കൊവിഡ് രോഗികളുടെ വിവരം ചോര്‍ന്ന സംഭവം: ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
കാസര്‍കോട്: ജില്ലയിലെ കൊവിഡ് 19 രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കാസര്‍കോട് പള്ളിക്കര സ്വദേശി ഇംദാദ് ബ്യാരി നല്‍കിയ പൊതു താത്പര്യ ഹരജി ഫയലില്‍ സ്വീകരിച്ച് കോടതി വളരെ വേഗത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. ഇന്നലെയാണ് കോടതി അഡ്വക്കേറ്റ് മാത്യു മുഖേന നല്‍കിയ ഹരജി പരിഗണിച്ചത്.
ബ്യാരിയുടെ ബന്ധുവിന്റേത് ഉള്‍പ്പെടെ ഒട്ടനവധി രോഗികളുടെ വിവരങ്ങള്‍ ചോരുകയും ഇവരില്‍ പലരുടെയും ഫോണുകളിലേക്ക് ബംഗളൂരുവില്‍ നിന്നുള്‍പ്പെടെ കോള്‍ വരുകയും ചെയ്തിരുന്നു. കൊവിഡ് മുക്തരായി വീട്ടിലെത്തിയ പത്തിലധികം ആളുകള്‍ക്കാണ് തുടര്‍ ചികിത്സയും ഇതര പരിശോധനകളും വാഗ്ദാനം ചെയ്തു വിളിവന്നത്.
ഇതേ തുടര്‍ന്ന് ഇംദാദിന്റെ ഇമെയില്‍ മുഖേന സംസ്ഥാന മുഖ്യമന്ത്രിക്ക് കഴിഞ്ഞ മാസം 27 ന് രോഗികളായിരുന്ന ഏഴുപേര്‍ പരാതി നല്‍കിയിരുന്നു. പ്രസ്തുത സംഭവത്തില്‍ ഇംദാദിനെതിരെ വ്യാജ പരാതി നല്‍കിയെന്ന് കാണിച്ചു കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി സംബന്ധിച്ച് ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹരജി ഫയല്‍ ചെയ്തത്. ഈ മാസം 12നു കേസ് വീണ്ടും പരിഗണിക്കുമെന്നാണ് വിവരം. ഷാജി പി ചാലി, അശോക് മേനോന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."