കൂട്ടുപുഴ പാലം: കര്‍ണാടക സംഘം പരിശോധന നടത്തി
ഇരിട്ടി: അതിര്‍ത്തി തര്‍ക്കം കാരണം കൂട്ടുപുഴ പുതിയപാലം പണി പാതിവഴിയില്‍ നിലച്ചതു സംബന്ധിച്ച പ്രശ്‌നം പരിഹരിക്കണമെന്ന അപേക്ഷയില്‍ പരിശോധനയ്ക്കായി കര്‍ണാടക ഉന്നത സംഘം കൂട്ടുപുഴയില്‍ നേരിട്ട് എത്തി. കര്‍ണാടക വനം അഡീഷണല്‍ പി.സി.സി.എഫും കുടക് സര്‍ക്കിള്‍ നോഡല്‍ ഓഫിസറുമായ ജഗ്‌മോഹന്‍ ശര്‍മ, സി.സി.എഫ് ലിങ്കരാജ, മടിക്കേരി വൈല്‍ഡ് ലൈഫ് ഡി.എഫ്.ഒ ഡി. ജയാ, എസി.എഫ് ഡി.എസ് ദയാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടുപുഴ പാലം പ്രദേശത്ത് എത്തിയത്. ഇക്കാര്യത്തില്‍ വനം ഉദ്യോഗസ്ഥരുടെ മൂന്നാമത് പരിശോധനയാണ് പൂര്‍ത്തിയായത്. വനം നിയമ കാര്യങ്ങള്‍ സംബന്ധിച്ചു ചുമതലയുള്ള കര്‍ണാടക വനം മേധാവി കൂടിയാണ് ജഗ്‌മോഹന്‍ശര്‍മ. ഇവര്‍ കര്‍ണാടക വനം സെക്രട്ടറിക്ക് നല്‍കുന്ന റിപോര്‍ട്ട് അനുകൂലമാണെങ്കില്‍ കേരളത്തിന് നിരാക്ഷേപ പത്രം കിട്ടുകയും പണി തുടരാനാവുകയും ചെയ്യും.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 നാണ് കൂട്ടുപുഴ പാലം പണി കര്‍ണാടകയുടെ മാക്കൂട്ടം വനം ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയത്. ഇതിനു പിന്നാലെ കേരളം നിരാക്ഷേപ പത്രത്തിനായി നല്‍കിയ മൂന്നു അപേക്ഷകളും കര്‍ണാടകം തള്ളിയിരുന്നു. രണ്ടു മാസം മുന്‍പ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ രണ്ടാമതും എത്തി കര്‍ണാടക ഉന്നതമേധാവികളെ കണ്ടപ്പോള്‍ അപേക്ഷയോടൊപ്പേം നല്‍കിയിരുന്ന മാപ്പിലെ അവ്യക്തതയാണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് കര്‍ണാടക റവന്യു സര്‍വെ വിഭാഗത്തില്‍ നിന്നു തന്നെ പുതിയ മാപ്പ് ശേഖരിച്ച് ഓണ്‍ലൈനായി നാലാമതും നിരാക്ഷേപ പത്രത്തിനായി അപേക്ഷ നല്‍കുകയായിരുന്നു. കെ.എസ്.ടി.സി കണ്‍സല്‍ട്ടന്‍സി കമ്പിനി ഡപ്യൂട്ടി റസിഡന്റ് എന്‍ജിനിയര്‍ എസ്. അജിത്, എം.എല്‍.എയുടെ പ്രതിനിധി എം. മുഹമ്മദ് ജസീര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."