അഞ്ചുവയസുകാരന്റെ മരണം: താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ യൂത്ത്‌കോണ്‍ഗ്രസ് ഉപരോധിച്ചു
കൊട്ടാരക്കര: ശ്വാസംമുട്ടലിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് വയസുകാരന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയും ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തു. പൊലിസിന്റെ സാന്നിധ്യത്തില്‍ ആശുപത്രി സൂപ്രണ്ടുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് ഒരു മണിക്കൂറോളം നീണ്ടുനിന്ന ഉപരോധ സമരം അവസാനിപ്പിച്ചത്.
കോട്ടാത്തല തടത്തില്‍ ഭാഗം മുരുകനിവാസില്‍ രതീഷ് ആര്യ ദമ്പതികളുടെ മകന്‍ ആദി ആര്‍. കൃഷ്ണയാണ് ഞായറാഴ്ച രാത്രി ഏഴോടെ ചികിത്സയ്ക്കിടയില്‍ മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് പരിശോധകയായ വനിത ഡോക്ടര്‍ കുത്തിവയ്പ് നിര്‍ദേശിച്ചു. കുത്തിവയ്പിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ ഐ.സി.യുവിലേക്ക് മാറ്റി. വൈകിട്ട് വീണ്ടും കുത്തിവയ്പ് നടത്തി. തുടര്‍ന്ന് അവശനിലയിലായ കുട്ടിയെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് കൊട്ടാരക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏറെ താമസിയാതെ കുട്ടി മരിച്ചു. ചികിത്സാ പിഴവാണന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ഞായറാഴ്ച രാത്രിയില്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ചികിത്സിച്ച ഡോക്ടറേയും നഴ്‌സിനെയും പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോണ്‍ഗ്രസ് സമരം.
കൊട്ടാരക്കര സി.ഐ ബി ഗോപകുമാര്‍, എസ്. ഐ സി. കെ മനോജ് എന്നിവര്‍ ആശുപത്രി സൂപ്രണ്ടുമായും സമരക്കാരുമായും നടത്തിയ ചര്‍ച്ചയില്‍ ഡോക്ടറേയും നഴ്‌സിനെയും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി ഡി. എം. ഒ തലത്തില്‍ അന്വേഷണം നടത്താമെന്ന് സൂപ്രണ്ട് ഡോ. ബിജു നെല്‍സണ്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. മാര്‍ച്ചിനും ഉപരോധത്തിനും ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി. ഹരികുമാര്‍, ബ്രിജേഷ് എബ്രഹാം യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പെരുംകുളം ദിലീപ്, അജു ജോര്‍ജ്ജ്, കോണ്‍ഗ്രസ് നേതാക്കളായ ഒ. രാജന്‍, ബേബി പടിഞ്ഞാറ്റിന്‍കര, ആര്‍ രശ്മി, ശോഭ, സുഗതകുമാരി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."