പ്രതിപക്ഷ നേതാവ് ആറിന് കട്ടപ്പനയില്‍ ഉപവാസ സമരം നടത്തും
തൊടുപുഴ: കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിക്കുക, അഞ്ചുലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആറിന് കട്ടപ്പനയില്‍ ഉപവാസം അനുഷ്ടിക്കുമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എസ്. അശോകന്‍, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ആറുമുതല്‍ വൈകിട്ട് അഞ്ചുവരെ കട്ടപ്പന മുനിസിപ്പല്‍ മൈതാനിയിലാണ് ഉപവാസം. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഘടകകക്ഷികളുടെ ജില്ലാ-സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.
ജില്ലയിലെ എല്ലാ മണ്ഡലങ്ങളില്‍നിന്നുമുള്ള ഘടകകക്ഷി നേതാക്കള്‍ പ്രതിപക്ഷ നേതാവിനൊപ്പം ഉപവാസ സമരത്തില്‍ പങ്കെടുക്കും. നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ പ്രായോഗികമായി ഭേദഗതി ചെയ്യണമെന്നും പ്രകൃതിദുരന്തത്തിന് ഇരയായവരേയും വീട് നഷ്ടപ്പെട്ടവരേയും ആത്മഹത്യയില്‍നിന്നും രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും യു.ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ജിയോ ടാഗ് സംവിധാനം അശാസ്ത്രീയമാണെന്നും ഇവര്‍ പറഞ്ഞു.
സമരപരിപാടികളുടെ മുന്നൊരുക്കത്തിനായി ഇന്ന് രാവിലെ 10.30ന് കട്ടപ്പന സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാ നേതൃയോഗം ചേരും. കര്‍ഷക ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ഈ മാസം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നതിന് ജില്ലാ കലക്ടര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച ഇന്നു ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."