പൊലിസിലെ അടിമപ്പണി: നിയമസഭയില്‍ പ്രതിഷേധം
തിരുവനന്തപുരം: ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അടിമപ്പണി ചെയ്യേണ്ടി വരുന്ന ക്യാംപ് ഫോളോവേഴ്സിന്റെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.
കെ. മുരളീധരന്റെ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതാണ് ബഹളത്തിന് കാരണമായത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഗവാസ്കറിനെ മര്‍ദ്ദിച്ച കേസില്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളെ അറസ്റ്റുചെയ്യണമെന്നും സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ക്രമസമാധാനപാലന ചുമതലയുള്ള പൊലീസുകാര്‍ നായയെ കുളിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, പട്ടിയെ കുളിപ്പിക്കലല്ല പൊലിസിന്റെ പണിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 199 പേര്‍ക്കാണ് സുരക്ഷ ഒരുക്കുന്നത്. ഇതിനായി 335 പേരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ അടിമപ്പണിയ്ക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കും. 199 പേരില്‍ 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ കാലത്ത് ഒരു പൊലീസുകാരന്റെ കഴുത്തിനു കുത്തിപ്പിടിക്കുന്ന സ്ഥിതിവരെ ഉണ്ടായിട്ടുണ്ടെന്നും മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന്റെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സപീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു.
ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ വാക്കൗട്ട് പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."