ബിവറേജസ് ഔട്ട്‌ലെറ്റ് പുനഃസ്ഥാപിക്കാന്‍ നീക്കം; പ്രതിഷേധവുമായി സംഘടനകള്‍
കൊട്ടാരക്കര: സുപ്രിംകോടതിയുടെ ദൂരപരിധി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ടൗണിന്റെ ഹൃദയഭാഗത്തുനിന്നു വിജനമായ പ്രദേശത്തേക്ക് മാറ്റി സ്ഥാപിച്ച ബിവറേജസ് ഔട്ട്‌ലറ്റ് വീണ്ടും തിരികെക്കൊണ്ടുവരാന്‍ ശ്രമം. ഇതിനെതിരേ മഹിളാ കോണ്‍ഗ്രസ് അടക്കമുള്ള വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനേയും സ്വകാര്യ ബസ് സ്റ്റാന്‍ഡിനേയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ റോഡരികിലെ കെട്ടിടത്തിലായിരുന്നു കാലങ്ങളായി ബിവറേജസ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചിരുന്നത്. രണ്ടുസ്റ്റാന്‍ഡുകളും തൊട്ടടുത്തായിരുന്നാല്‍ ജനനിബഡമാണ് എപ്പോഴും ഈ റോഡ്. ഔട്ട്‌ലറ്റിന്റെ പ്രവര്‍ത്തനം ജനസഞ്ചാരത്തെ സാരമായി ബാധിച്ചിരുന്നു. പ്രത്യേകിച്ചും സ്ത്രീകളേയും കുട്ടികളേയും പരസ്യമായ മദ്യപാനവും മദ്യപാന്‍മാരുടെ അഴിഞ്ഞാട്ടവും ഇവിടെ പതിവായിരുന്നു. മോഷ്ടാക്കാളുടെയും പോക്കറ്റടിക്കാരുടെയും ഇടത്താവളം കൂടിയായിരുന്നു ഇവിടം.
യാത്രക്കാരായ സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. ചില ദിവസങ്ങളില്‍ ഔട്ട്‌ലറ്റില്‍ മദ്യ വാങ്ങാന്‍ എത്തുന്നവരുടെ നീണ്ട നിര ബസ് സ്റ്റാന്‍ഡുകള്‍വരെ നീളും. ഈ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് സ്റ്റാന്‍ഡുകളില്‍ പ്രവേശിക്കുക ബുദ്ധിമുട്ടാകും. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഔട്ട്‌ലറ്റ് ഇവിടെ നിന്നും മാറ്റണമെന്ന് വിവിധ സംഘടനകള്‍ ആവശ്യം ഉന്നയിക്കുകയും ചില സംഘടനകള്‍ പ്രത്യക്ഷ സമരം നടത്തുകയും ചെയ്തിരുന്നു.
താലൂക്ക് സഭ ഈ ആവശ്യം പ്രമേയമായി ജില്ലാകളക്ടറുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. പ്രിന്‍സിപ്പല്‍ കൗണ്‍സിലും ഇതേ ആവശ്യം ഉന്നയിക്കുകയുണ്ടായി. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ ഇനിയൊന്നും ചെവികൊണ്ടിരുന്നില്ല.
കെട്ടിട ഉടമയും കോര്‍പ്പറേഷനിലെ ചില ഉദ്യോഗസ്ഥരും തമ്മിലുണ്ടായിരുന്ന വാടക ഇടപാടിലെ അവിഹിതങ്ങളാണ് ഇതിന്റെ പിന്നിലെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. സുപ്രീം കോടതിയുടെ ദൂര പരിധി വ്യവസ്ഥ നിലവില്‍ വന്നതോടെ ഒരു വര്‍ഷം മുമ്പാണ് ഔട്ട്‌ലററ് ഇവിടെ നിന്നും മാറ്റി സ്ഥാപിച്ചത്.
ദൂരപരിധി വ്യവസ്ഥയില്‍ പിന്നീടുണ്ടായ ഇളവ് മുതലെടുത്താണ് ഔട്ട്‌ലറ്റ് വീണ്ടും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇങ്ങനെ വന്നാല്‍ ഇവിടം വീണ്ടും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ചേര്‍ന്ന് ഈ നീക്കത്തിനെതിരെ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു. നിയോജമണ്ഡലം പ്രസിഡന്റ് ആര്‍.രശ്മി അദ്ധ്യക്ഷത വഹിച്ചു. മറ്റ് നിരവധി സാമൂഹ്യ സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."