ആരോഗ്യരംഗത്ത് മികച്ച സേവനം ഉറപ്പുവരുത്തും: മന്ത്രി കെ.കെ ശൈലജ
അടിമാലി: അത്യാധുനിക സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലൂടെ പൊതുജനങ്ങള്‍ക്ക് മികച്ച സേവനമാണ് നല്‍കിവരുന്നതെന്നും താലൂക്ക് ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. അടിമാലി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിമാലി, പീരുമേട് എന്നിവടങ്ങളിലെ താലൂക്ക് ആശുപത്രികള്‍ ആദ്യഘട്ടത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കും. ആരോഗ്യ രംഗത്ത് വലിയ രീതിയലുള്ള മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു. സംസ്ഥാനത്ത് 170 പി.എച്ച്.സി സെന്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങി. സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിച്ചു. സി സി യു യൂണിറ്റ്, ഡയലിസിസ് സംവിധാനം, പ്രസവ വിഭഗത്തിനായി കൂടുതല്‍മെച്ചപ്പെട്ട സംവിധാനം എന്നിവ അടിമാലി താലൂക്ക് ആശുപത്രിയില്‍ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.
തോട്ടം മേഖലയിലെയും ആദിവാസിമേഖലയിലെയും ജനങ്ങള്‍ക്ക് മഹത്തായ സേവനം ഒരുക്കാന്‍ അടിമാലി താലൂക്ക് ആശുപത്രിക്ക് കഴിയുമെന്നും അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന പുതിയ ബ്ലോക്കിന്റെ സേവനം കൂടുതല്‍ പേരിലേക്ക് എത്തുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിച്ച നാലുനിലകളില്‍ മൂന്ന് നിലകളാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. അത്യാഹിത വിഭാഗവും അനുബന്ധ സൗകര്യങ്ങളുമാണ് പഴയ കെട്ടിടത്തില്‍നിന്നും പുതിയ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റുന്നത്. മൂന്ന് നിലകളിലായി 70 പുതിയ കിടക്കകളും ഒരുക്കിയിട്ടുണ്ട്. അസ്ഥിരോഗ വിഭാഗം ഒ.പി വിഭാഗവും ഇനി മുതല്‍ പുതിയ കെട്ടിടത്തിലാകും പ്രവര്‍ത്തിക്കുക.
സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലാണ് കെട്ടിട സമുച്ചയം ഒരുക്കിയിട്ടുള്ളത്. അടിമാലിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മുരുകേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോര്‍ജ്, ആശുപത്രി സൂപ്രണ്ട് ഡോ. സത്യ ബാബു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."