പൊലിസിലെ തെറ്റായ പ്രവണതകള്‍ എത്ര ഉന്നതനായാലും ദാക്ഷിണ്യം ഉണ്ടാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലിസില്‍ തിരുത്തപ്പെടേണ്ട ചില തെറ്റായ പ്രവണതകളുണ്ടെന്നും അത്തരം നയങ്ങള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍ എത്ര ഉന്നതനായാലും നടപടിയില്‍ ദാക്ഷിണ്യം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം റൂറല്‍ പൊലിസ് വനിതാ സെല്‍ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെറ്റായ പ്രവണതകളെ തിരുത്തി ശരിയാക്കാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിട്ടുണ്ട്. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ നയമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യപദവി ഉയര്‍ത്താനും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണു നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലിസ് സ്റ്റേഷനുകളിലെത്തി പരാതി പറയാനുള്ള സ്ത്രീകളുടെ മാനസികാവസ്ഥ ശക്തിപ്പെട്ടു വരുന്നുണ്ട്. സ്ത്രീകള്‍ക്ക് വിശ്വസിക്കാവുന്ന അഭയസ്ഥാനം എന്ന നിലയില്‍ പൊലിസ് സ്റ്റേഷനുകളില്‍ കടന്നുചെല്ലാനാകണം. അതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇത് ഏതെങ്കിലും ഉത്തരവിലൂടെ നടപ്പാക്കാനാവുന്നതല്ല. മനോഭാവത്തിലും സംസ്‌കാരത്തിലും മാറ്റം വരുത്തിയാല്‍ മാത്രമേ ഇത്തരം സ്ഥിതി സൃഷ്ടിക്കപ്പെടുകയുള്ളൂ. നിയമം കര്‍ശനമാക്കുന്നതിനൊപ്പം ഇത്തരം സംസ്‌കാരമാറ്റം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വനിതാ സെല്ലുകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ കുറഞ്ഞതായാണു റിപ്പോര്‍ട്ട്. പൊലിസ് സ്റ്റേഷനുകളിലെ വനിതാ ഹെല്‍പ് ഡെസ്‌കുകള്‍ സ്ത്രീകള്‍ക്ക് പൊലിസ് സ്റ്റേഷനുകളോടുള്ള ഭയമാറ്റത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വനിതാ പൊലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 11 വനിതാ പൊലിസുകാരാണ് വനിതാ സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്. നിയമപരവും മനഃശാസ്ത്രപരവുമായ സഹായം വനിതാ സെല്ലുകളില്‍ ലഭിക്കുന്നു.
സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധ പരിശീലന സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2016നെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ 2017ല്‍ കുറഞ്ഞു. 2016ല്‍ 15114 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2017 ല്‍ 14250 കേസുകളാണുണ്ടായത്. പൊലിസ് വിമര്‍ശനം നേരിടുന്ന മൂന്നാം മുറയും അഴിമതിയും കുറഞ്ഞുവരുന്നുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശനടപടി സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. മേയര്‍ വി.കെ പ്രശാന്ത്, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."