അടുത്തവര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും ഫിഷറീസ് സ്‌കൂളില്‍ പ്രവേശനം: മന്ത്രി
അഴീക്കോട്: അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. അഴീക്കല്‍ സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
തീരദേശ മേഖലയിലുള്ളവര്‍ക്കു സര്‍ക്കാര്‍ നല്‍കുന്നതു മുന്തിയ പരിഗണനയാണ്. നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ചുവരികയാണ്. എല്ലാ ഫിഷറീസ് സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കാനുള്ള സംവിധാനം ഉണ്ടാക്കും. റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അടുത്തവര്‍ഷം പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ നിര്‍മിക്കും.
മറ്റു സ്‌കൂളുകള്‍ക്കു മാതൃകയാകുന്ന രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍, പഠനപദ്ധതികള്‍ തുടങ്ങിയവയില്‍ വിപുലമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അഞ്ചു ഫിഷറീസ് സ്‌കൂളുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
പി.കെ ശ്രീമതി എം.പി അധ്യക്ഷയായി. സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ ചീഫ് എന്‍ജിനിയര്‍ ബി.ടി.വി കൃഷ്ണന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.പി ജയബാലന്‍, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന, ഉത്തരമേഖലാ ഫിഷറീസ് ജോയിന്റ് ഡയരക്ടര്‍ കെ.കെ സതീഷ് കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ എം. ശ്രീകണ്ഠന്‍, പ്രധാനധ്യാപകന്‍ വി.എം ഉല്ലാസ് കുമാര്‍ പങ്കെടുത്തു. അഴീക്കല്‍ ഹൈസ്‌കൂളിനു 5.58 കോടി രൂപയാണു വകയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."