മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി
തൊടുപുഴ: മാലിന്യങ്ങള്‍ കത്തിച്ചും വലിച്ചെറിഞ്ഞും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഹരിത കേരളം ജില്ലാ മിഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം തീരുമാനിച്ചു. ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്റെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനമെടുത്തത്. വിവിധങ്ങളായ രീതിയില്‍ പുഴയിലേക്കും മറ്റും മലിനജലം ഒഴുക്കുന്നവര്‍ക്കെതിരേ പഞ്ചായത്ത്, ആരോഗ്യം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പൊലിസ് സംയുക്ത പരിശോധനയ്ക്കു ശേഷമാകും നടപടി സ്വീകരിക്കുക. സര്‍ക്കാര്‍ ഓഫിസുകളിലും പൊതുപരിപാടികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ (ഹരിതപാലന ചട്ടം) കര്‍ശനമായി നടപ്പിലാക്കണമെന്നും യോഗം തീരുമാനിച്ചു.
ബ്ലോക്കില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്തിനെ തരിശുരഹിതവും പഞ്ചായത്തില്‍ ഒരു വാര്‍ഡിനെ ഹരിത സമൃദ്ധി (മുഴുവന്‍ വീടുകളിലും പച്ചക്കറി കൃഷി ചെയ്യുന്ന) ഗ്രാമമാക്കുന്നതിനും നടപടി സ്വീകരിക്കും. മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതില്‍ ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് കുടംബശ്രീ പ്രത്യേക പരിശീലനം നല്‍കും. മാലിന്യശേഖരണത്തിന് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും യൂസര്‍ഫീ തീരുമാനിക്കാത്ത ഗ്രാമ പഞ്ചായത്തുകളിലും അത് തീരുമാനിച്ച് ഹരിതകര്‍മ സേനയെ പ്രവര്‍ത്തനക്ഷമമാക്കും. ഇക്കാര്യത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.
മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റികളുടെ നിര്‍മാണ പുരോഗതിയും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ വിലയിരുത്തും. കുമളി, അടിമാലി ആര്‍.ആര്‍.എഫുകളില്‍ കെട്ടിക്കിടക്കുന്ന ഷ്രെഡ് ചെയ്ത പ്ലാസ്റ്റിക് റോഡ് ടാറിങിന് ഉപയോഗപ്പെടുത്താന്‍ പൊതുമരാമത്ത്, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയറിങ് വിഭാഗവുമായി ബന്ധപ്പെടുന്നതിന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററെ യോഗം ചുമതലപ്പെടുത്തി.
മലിനീകരണ നിയന്ത്രണബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എബി വര്‍ഗീസ്, ഹരിത കേരളം മിഷന്‍ ടെക്‌നിക്കല്‍ ഓഫിസര്‍ വി. രാജേന്ദ്രന്‍ നായര്‍, ജില്ലാ കോഡിനേറ്റര്‍ ഡോ. ജി.എസ് മധു, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ ആന്‍സി ജോണ്‍, ബിജോയി കെ വര്‍ഗീസ്, സാജു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."