ജില്ലയിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്
തൊടുപുഴ: കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ പ്രളയത്തിന് ശേഷം നിലനില്‍ക്കുന്നത് അതീവ ഗുരുതര സാഹചര്യമെന്ന് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലയില്‍ അടുത്തിടെയുണ്ടായ ആത്മഹത്യകളെല്ലാം കര്‍ഷക ആത്മഹത്യകളെല്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കൃഷി നശിച്ചതിനാല്‍ കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ തിരികെ അടയ്ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ട്. ഏട്ട് ആത്മഹത്യകളാണ് രണ്ടുമാസത്തിനുള്ളില്‍ ജില്ലയില്‍ ഉണ്ടായിട്ടുള്ളതെങ്കിലും ഇതെല്ലാം കര്‍ഷക ആത്മഹത്യകളല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രളയദുരിതാശ്വാസം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ ഏലപ്പാറ ചെമ്മണ്ണ് സ്വദേശിയായ രാജന് കൃഷിയോ കൃഷിഭൂമിയോ ഇല്ലായിരുന്നെന്നും അടിമാലി സ്വദേശിയായ മറ്റൊരു കര്‍ഷകന് സ്ഥലം പാട്ടത്തിന് നല്‍കിയിരിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേ സമയം സ്ഥലം ഉള്‍പ്പെടെ ഈട് വച്ച് വിദ്യാഭ്യാസ്, വിവാഹം ഉള്‍പ്പെട വിവിധ ആവശ്യങ്ങള്‍ക്കാണ് കര്‍ഷകര്‍ ലോണെടുക്കുന്നത്. ഇതെല്ലാം അടക്കേണ്ടത് കൃഷിയില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചെറിയ തുകമാത്രമാണ് ലോണ്‍ ലഭിക്കുക. മരിച്ചവരെല്ലാം കര്‍ഷകരാണെന്നിരിക്കെ ഇവരെടുത്ത ലോണ്‍ കാര്‍ഷിക ലോണല്ല എന്നാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഇടുക്കിയെ പ്രത്യേക സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കണമെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലും സമീപകാലത്തുണ്ടായ ആത്മഹത്യകളെല്ലാം കര്‍ഷക ആത്മഹത്യകളെന്ന് പറയാനാവില്ലെന്നും എന്നാല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. പ്രളയത്തില്‍ ഇടുക്കി, അടിമാലി ബ്ലോക്കുകളിലാണ് ഏറ്റവും കൂടുതല്‍ കൃഷി നാശനഷ്ടമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇതിനിടെ ബാങ്കില്‍നിന്ന് ജപ്തി നോട്ടിസ് ലഭിച്ചതിന്റെ മനോവിഷമത്തില്‍ വെള്ളിയാഴ്ച നിര്‍മാണത്തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചിരുന്നു. വണ്ണപ്പുറം അമ്പലപ്പടി വാഴേക്കുടിയില്‍ ജോസഫ് (72) ആണ് മരിച്ചത്. മകളുടെ വിവാഹ ആവശ്യത്തിന് സഹകരണ ബാങ്കില്‍നിന്നെടുത്ത വായ്പ കുടിശിക ആയതിനെത്തുടര്‍ന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇനി ഏതെങ്കിലും കര്‍ഷകന് ജപ്തി നോട്ടിസ് അയച്ചാല്‍ ബാങ്ക് മേധാവികള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."