മണ്ണിടിച്ചില്‍: വാഴമുട്ടത്തെ പത്ത് വീട്ടുകാര്‍ ഭീതിയില്‍
കോവളം: ഉയരത്തില്‍ നിന്ന് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞ് വിഴുന്നത് പതിവായ വാഴമുട്ടം പാറവിള റോഡിലെ പത്തോളം വീട്ടുകാര്‍ ഭീതിയില്‍. പ്രധാന പാതക്കരുകില്‍ സ്ഥിതി ചെയ്യുന്ന വീടുകളുടെ പുറക് വശത്തെ എഴുപതടിയോളം ഉയരത്തില്‍ വ്യാപിച്ചു കിടക്കുന്ന പാറക്കൂട്ടത്തിന് മുകളില്‍ നിന്നാണ് മരങ്ങളും മണ്ണും പാറക്കല്ലുകളും താഴേക്ക് ഇടിഞ്ഞ് വീഴുന്നത്.
മഴകനത്തതോടെ മണ്ണിടിച്ചില്‍ വ്യാപകമാണെന്നും ഏത് നിമിഷവും അപകടമുണ്ടാകാവുന്ന സാഹചര്യമാണെന്നും വീടുകളില്‍ താമസിക്കുന്നവര്‍ പറയുന്നു. പാറക്കൂട്ടത്തിന് മുകളിലെ ഒരുനിര മണ്ണും പാറക്കല്ലുകളും നിറഞ്ഞതാണ്. ഇതിലാണ് മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നത്. ഇതാണ് ഇടിഞ്ഞു വീഴുന്നത്. മഴക്കാലമായതോടെ വീട്ടുകാര്‍ക്ക് വീടിന് പുറക് വശത്ത് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. മാത്രമല്ല വലിയതോതില്‍ മണ്ണിടിച്ചിലുണ്ടായാല്‍ വലിയ അത്യാഹിതം സംഭവിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ഈ വീടുകള്‍ക്ക് പുറക് വശത്ത് 100 അടിയോളം ഉയരത്തില്‍ 27 ഏക്കറോളം പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം ഫിഷറീസ് വകുപ്പിന്റെതാണ്. ഇവിടെ വീടുകള്‍ക്ക് മേല്‍ ഭീഷണിയായി നില്‍ക്കുന്ന മണ്ണും പാറക്കല്ലുകളും മരങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കലക്ടറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് 70 ലക്ഷം രൂപ വിനിയോഗിച്ച് അപകട ഭീഷണി ഉയര്‍ത്തുന്ന പാറക്കല്ലുകളും മണ്ണും നീക്കം ചെയ്യാന്‍ റവന്യൂവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ റവന്യൂ വകുപ്പ് ഫണ്ട് അനുവദിക്കാന്‍ തയാറായില്ലെന്നും നിര്‍ദ്ദേശം ഫയലില്‍ കുടുങ്ങിക്കിടക്കുകയാണെന്നും സാമൂഹ്യ പ്രവര്‍ത്തകനായ പാറവിള വിജയകുമാര്‍ പറയുന്നു.
അത്യാഹിതങ്ങള്‍ സംഭവിച്ച ശേഷം മാത്രം ഉണരുന്ന അധികൃതര്‍ അലസതയും വകുപ്പുകള്‍ തമ്മിലുള്ള ചക്കളത്തിപ്പോരും വെടിഞ്ഞ് പാറവിളയിലെ മണ്ണിടിച്ചിലിന് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."