വയനാട് റെയില്‍വേ: തലശ്ശേരി-മൈസൂരു പാതക്ക് പുതിയ അലൈന്‍മെന്റ്
കല്‍പ്പറ്റ: വയനാട് റെയില്‍വേ എന്നു കേള്‍ക്കുമ്പോള്‍ വയനാട്ടുകാരന്റെ ഓര്‍മയിലെത്തുന്ന ബാംഗ്ലൂര്‍-കൊച്ചി (നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ ലിങ്ക്) ഇനി ഫയലിലുറങ്ങും.
പകരം സര്‍ക്കാരിന് കൂടി താല്‍പര്യമുള്ള തലശ്ശേരി-മൈസൂര്‍ റെയില്‍പാത ഇനി ചര്‍ച്ചകളില്‍ നിറയും. ഇന്നലെ കല്‍പ്പറ്റയില്‍ കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കവേ, ജില്ലക്കാരുടെ സ്വപ്നമായ തലശ്ശേരി മൈസൂര്‍ റെയില്‍ പാത വനമേഖല ഒഴിവാക്കി കടന്നു പോകുന്ന രീതിയില്‍ പുതിയ അലൈന്‍മെന്റ് കണ്ടെത്തിയതായും പാത സാധ്യമാക്കുന്നതിന് എല്ലാവരുടെയും പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതോടെ കേരളത്തിന് മുഴുവന്‍ പ്രയോജനം ചെയ്യുന്ന നഞ്ചന്‍കോട്- നിലമ്പൂര്‍ റെയില്‍പാത കേവലം കണ്ണൂര്‍ ജില്ലയുടെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി അട്ടിമറിക്കുകയാണെന്ന നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം ശരിവെക്കുകയാണെന്ന ആക്ഷേപം ശക്തമാകുകയാണ്.
കേന്ദ്ര ബജറ്റിലോ, സംസ്ഥാന ബജറ്റിലോ ഉള്‍പ്പെടാതിരുന്ന തലശ്ശേരി-മൈസൂര്‍ റെയില്‍പാതയാണ് ചിലര്‍ ഭരണസ്വാധീനം ഉപയോഗിച്ച് പിന്‍വാതിലിലൂടെ മുന്നോട്ടു കൊണ്ടുവന്നത്. നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിച്ച് തലശ്ശേരി-മൈസൂര്‍ റെയില്‍പാത നടപ്പാക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനമെന്നുമായിരുന്നു ആക്ഷന്‍ കമ്മിറ്റി ആരോപണം.
തലശ്ശേരി-മൈസൂര്‍ പാതക്കു വേണ്ടി 18 കോടി രൂപ മുടക്കിയാണ് കുടകു വഴി സര്‍വേ നടത്തിയത്. എന്നാല്‍ കര്‍ണാടകയില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് ഉപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് കബനീനദിക്കടിയിലൂടെ 11 കി.മീ.ലധികം തുരങ്കം നിര്‍മിച്ച് പാത നിര്‍മിക്കാനുള്ള സാധ്യതാപഠനത്തിനാണ് ഫണ്ട് അനുവദിച്ചിരുന്നത്. ഈ പഠനത്തില്‍ പുതിയ അലൈമെന്റ് കണ്ടെത്തിയതായാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ ഡി.എം.ആര്‍.സി ഉള്‍പ്പെടെ ലാഭകരമെന്ന് കണ്ടെത്തിയ നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാതക്ക് അകാലചരമമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."