ഇടുക്കി മെഡിക്കല്‍ കോളജ്; അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന് പുതിയ പ്രതീക്ഷ പകര്‍ന്നുനല്‍കി അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ഷൈലജ നിര്‍വഹിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം അംഗീകാരം നഷ്ടപ്പെട്ട് വലിയ പ്രതിസന്ധിയിലായിരുന്നു ഇടുക്കി മെഡിക്കല്‍ കോളജ്. ജോയ്‌സ് ജോര്‍ജ് എം.പി അടക്കമുള്ള ജനപ്രതിനിധികളുടെ നിരന്തര പരിശ്രമഫലമായിട്ടാണ് ഇടുക്കി മെഡിക്കല്‍ കോളജിന് വീണ്ടും പ്രത്യേക പരിഗണനയോടെ അനുവാദം കിട്ടിയതെന്ന് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
12.5 കോടി രൂപ ചെലവിട്ട് മൂന്നുനിലകളിലായിട്ടാണ് അത്യാധുനിക അക്കാദമിക് ബ്ലോക്ക് നിര്‍മിച്ചത്. 300 കിടക്കകളുള്ള 85 കോടിയുടെ ആശുപത്രി സമുച്ഛയത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ജലവിതരണത്തിന് 2.75 കോടിയുടെ ജലവിതരണ വിഭാഗത്തിനും അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ജില്ലയില്‍ ആരോഗ്യമേഖലയില്‍ വന്‍ വികസനമാണ് നടക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എം.എം മണി പറഞ്ഞു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി അപ്‌ഗ്രേഡ് ചെയ്തു. അടിമാലി, പീരുമേട് താലൂക്ക് ആശുപത്രികളില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സൗകര്യങ്ങള്‍ ഉണ്ടാകും.
പകര്‍ച്ച പനികള്‍, നിപാ വൈറസ് തുടങ്ങിയ രോഗങ്ങളെ നിയന്ത്രിച്ച കേരളം രാജ്യത്തെ തന്നെ മികച്ച ആരോഗ്യസംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
ജോയ്‌സ് ജോര്‍ജ് എം.പി, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയരക്ടര്‍ ഡോ. എ. റംല ബീവി, സൂപ്രണ്ട് എം. മണികണ്ഠന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ ജോര്‍ജ് വട്ടപ്പാറ, പ്രഭാ തങ്കച്ചന്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി വര്‍ഗീസ്, കെ.കെ ജയചന്ദ്രന്‍, ടി.പി ജോസഫ്, അനില്‍ കൂവപ്ലാക്കല്‍, സി.എം അസീസ്, പി.കെ ജയന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി മോഹനന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്‍. പ്രിയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."