അജാനൂര്‍ പഞ്ചായത്ത്: പ്രതിപക്ഷവുമായി തര്‍ക്കം; യോഗത്തില്‍നിന്ന് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ഇറങ്ങിപ്പോയി
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് പ്രസിഡന്റ് പി. ദാമോദരനും ഭരണസമിതി അംഗങ്ങളും ഇറങ്ങി പോയി. പഞ്ചായത്ത് ഓഫിസില്‍ സേവനം ചെയ്യുന്ന കരാര്‍ ജീവനക്കാരുടെ സേവന കാലാവധിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയും സംയുക്തമായി വോട്ടെടുപ്പ് ആവശ്യപ്പെട്ടപ്പോഴാണ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചവര്‍ തന്നെ ഇറങ്ങിപ്പോക്ക് നടത്തിയത്.
ഡാറ്റ എന്‍ട്രി ഓപറേറ്ററടക്കം മുന്‍ ഭരണസമിതികാര്‍ നിയമിച്ച നാല് കരാര്‍ ജീവനക്കാരുടെ കാലാവധി ഇക്കഴിഞ്ഞ 19ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇവരുടെ സേവനം നീട്ടണമെന്ന ആവശ്യത്തില്‍ തീരുമാനമാകുന്നതിന് മുന്‍പ് പിരിച്ചുവിടാനുള്ള സെക്രട്ടറിയുടെ നീക്കത്തിനെതിരേ നാലു ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തു.
ഹൈക്കോടതി നല്‍കിയ സ്റ്റേ ഉത്തരവ് നീക്കിക്കിട്ടാന്‍ അഭിഭാഷകനെ നിയമിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ രാവിലെ അടിയന്തിര യോഗം വിളിച്ചത്. എന്നാല്‍ നാലു ജീവനക്കാരെ ഒഴിവാക്കുന്നതിനെതിരേ യു.ഡി.എഫും ബി.ജെ.പിയും നിലപാടെടുത്തു.
സി.പി.എം നിയന്ത്രണത്തില്‍ ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍ പ്രസിഡന്റായ കാലയളവിലും പിന്നീട് മുസ്‌ലിംലീഗി ലെ പി.പി നസീമ അധ്യക്ഷയായ അവസരത്തിലുമാണ് നാലു ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്. ഇത്തവണ സി.പി.എം ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷം അഞ്ചുപേരെ ആറു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുകയും ചെയ്തു.
എന്നാല്‍ മൂന്നുവര്‍ഷമായി ഇവര്‍ ജോലിയില്‍ തുടരുന്നുണ്ട്. കരാര്‍ ജീവനക്കാരെ പിരിച്ചു വിടുകയാണെങ്കില്‍ അത് നിലവിലുള്ള ഭരണസമിതി നിയമിച്ച അഞ്ചു പേര്‍ക്ക് കൂടി ബാധകമാണെന്നാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വാദം. നാല് ജീവനക്കാര്‍ ഹൈക്കോടതിയില്‍നിന്ന് നേടിയ സ്റ്റേ ഉത്തരവ് റദ്ദ് ചെയ്യാന്‍ അഭിഭാഷകനെ നിയമിക്കാനുള്ള നീക്കം പ്രതിപക്ഷം ചെറുത്തു. മാത്രമല്ല അജന്‍ഡ പാസാക്കാന്‍ വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. നിലവില്‍ പഞ്ചായത്ത് ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ല. 11 അംഗങ്ങളാണ് ഭരണപക്ഷത്തുള്ളത്. പ്രതിപക്ഷത്ത് യു.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് നാലും അംഗങ്ങളാണുള്ളത്.
വോട്ടെടുപ്പ് ആവശ്യപ്പെട്ടതോടെ അത് അംഗീകരിക്കണമെന്ന് സെക്രട്ടറിയും നിലപാടെടുത്തു. ഇതോടെ പ്രസിഡന്റും 11 അംഗ ഭരണപക്ഷവും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."