്യുതി ഉപയോഗത്തിന്റെ ഏകദേശം 50 ശതമാനവും ഉല്‍പാദിപ്പിക്കാന്‍ കഴിയും.
325 ഡബ്ല്യൂ ശേഷിയുള്ള 155 പാനലുകളാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി പ്ലാന്റില്‍ ക്രമീകരിച്ചിട്ടുള്ളത്. കെല്‍ട്രോണ്‍ ലിമിറ്റഡാണ് ഇതിന്റെ ഇന്‍സ്റ്റലേഷന്‍ പ്രവൃത്തി നടപ്പിലാക്കിയത്. ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബോസ് ജേക്കബ്, യു.എല്‍.സി.സി.എസ് ചീഫ് എന്‍ജിനീയര്‍ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എ.ബി അനിത സ്വാഗതവും രജിസ്ട്രാര്‍ പി.എസ് ഹരികുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."